മോഹൻലാല്‍ വെറുതെയങ്ങ് സൂപ്പര്‍ താരമായത് അല്ല!

First Published May 4, 2020, 9:23 PM IST


മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് മോഹൻലാല്‍. മലയാളത്തിന്റെ ലാലേട്ടനായി മാറിയതില്‍ പിന്നില്‍ ഒരുപാട് വിജയഗാഥകളുണ്ട്. വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് സൂപ്പര്‍ താരമായുള്ള വളര്‍ച്ച. ആ വഴിയില്‍ മോഹൻലാലിന്റെ വിജയത്തിന്റെ വേഗതയ്‍ക്ക് കാരണം ആക്ഷൻ സിനിമകളാണ്. ചമ്മിയും വിതുമ്പിയും മോഹൻലാല്‍ ഇഷ്‍ടം സ്വന്തമാക്കിയപ്പോള്‍ ആരാധക്കൂട്ടത്തെ സൃഷ്‍ടിച്ചത്  ആക്ഷൻ രംഗങ്ങള്‍ തന്നെയാണ്. അളന്നുമുറിച്ച ചിരികള്‍ സമ്മാനിച്ച് മോഹൻലാല്‍ കൂട്ടുകൂടിയപ്പോള്‍ താളത്തോടെയുള്ള സംഘട്ടന രംഗങ്ങളായിരുന്നു സൂപ്പര്‍താരത്തിന്റെ ഇരിപ്പിടം ഒരുക്കിയത്. ആക്ഷൻ ഹീറോകളായി ജയനും സുരേഷ് ഗോപിയും ബാബു ആന്റണിയൊക്കെ മലയാള വാണിജ്യ സിനിമകളുടെ ചരിത്രത്തിലുണ്ടെങ്കിലും അവിടെയും ആദ്യ താളുകളില്‍ മോഹൻലാല്‍ ചിത്രങ്ങളുണ്ടാകും. പുലിമുരുകൻ എന്ന സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടി പറഞ്ഞ ഒരു കാര്യം സംവിധായകൻ വൈശാഖ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അവന് ആക്ഷൻ രംഗങ്ങള്‍ എന്ന് പറഞ്ഞാല്‍ ആവേശമാണ്, അവന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അതെ, മോഹൻലാല്‍ ആക്ഷൻ രംഗങ്ങളോട് കാട്ടുന്ന ആവേശം അങ്ങനെയാണ് എന്ന് പ്രേക്ഷകരും പറയുന്നു. മോഹൻലാലിന്റെ ഹിറ്റ് ആക്ഷൻ കഥാപാത്രങ്ങള്‍ ഇതാ വായനക്കാര്‍ക്കായി ഇവിടെ. വിട്ടുപോയവ പൂരിപ്പിക്കാം. ഒരു കാലത്തെ തിയറ്ററുകളിലെ ആവേശക്കാഴ്‍ചകളുടെ ഓര്‍മ്മപ്പെടുത്തലുമാവും അത്.

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതെ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”- തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ഒരു ഡയലോഗ് ആയിരുന്നു ഇത്. മോഹൻലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിക്കുകയായിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് മറ്റൊരു ഡയലോഗ്. അലര്‍ച്ചകളുടേതായിരുന്നില്ല, പതിഞ്ഞ താളത്തോടെ ഭാവത്തില്‍ ഉച്ചസ്ഥായിലേക്ക് എത്തുന്ന ഡയലോഗുകള്‍. ഷെയ്‍ഡ് നെഗറ്റീവെങ്കിലും നായകനായി നിറഞ്ഞ അധോലോക നായകനായിരുന്നു രാജാവിന്റെ മകനില്‍ മോഹൻലാല്‍. തോക്കെടുത്തും അല്ലാതെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 1986ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
undefined
പച്ചപ്പാവമായിരുന്നു ദേവനാരായണൻ. അമ്പലവാസിയായ ദേവനാരായണൻ പട്ടിണി മാറ്റാൻ ബോംബെയിലെത്തി. അധോലോകത്തിന്റെ വഴികളിലേക്കായിരുന്നു ദേവനാരായണൻ നടന്നത്. ആ വഴിയിലൂടെ നടന്നെത്തിയത് അധോലോക നായകന്റെ കസേരയിലും. ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കഥാപശ്ചാത്തലമാണ് പറഞ്ഞത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ ദേവനാരായണൻ എന്ന അധോലോക നായകൻ ആയി മോഹൻലാല്‍ സിനിമയില്‍ നിറഞ്ഞുനിന്നപ്പോള്‍ ആര്യൻ മെഗാഹിറ്റായി.
undefined
മൂന്നാംമുറ എന്ന പ്രയോഗം അന്നും ഇന്നും പൊലീസിന്റെ ക്രൂരതകളെ കുറിച്ച് പറയാനാണ് ഉപയോഗിക്കാറുള്ളത്. അങ്ങനെ ഒരു സിനിമ മോഹൻലാല്‍ നായകനായി വന്നു. കൊടും ക്രിമിനുകളെയാണ് ഒരു പൊലീസ് ഓഫീസര്‍ അടിച്ചൊതുക്കിയത്, പാവങ്ങളെയല്ല എന്ന വ്യത്യാസം മാത്രം. ബസിലെ യാത്രക്കാരെ കൊള്ളസംഘം തട്ടിക്കൊണ്ടുപോകുന്നതാണ് പ്രമേയം. പൊലീസില്‍ നിന്ന് രാജിവെച്ചിരുന്ന അലി ഇമ്രാൻ എന്ന ഓഫീസര്‍ കേസ് അന്വേഷിക്കാൻ എത്തുകയാണ്. സാഹസികമായി യാത്രക്കാരെ അലി ഇമ്രാൻ രക്ഷിക്കുകയാണ്. 1988ല്‍ റിലീസ് ചെയ്‍ത ചിത്രം എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് സംവിധാനം ചെയ്‍തത്.
undefined
സൈന്യത്തിന്റെ ഒരു ദൗത്യത്തിന്റെ കഥയായിരുന്നു അതേപേരില്‍ ഇറങ്ങിയ ചിത്രം പറഞ്ഞത്. ക്യാപ്റ്റൻ റോയി ആയിരുന്നു മോഹൻലാല്‍. ആര്‍മി വിമാനം വനത്തില്‍ തകര്‍ന്നുവീഴുകയാണ്. വിമാനത്തില്‍ ഉണ്ടായവര്‍ ബന്ധിയാക്കപ്പെടുകയും ചെയ്യുന്നു. അവരെ രക്ഷിക്കാൻ ക്യാപ്റ്റൻ റോയി എത്തുകയാണ്. വനത്തിലൂടയുള്ള സാഹസികമായ യാത്രയും ആക്ഷൻ രംഗങ്ങളും തന്നെയായിരുന്നു ദൗത്യത്തിന്റെ ആകര്‍ഷണം. ഗായത്രി അശോകന്റെ തിരക്കഥയില്‍ അനില്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. 1989ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു.
undefined
ബോംബെയില്‍ അവിചാരിതമായി ഉദിച്ചുയര്‍ന്ന അധോലക നായകനാണ് കണ്ണൻ നായര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അധോലോക നായകനായി മാറിയ ഒരു പാവം. പക്ഷേ അധോലകത്തിന്റെ നേര്‍പ്പകയുടെ ഭാഗമാകുകയായിരുന്നു കണ്ണൻ നായരും. ഒരു പ്രതികാരകഥയായിരുന്നു ഇന്ദ്രജാലം എന്ന സിനിമ പറഞ്ഞത്. കണ്ണൻ നായര്‍ എന്ന നായകനും കാര്‍ലോസ് എന്ന രാജൻ പി ദേവിന്റെ വില്ലനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് സിനിമ പറഞ്ഞത്. ആക്ഷൻ രംഗങ്ങളില്‍ മോഹൻലാല്‍ മായാജാലം കാട്ടിയ സിനിമയാണ് ഇന്ദ്രജാലം. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
undefined
സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ മോഹൻലാലിന്റെ ആക്ഷൻ സിനിമയായിരുന്നു കീര്‍ത്തിചക്ര. മേജര്‍ മഹാദേവന്റെ ദൌത്യമായിരുന്നു സിനിമയുടെ കാതല്‍. ജമ്മു കശ്‍മീര്‍ ഭീകരര്‍ക്കെതിരെ ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടമാണ് സിനിമ പറഞ്ഞത്. ഇന്ത്യൻ സൈന്യത്തിന്റെ വിജയഗാഥയായിരുന്നു ചിത്രം പറഞ്ഞത്. മേജര്‍ രവി സംവിധാനം ചെയ്‍ത ചിത്രത്തിലും ആക്ഷൻ കിംഗായി മോഹൻലാല്‍ നിറഞ്ഞുനിന്നു.
undefined
എതിര്‍പ്പുള്ളവര്‍ തല്ലിതോല്‍പ്പിക്കുക- മുള്ളൻകൊല്ലിയിലെ വേലായുധന്റെ നിയമമാണ്. വേലായുധൻ ഒരു കമ്പ് കുത്തി നിര്‍ത്തിയാല്‍ അത് മറികടക്കാൻ ആ നാട്ടില്‍ ആര്‍ക്കും അനുവാദമില്ല. ആരെങ്കിലും ശ്രമിച്ചാല്‍ തല്ലിത്തോല്‍പ്പിക്കണം. വേലായുധനെ തല്ലിത്തോല്‍പ്പിക്കാൻ പോന്നവര്‍ ആ ഗ്രാമത്തില്‍ ആരുമില്ലതാനും. നരൻ എന്ന സിനിമയിലാണ് മോഹൻലാല്‍ വേലായുധനായി എത്തിയത്. അന്ന് മോഹൻലാല്‍ കുറച്ചധികം തടിച്ച ശരീരപ്രകൃതിയിലായിരുന്നു. പക്ഷേ അതൊന്നും ആക്ഷൻ രംഗങ്ങളുടെ മികവിന് തടസമായിരുന്നില്ല. 2005ല്‍ റിലീസ് ആയ ചിത്രം മെഗാ ഹിറ്റായിരുന്നു. രഞ്‍ജൻ പ്രമോദിന്റെ തിരക്കഥയില്‍ ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
undefined
ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ. മോഹൻലാലിന്റെ ആക്ഷൻ സിനിമകളുടെ ചരിത്രത്തിലെ മറ്റൊരു തിളക്കം. സിനിമയില്‍ ആടുതോമയുടെ മുണ്ടുപറിച്ചടി എന്നൊരു പ്രയോഗം തന്നെയുണ്ട്. താളത്തോടെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ സ്‍ഫടികം എന്ന സിനിമയ്‍ക്ക് മാറ്റേകി. 1995ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ തിരക്കഥ ഡോ. ജി രാജേന്ദ്രബാബുവിന്റെതാണ്. സംവിധാനം ചെയ്‍തത് ഭദ്രനും.
undefined
അധോലോക നായകനായി മാറിയ ഹരികൃഷ്‍ണൻ ആണ് അഭിമന്യു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും ഒരു ആക്ഷൻ സിനിമ. ഹരിയണ്ണ എന്ന അധോലോക നായകനായി സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു നായകൻ. ഒപ്പം നിന്നവരെ സഹായിച്ചു. ഒടുവില്‍ അധോലോകത്തിന്റെ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. നായകൻ മരിച്ചെങ്കിലും ആദ്യാവസാനം വരെ ആകാംക്ഷ നിറഞ്ഞ ആക്ഷൻ രംഗങ്ങളാല്‍ സിനിമ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കി. ടി ദാമോദരൻ ആയിരുന്നു തിരക്കഥ എഴുതിയത്.
undefined
പുലിമുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തിളക്കമേറിയ അധ്യായം. പുലിയാണ് എതിര്‍സ്ഥാനത്ത് വരുന്നത്. പക്ഷേ കാടിന്റെ നീതിയെ വെല്ലുവിളിക്കുന്ന വില്ലനും ചിത്രത്തിലുണ്ട്. പുലിക്കെതിരെയും ഡാഡി ഗിരിജ എന്ന വില്ലനെതിരെയും മുരുകൻ നടത്തുന്ന പോരാട്ടവും അതിന്റെ വിജയവുമാണ് പുലിമുരുകൻ പറഞ്ഞത്. കരിയറില്‍ നിന്ന് വേറിട്ട തരത്തിലുള്ള ആക്ഷനായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്. പ്രായത്തിന്റെ വകവയ്‍ക്കാതെ ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ മോഹൻലാല്‍ പുലിമുരുകനായി ആക്ഷൻ രംഗങ്ങളില്‍ തിളങ്ങി. മലയാളത്തില്‍ ആദ്യമായി നൂറുകോടി സ്വന്തമാക്കിയ ചിത്രമെന്ന് ഖ്യാതിയും സ്വന്തമാക്കി. 150 കോടിയും സ്വന്തമാക്കി ചിത്രം. ഉദയ്‍ കൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
undefined
click me!