തിരശ്ശീലയില്‍ തീയണയുന്നു, ആളുമാരവവുമൊഴിയുന്നു, ഇരുട്ടും വെളിച്ചവുമടര്‍ന്ന വഴിയില്‍ ചകോരം ബാക്കിയാകുന്നു

Published : Dec 19, 2024, 12:44 PM ISTUpdated : Dec 19, 2024, 06:44 PM IST

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ പലനിറ കാഴ്ചകള്‍. എല്ലാത്തിനും സാക്ഷിയായി ഒരു ചകോരവും. ചിത്രങ്ങള്‍ കാണാം.

PREV
111
തിരശ്ശീലയില്‍ തീയണയുന്നു, ആളുമാരവവുമൊഴിയുന്നു, ഇരുട്ടും വെളിച്ചവുമടര്‍ന്ന വഴിയില്‍ ചകോരം ബാക്കിയാകുന്നു
ആളും ആരവവുമൊഴിയുന്നു

ലോകം പല സിനിമാ കഷണങ്ങളായി ചുരുങ്ങിയ ദിനരാത്രങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു. ആളും ബഹളവും നിറഞ്ഞ ദിനരാത്രങ്ങള്‍. നിറപ്പകിട്ടുള്ള കാഴ്ചകള്‍. തിയറ്ററുകളില്‍ നിറഞ്ഞ പല ദേശങ്ങള്‍, ഭാഷകള്‍, നിറങ്ങള്‍, ജീവിതത്തിരതള്ളലുകള്‍. ഒടുവില്‍ വന്നവര്‍ വന്നവര്‍ മടങ്ങിത്തുടങ്ങാന്‍ ഇനി ഒരു രാപ്പകല്‍ മാത്രം. പല കരകളില്‍നിന്നും സ്വപ്‌നങ്ങള്‍ ക്യാമറയിലാക്കിവന്ന പ്രതിഭകള്‍. സിനിമയുടെ മാന്ത്രികത കണ്ണില്‍നട്ട കാണികള്‍. ആളുകള്‍, ആരവങ്ങള്‍. എല്ലാറ്റിനുമൊടുവില്‍, ചകോരം മാത്രം ബാക്കിയാവുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖചിത്രം. ഫോട്ടോകള്‍- അജിലാല്‍. എഴുത്ത്: കെ പി റഷീദ്

211
ആദ്യത്തെ അതിഥി

ആദ്യമെത്തിയത് ചകോരമാണ്. ചലച്ചിത്രമേളയുടെ ആത്മാവ് കടഞ്ഞെടുത്ത കണ്ണുകളുമായി അത് ആളുകളെ കാത്തിരുന്നു. ഹാംലിനിലെ കുഴലൂത്തുകാരനെ പോലെ പല ദേശങ്ങളില്‍നിന്നും മനുഷ്യരെ അത് സിനിമയുടെ മാജിക്കിലേക്ക് ആവാഹിച്ചെടുത്തു.  

311
ആരവങ്ങളിലേക്ക്

ഫെസ്റ്റിവല്‍ ആരവങ്ങളിലേക്ക് തിരുവനന്തപുരം ഉണരുന്നേ ഉണ്ടായിരുന്നുള്ളൂ. പല കരകളില്‍നിന്നും മനുഷ്യര്‍ തിരക്കാഴ്ചകളുടെ മാന്ത്രികതയിലലിയാന്‍ കെട്ടുകെട്ടുന്നേ ഉണ്ടായിരുന്നുള്ളൂ. ടാഗോര്‍ തിയറ്ററിലേക്കുള്ള വഴിയില്‍ ഫെസ്റ്റിവല്‍ ഓഫീസിനു മുന്നിലായി, കറുപ്പിലും തവിട്ടു നിറത്തിലുമായി അതങ്ങനെ തലയുയര്‍ത്തിനിന്നു.

411
പല ദേശങ്ങള്‍, പല സിനിമകള്‍

പിന്നീടെത്തി ആളൊഴുക്ക്. പല ദേശങ്ങളില്‍നിന്നുള്ള വരവുകള്‍. ആറ്റുനോറ്റുണ്ടാക്കിയ സിനിമകളുമായി കടലുകള്‍ കടന്നുവന്നു, പ്രതിഭകള്‍. സിനിമയുടെ ഏറ്റവും പുതിയ ഭാവഭേദങ്ങള്‍ തൊട്ടറിയാന്‍ പല വാഹനങ്ങളിലായി കാണികള്‍.

511
തിരശ്ശീലയിലേക്കുള്ള യാത്ര

നിശാഗന്ധിയിലെ ഇരുട്ടും വെളിച്ചവും നിറഞ്ഞ സന്ധ്യയില്‍, മാന്ത്രിക ചെപ്പുകളില്‍ ഒളിഞ്ഞിരുന്ന സിനിമകളോരോന്നായി തിരശ്ശീലയിലേക്കുള്ള യാത്ര തുടങ്ങി. വംശഹത്യയുടെ മുറിവുകളില്‍നിന്നും പടര്‍ന്ന കട്ടച്ചോരയായിരുന്നു ആദ്യചിത്രം പടര്‍ന്ന തിരശ്ശീലയില്‍ ഒഴുകിയത്.

611
സ്ക്രീനുകളില്‍ നിറഞ്ഞാടി ജീവിതങ്ങള്‍

പിന്നെ വിശ്രമമില്ലായിരുന്നു. തിയറ്ററുകളിലെല്ലാം തിരശ്ശീലകള്‍ നിന്നു കത്തി. ജീവിതം പോലെ വിചിത്രമായ വൈകാരികതകള്‍ കഥാപാത്രങ്ങളെ പാവക്കൂത്തിലെന്നോണം അടയാളപ്പെടുത്തി. ആണും പെണ്ണും സ്വന്തം ജീവിതമുറിവുകളുടെ നേര്‍ക്കാഴ്‍ചയായി. കാമനകളും വേദനകളും ആനന്ദങ്ങളും പ്രണയതീക്ഷ്‍ണതകളും സ്‍ക്രീനുകളില്‍ നിറഞ്ഞാടി.

711
അനന്തമായ വരികളില്‍

അതിരാവിലെയെഴുന്നേറ്റ് പിറ്റേന്നത്തെ സിനിമാപ്പട്ടികകള്‍ കുത്തിയിരുന്ന് പഠിച്ച് അനേകം മനുഷ്യര്‍ മൊബൈല്‍ ഫോണിന്റെ ഇത്തിരിച്ചതുരത്തില്‍ സ്വന്തം ഊഴം കാത്തിരുന്നു. എട്ടു മണിയാവുമ്പോള്‍ എല്ലാവരും ഒന്നിച്ച് പല സിനിമകളിലേക്ക് ഓടിക്കയറി. തൊട്ടുപിന്നാലെ, മുമ്പേ കണ്ടുവെച്ച സിനിമകള്‍ക്കായി അനന്തമായ വരികളില്‍ ഉറുമ്പുകളായി.

811
എങ്ങും സിനിമ, തിരക്ക്

തിയറ്ററുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വികാരങ്ങളുടെ കടല്‍ക്ഷോഭങ്ങളില്‍ സ്വയം കടഞ്ഞ് ഓരോരുത്തരും സിനിമകളില്‍നിന്നും എഴുന്നേറ്റിറങ്ങി അടുത്ത ഇടങ്ങളിലേക്ക് പാഞ്ഞു. തുരുതുരാ സിനിമയുടെ വെടിയുണ്ടകളേറ്റ മനുഷ്യര്‍ വൈകിയെത്തി ഉറക്കത്തിലേക്ക് വഴുതുമ്പോള്‍, ബോധാബോധങ്ങളുടെ ഇടനാഴികളില്‍നിന്നും പല സിനിമകളിലെ ജീവിതങ്ങള്‍ കലമ്പിയെത്തി.

911
അപ്പോഴുമുണ്ടായിരുന്നു ആ സാക്ഷി

അപ്പോഴെല്ലാം, എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്നുണ്ടായിരുന്നു ചകോരം. അല്ലെങ്കിലും ജാരജന്‍മമാണ് ചകോരത്തിന്റേത്. നാട്ടിടവഴികളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, ചില്ലകളില്‍ വഴിക്കണ്ണുനട്ട്, ചുറ്റിലും നിറഞ്ഞുപതയുന്ന പ്രണയതീക്ഷ്‍ണതകളെ ഒളികണ്ണിട്ടുനോക്കലാണ് അതിന്റെ വഴി. സിനിമ നുരയുന്ന മേളയുടെ ഇടവഴികളിലും അത് ജന്‍മനിയോഗം പോലെ എല്ലാം കണ്ടുനിന്നു.

1011
അനേകം മനുഷ്യരെ കണ്ടറിഞ്ഞ്

അതിനരികിലൂടെ കലങ്ങിയൊഴുകിപ്പോയി അനേകം മനുഷ്യര്‍. അതിന്റെ വശങ്ങളില്‍നിന്നും തീയും പുകയുമായി ഉഴറിനടന്നു സിനിമകള്‍. സൗഹൃദത്തുളുമ്പലുകളും ആരോരുമില്ലാതെ ഒറ്റപ്പെട്ട് വെന്തുനടക്കുന്നവരുടെ ഉള്ളുരുക്കങ്ങളും നിര്‍മമതയോടെ അതു കണ്ടുനിന്നു. കണ്ടറിഞ്ഞു.

 

1111
ഇനി ഓര്‍മ്മയുടെ രാപ്പകലുകള്‍

പിരിയേണ്ട നേരമാകുകയാണ്. ഒരു രാപ്പകലിനപ്പുറം സിനിമാ വിളക്കുകള്‍ കെട്ടുതുടങ്ങും. അനേകം സിനിമകളുടെ തീയില്‍ വെന്തുരുകിയ മനുഷ്യര്‍ സ്വന്തം വീടകങ്ങളിലേക്ക് നടന്നു തുടങ്ങിയിട്ടുണ്ട്. പടിയിറക്കത്തിന്റെ കുതൂഹലങ്ങളിലും, അതേ നിര്‍മമതയോടെ, നിര്‍വികാരതയോടെ, എല്ലാം കുടിച്ചുവറ്റിച്ച തൃപ്‍തിയോടെ അങ്ങനെ നില്‍ക്കും, ചകോരം. ഇനി ഓര്‍മ്മയുടെ രാപ്പകലുകളായിരിക്കും.

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories