മത്സരത്തിന്‍റെ അവസാന ഓവറുകളിൽ താൻ അനുഭവിച്ച സമ്മർദ്ദത്തെക്കുറിച്ച് സൂര്യകുമാർ തുറന്നുപറഞ്ഞു. ആരെങ്കിലും എന്‍റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ, സന്തോഷം പങ്കുവെച്ച് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു. മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിന്‍റെ ഇന്നിംഗ്‌സിനെയും ബൗളർമാരുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ആദിൽ റഷീദിനെ നേരിടാനായാണ് ശിവം ദുബെയെ നാലാം നമ്പറില്‍ അയച്ചതെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ താന്‍ സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരെ ദുബെ നാലാം നമ്പറില്‍ ഇറങ്ങുമായിരുന്നു.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനെക്കുറിച്ചും സൂര്യ വാചാലനായി.ഹാരി ബ്രൂക്കിനോട് ഞാൻ തമാശയായി ചോദിച്ചു, ഇനിയും എത്ര റൺസ് ഞങ്ങൾ അടിക്കണം നിങ്ങളെ തോൽപ്പിക്കാൻ എന്ന്. അവർ അത്രത്തോളം നന്നായി പൊരുതി. പക്ഷേ ജസ്പ്രീത് ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്. ബുമ്ര ഇന്ത്യക്ക് വേണ്ടി വർഷങ്ങളായി ചെയ്യുന്നത് ഇന്നും ആവർത്തിച്ചു. നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കളി ജയിപ്പിച്ചു.

മത്സരത്തിന്‍റെ അവസാന ഓവറുകളിൽ താൻ അനുഭവിച്ച സമ്മർദ്ദത്തെക്കുറിച്ച് സൂര്യകുമാർ തുറന്നുപറഞ്ഞു. ആരെങ്കിലും എന്‍റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ. പക്ഷേ ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇത്രയും മികച്ച ആരാധകര്‍ക്ക് മുന്നിൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി.

അക്സർ പട്ടേലും ശിവം ദുബെയും എടുത്ത തകർപ്പൻ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഫീൽഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നൽകിയത്. പരിശീലന സെഷനുകൾ രസകരവും എന്നാൽ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തിൽ ഇത്രയും മികച്ച ഫീൽഡിംഗ് പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പിച്ച ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് നേരിടുക. സമ്മർദ്ദം ഉണ്ടാകുമെങ്കിലും ടീമും സപ്പോർട്ട് സ്റ്റാഫും ആവേശത്തിലാണെന്നും കിരീടം നിലനിർത്താൻ സാധിക്കുമെന്നും സൂര്യകുമാർ യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക