ഫ്രഞ്ച് കിസ്സിന് ഫ്രഞ്ചുകാരുമായി ബന്ധമില്ല, അധരചുംബനം എന്ന് വന്നതാണ്? ചില ചുംബന വിശേഷങ്ങള്‍

First Published Sep 16, 2020, 11:25 AM IST

ചുംബനത്തിന് മനുഷ്യര്‍ക്കിടയിലും ബന്ധത്തിലുമെല്ലാമുള്ള പങ്ക് വിവരണാതീതമാണ്. വാത്സല്യവും പ്രണയവും വിരഹവും രതിയുമെല്ലാം ചുംബനത്തിന്‍റെ പങ്ക് കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, എന്നായിരിക്കും മനുഷ്യര്‍ പരസ്‍പരം ചുംബിച്ച് തുടങ്ങിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ? കണ്ടുപിടിക്കാന്‍ അല്‍പം പ്രയാസമുള്ള കാര്യമാണ്. കാരണം, എത്രയെത്രയോ കാലം മുമ്പ് തന്നെ മനുഷ്യര്‍ ചുംബിച്ചു തുടങ്ങിയിട്ടുണ്ട് അല്ലേ? അല്‍പം ചുംബന ചരിത്രം...
 

ഏതായാലും ഇന്ത്യയിലാണ് കാലങ്ങള്‍ക്ക് മുമ്പ് ചുംബനം പിറവി കൊണ്ടതെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്. മഹാഭാരതത്തിൽ സ്നേഹത്തിന്റെ പ്രകടനങ്ങളായി അധരചുംബനങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്. വർഷങ്ങളോളം വാമൊഴിയായി തലമുറകൾ പകർന്നുപോന്ന മഹാഭാരത ശ്ലോകങ്ങൾ ആദ്യമായി എഴുതിവെക്കപ്പെടുന്നത് BC 350 അടുപ്പിച്ചാണ്. ചുംബനങ്ങൾ ഒരു കലയായി കണ്ടിരുന്ന ചില നരവംശശാസ്ത്രജ്ഞരുടെ പക്ഷം, BC 326 -ൽ അലക്‌സാണ്ടർ ഇന്ത്യയിൽ അധിനിവേശം നടത്തിയതിനു പിന്നാലെയാണ്, ഗ്രീക്കുകാർ അതിൽ പ്രാവീണ്യം നേടുന്നതെന്നാണ്. AD ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വാത്സ്യായന കാമസൂത്രത്തിൽ വിവിധതരം ചുംബനങ്ങളെപ്പറ്റി ഗഹനമായിത്തന്നെ പരാമർശിക്കുന്നുണ്ടെന്നു കാണാം.
undefined
പഴയ കാലത്താണെങ്കിലും പുതിയ കാലത്താണെങ്കിലും ചുംബനത്തിന് പ്രണയത്തിനും അപ്പുറം ഒരുപാട് മാനങ്ങളുണ്ട്. ബിസിനസ്, അല്ലെങ്കില്‍ രാഷ്ട്രീയ ഡീലുകളിലെല്ലാം ഔപചാരികമായി പരസ്‍പരം ചുംബിക്കാറുണ്ട്, പ്രത്യേകിച്ച് പുരുഷന്മാര്‍. മധ്യകാലഘട്ടമായപ്പോഴേക്കും യൂറോപ്പില്‍ എല്ലാവരും പരസ്പരം ചുംബിച്ചു തുടങ്ങി. എന്നാല്‍, സാമൂഹിക ഘടനയില്‍ ചുംബിക്കുന്നതിന് ചില നിയമങ്ങളൊക്കെയുണ്ടായിരുന്നു. ഒരാള്‍ക്ക് മറ്റൊരാളുടെ ചുണ്ടില്‍ ചുംബിക്കണമെങ്കില്‍ അവരിരുവരും ഒരേ നിലയിലുള്ളവരായിരിക്കണം. തങ്ങളേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ളവരെ ചുംബിക്കണമെങ്കില്‍ കൈകളിലോ, കാല്‍മുട്ടിലോ ഒക്കെ ചുംബിക്കേണ്ടി വരും.
undefined
പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും കാത്തലിക് ചര്‍ച്ച് ചുംബനത്തെ കുറിച്ച് കുറച്ചുകൂടി ബോധ്യമുള്ളവരായി. എന്നാല്‍, പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് ചുംബനത്തിലൂടെ പ്ലേഗ് പടരാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. Pope Clement V പള്ളിയിലെ വിവിധ ചടങ്ങുകളുടെ ഭാഗമായി വിശുദ്ധ ചുംബനത്തെ കുറിച്ചും മറ്റും ഉദ്ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഹെന്‍‍റി ആറാമന്‍ പ്ലേഗ് പടരുന്ന സാഹചര്യത്തില്‍ 1439 -ല്‍ ചുംബനം നിരോധിച്ചു കളഞ്ഞു. പിന്നീട്, കൈകൊടുക്കുന്നതും മറ്റും പ്രോത്സാഹിപ്പിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടോടെ കയ്യില്‍ മുത്തുന്നതും കൈകൊടുക്കുന്നതുമെല്ലാം സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമായി.
undefined
ചുംബനം ലോകത്തിലാകെ: ഫ്രഞ്ച് കിസ്സിംഗിനെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. അനുഭവിക്കാത്തവരും കുറവായിരിക്കും. എന്നാല്‍, ഈ ഫ്രഞ്ച് കിസ് ശരിക്കും ഫ്രഞ്ചാണോ? ഗാഢമായ ഈ ചുംബനശൈലിക്ക് ഫ്രഞ്ചുകാരുമായി എന്തെങ്കിലും ബന്ധമുണ്ടോ..? ഇല്ലെന്നാണ് ഉത്തരം. അങ്ങനൊരു പ്രയോഗം തന്നെ ഫ്രഞ്ചിലില്ല. സത്യത്തിൽ അത്തരം 'അധരാധര'ചുംബനങ്ങളെ ഫ്രഞ്ചുകാർ 'സോൾ കിസ്സിങ്ങ്' എന്നുപേരിട്ടാണ് വിളിക്കുന്നത്. ആ പേരിന്റെ ഉത്ഭവം ബ്രിട്ടീഷുകാരുടെ വംശീയ വിദ്വേഷത്തിൽ നിന്നുമാണ്. അവർ ഫ്രഞ്ചുകാരെ ഭോഗാസക്തരായ ഒരു കൂട്ടം അനാർക്കിസ്റ്റുകളായാണ് മുദ്രകുത്തിയിരുന്നത്. പ്രത്യേകിച്ചും ഫ്രഞ്ച് വനിതകളുടെ ഭോഗാസക്തിയെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാകുന്നതിൽ എന്തോ പ്രത്യേക സായൂജ്യം തന്നെ ബ്രിട്ടീഷുകാർക്ക് കിട്ടിയിരുന്നു.
undefined
ഏതായാലും നാവുകള്‍ സ്‍പര്‍ശിച്ചുള്ള ഈ ചുംബനത്തിന് ഫ്രഞ്ചുകാര്‍ക്ക് സ്വന്തമായി ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. 2014 -ലാണ് നാവുകൊണ്ട് ചുംബിക്കുക എന്ന അര്‍ത്ഥത്തില്‍ galocher എന്ന വാക്കുപോലും അവരുടെ നിഖണ്ടുവില്‍ ഇടം പിടിക്കുന്നത്.
undefined
എന്നാല്‍, ലോകത്തിന്‍റെ ചിലയിടങ്ങളില്‍ ചുണ്ടോടുചുണ്ട് ചേര്‍ത്തുള്ള ചുംബനത്തെ വളരെ മോശമായി കാണുന്നവരുണ്ട്. ചില സ്ഥലങ്ങളിലാകട്ടെ ഇപ്പോഴും പബ്ലിക്കായി ചുംബിക്കുന്നത് തെറ്റായിട്ടാണ് കാണുന്നത്. എന്നാല്‍, കാണുമ്പോഴുള്ള കവിളില്‍ ചുംബിക്കലും, ആലിംഗനം ചെയ്യലുമെല്ലാം സമൂഹത്തില്‍ ഇന്ന് ഒരു പരിധി വരെ സ്വാഭാവികമായിക്കഴിഞ്ഞു. കാണുമ്പോള്‍ മൂക്ക് കവിളില്‍ തട്ടും വിധം അമര്‍ത്തുന്നതും മറ്റും പല സമൂഹത്തിലും സംസ്കാരത്തിന്‍റെ ഭാഗം വരെ ആയിക്കഴിഞ്ഞു.
undefined
എന്നാല്‍, ജപ്പാനിലേക്ക് ആദ്യകാലത്ത് യാത്ര ചെയ്തിരുന്നവര്‍ കരുതുന്നത് ജാപ്പനീസുകാര്‍ക്ക് ചുംബിക്കാന്‍ അറിയില്ലെന്നാണ്. കാരണം, അവരൊരിക്കലും ജപ്പാനിലുള്ളവര്‍ ചുംബിക്കുന്നത് കണ്ടിരുന്നില്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ജപ്പാനിലുള്ളവര്‍ ചുംബനത്തെ വളരെ അടുപ്പമുള്ളവര്‍ തമ്മില്‍, രഹസ്യമായോ, വീടിനകത്തോ ചെയ്യുന്ന സ്നേഹപ്രകടനമായിട്ടാണ് കണ്ടിരുന്നത്. കിടപ്പുമുറിക്ക് പുറത്തേക്ക് അവര്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുമില്ല.
undefined
എന്നാല്‍, യൂറോപ്പുകാരുമായി ഇടപഴകിയതിന്‍റെ ഫലമായി ഇതില്‍ ചില അയവുകളെല്ലാമുണ്ടായി. എങ്കിലും കുറച്ചുകാലം മുമ്പുവരെ പൊതുസ്ഥലത്തുവെച്ച് ആളുകള്‍ കാണ്‍കേ ചുംബിക്കുന്നതിനെ മോശമായിത്തന്നെയാണ് അവര്‍ കണ്ടിരുന്നത്. അവരുടെ ഭാഷയില്‍ ചുംബനത്തിന് ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് ഭാഷയില്‍ നിന്നുമുള്ള കിസ്സില്‍ നിന്നുമെടുത്ത 'കിസു' എന്നാണ് അവര്‍ ചുംബനത്തെ വിശേഷിപ്പിച്ചിരുന്നത്.
undefined
ചുംബനവും ഭക്ഷണമൂട്ടലും: ചില ജീവികളെല്ലാം ഭക്ഷണം ചവച്ചരച്ച് കഴിക്കാനാവാത്ത കുഞ്ഞുങ്ങള്‍ക്കായി സ്വന്തം വായിലിട്ട് ഭക്ഷണം ചവച്ചരച്ചശേഷം മക്കളുടെ വായിലേക്ക് വായകൊണ്ടുതന്നെ വച്ചുകൊടുക്കാറുണ്ട്. ഒരുപക്ഷേ, മനുഷ്യരും നേരത്തെ അങ്ങനെ ചെയ്തിരുന്നിരിക്കാം എന്നാണ് കരുതുന്നത്. അങ്ങനെയാണോ ചുംബനത്തിന്‍റെ ഉദ്ഭവം എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.
undefined
എന്നിരുന്നാലും ചുംബനം എങ്ങനെ വന്നതാണ് എന്നതിലൊന്നും കാര്യമില്ല. പകരം ചുംബനം ഒരാളെ മറ്റൊരാളിലേക്ക് അടുപ്പിച്ച് നിര്‍ത്തുന്ന സ്നേഹത്തിന്‍റെ ഏറ്റവും ഊഷ്മളമായ പ്രകടനമാണ് എന്നതില്‍ തര്‍ക്കമില്ല.
undefined
click me!