കെറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്കേന്തിയ പുരുഷാംഗനമാര്‍; ചിത്രങ്ങള്‍ കാണാം

First Published Mar 27, 2023, 4:46 PM IST

രോ സംസ്കാരവും വൈരുദ്ധ്യങ്ങളുടെ സംഗമങ്ങളാണ്. സ്ത്രീ-പുരുഷ ഭേദങ്ങള്‍ക്കും അപ്പുറത്ത് മനുഷ്യന്‍റെ മറ്റ് അസ്ഥിത്വങ്ങളെ കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് ഒരോ സമൂഹവും അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുന്നത്. അത്തരത്തില്‍ കേരളീയ സമൂഹം നിരവധി വൈരുദ്ധ്യങ്ങളുടെ സംഗമദേശം കൂടിയാണെന്ന് കാണാം. ഈ വൈരുദ്ധ്യങ്ങളെ ആണ്‍ - പെണ്‍  ദ്വന്ദ സ്വത്വത്തിലേക്ക് മാത്രമായി വിളക്കി ചേര്‍ത്തത് ബ്രിട്ടീഷ് കാലഘത്തിലെ വിക്ടോറിയന്‍ സദാചാരത്തിന് പിന്നാലെയാണ്. അപ്പോഴും ഓരോ ദേശത്തും അതാത് വൈജാത്യങ്ങളെ ചില ആചാരങ്ങളുടെ പേരില്‍ സംരക്ഷിക്കപ്പെട്ട് പോന്നിരുന്നു. അത്തരമൊരു ആചാരാനുഷ്ടാനമാണ് കൊല്ലം ജില്ലയിലെ ചവറ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പുരുഷലാംഗനമാരുടെ ആഘോഷം. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഷാരുണ്‍ എസ്. 

എല്ലാ വര്‍ഷവും മീനം 10,11 തീയതികളിലാണ് ഈ ചടങ്ങ് നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന ചമയവിളക്കിനോടനുബന്ധിച്ചാണ് പുരുഷന്മാര്‍ സ്ത്രീവേഷഭൂഷാദികളോടെ ദേവീ സന്നിധിയില്‍ എത്തുന്നത്. ഇങ്ങനെ രൂപമാറ്റം നടത്തി പ്രാര്‍ത്ഥന നടത്തുന്ന പുരുഷന്മാര്‍ 'പുരുഷാംഗനമാര്‍' എന്നാണ് അറിയപ്പെടുന്നത്. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാലിമേയ്ക്കാനെത്തിയ ബാലന്മാര്‍ ദേവീ വിഗ്രഹം കണ്ടെത്തിയ കാലത്ത്, ദിവ്യ ശിലയ്ക്ക് ചുറ്റും കുരുത്തോല കെട്ടി, കരിക്കിന്‍ തോടില്‍ വിളക്ക് തെളിച്ചെന്ന ഐതിഹ്യത്തിന്‍റെ സ്മരണയ്ക്കായാണ് ചടങ്ങ് നടത്തുന്നത്. 

ഇന്ന് അഭീഷ്ടകാരൃസിദ്ധിക്ക് വേണ്ടിയാണ് പുരുഷന്മാര്‍ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ വേഷം ധരിച്ച് ചമയ വിളക്കെടുക്കുന്നത്. ഇന്ന് നിരവധി പേരാണ് പുരുഷാംഗനമാരായി വിളക്കെടുക്കാനായെത്തുന്നത്. പണ്ട് പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി വിളക്കെടുത്തെങ്കില്‍ ഇന്ന് പ്രധാനമായും ട്രാന്‍സ്ജെന്‍റേഴ്സാണ് സ്ത്രീവേഷം ധരിച്ച്, ദേവിയ്ക്ക് മുന്നില്‍ പുരുഷാംഗനമാരായെത്തുന്നത്. 

ക്ഷേത്ര പരിസരത്ത് ഒരുക്കിയ ചമയപുരകളിലേക്ക് കയറുന്ന പുരുഷന്മാർ വേഷപ്രച്ഛന്നരായി സ്ത്രീകളായിട്ടായിരിക്കും ചമയപ്പുരകളില്‍ നിന്ന് തിരിച്ചിറങ്ങുന്നത്. പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ മാത്രമാണുള്ളത്. 

രണ്ട് ദിവസങ്ങളിലായി ഒരേ ചടങ്ങുകൾ ആവർത്തിക്കുന്നതും ഇവിടുത്തെ മാത്രം സവിശേഷതയാണ്. താലപ്പൊലി, കെട്ടുകാഴ്ച, വിളക്കെടുപ്പ് തുടങ്ങിയവയാണ് പ്രധാന ആചാരങ്ങൾ. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി വിളക്കെടുക്കുന്ന പുരുഷന്മാരെ ഒരുക്കാൻ സ്ത്രീകളും ഉത്സവപറമ്പിലേയ്ക്കെത്തും. പുലർച്ചെ വരെ നീളുന്ന നീളുന്ന വിളക്കെടുപ്പ് ഇന്ന് ഏറെ വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒരു ഉത്സവം കൂടിയാണ്. 

click me!