'കുട്ടി ചത്തില്ലേ' എന്ന് പോലും ചോദിച്ചു; നെഗറ്റീവ് കമന്‍റുകളെ കുറിച്ച് രാജേഷ് ചിന്നു

Published : Dec 31, 2025, 05:13 PM IST

ഡാന്‍സ് വീഡിയോകള്‍ കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്ന താര ദമ്പതികളാണ് രാജേഷും ചിന്നുവും. രാജേഷുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

PREV
18
ടിക് ടോക്കിലൂടെ യൂട്യൂബിലേയ്ക്ക്

2017 മുതല്‍ ഞങ്ങള്‍ ടിക് ടോക്കില്‍ സജ്ജീവമായിരുന്നു. ടിക് ടോക് ബാന്‍ ചെയ്തപ്പോള്‍ വിഷമം തോന്നിയെങ്കിലും അത് അനുഗ്രഹമായെന്നേ പറയാന്‍ പറ്റൂ. കാരണം അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ആക്ടീവ് ആയതും നല്ല രീതിയില്‍ വരുമാനം കിട്ടാന്‍ തുടങ്ങിയതും. പ്രത്യേകിച്ച് ബ്രാൻഡ് പ്രൊമോഷൻസൊക്കെ.

28
ഡാന്‍സ് പഠിച്ചിട്ടില്ല

ഞങ്ങള്‍ രണ്ടു പേരും ഡാന്‍സ് പഠിച്ചിട്ടില്ല. പക്ഷേ ചെറുപ്പത്തിലെ ഡാൻസ് കളിക്കാൻ ഭയങ്കര ഇഷ്ടമാണ്. വിവാഹ ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ഡാന്‍സിന് ശരിക്കും പ്രാധാന്യമുണ്ട്.

38
കോമഡി കണ്ടെന്‍റുകള്‍

ഓൺ വോയിസ് കോമഡി കണ്ടെന്‍റുകള്‍ വര്‍ക്ക് ആകാറുണ്ട്. പിന്നെ ഇപ്പോള്‍ മകനെ വെച്ച് ചില കണ്ടെന്‍റുകളൊക്കെ ചെയ്യാറുണ്ട്. എനിക്ക് ചെറുപ്പം മുതലേ അഭിനയത്തോട് താല്‍പര്യം ഉണ്ടായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ 'ഷോലെ ദി സ്ക്രാപ്പ് ഷോപ്പ്' എന്ന സിനിമയിലും ഞങ്ങള്‍ പെയറായി അഭിനയിച്ചിട്ടുണ്ട്.

48
മോന്‍ വരണമെങ്കില്‍ ഓഫറുകള്‍ മുഖ്യം!

മോന് വീഡിയോയില്‍ വരാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ അവന് എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കാമെന്ന് ഓഫർ ചെയ്താൽ പറയുന്ന പോലെയൊക്കെ അവന്‍ ചെയ്യും. അവനെ ഒന്ന് ചിരിപ്പിക്കാന്‍ തന്നെ വലിയ വാഗ്ദാനങ്ങളൊക്കെ വേണ്ടിവരാറുണ്ട്.

58
എല്ലാം ഒരു സ്വപ്നം പോലെ!

സോഷ്യൽ മീഡിയയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ലൈഫ് ഇങ്ങനെയൊന്നും ആകില്ലായിരുന്നു. മാസം ചെറിയ ഒരു വരുമാനത്തില്‍ തട്ടിയും മുട്ടിയും ജീവിച്ചു പോയേനെ. ഇടയ്ക്ക് ചിന്നുവിന്‍റെ സഹോദരനും പറഞ്ഞതായി കേട്ടു, ചേച്ചി അളിയന്‍റെ കൂടെ പോയിലായിരുന്നെങ്കില്‍ ഇത്ര നല്ലൊരു ജീവിതം കിട്ടില്ലായിരുന്നു എന്ന്. ചിന്നുവല്ലായിരുന്നു എന്‍റെ ജീവിത പങ്കാളിയെങ്കില്‍ എന്‍റെ ജീവിതവും ചിലപ്പോള്‍ ഇത്ര ബ്യൂട്ടിഫുള്‍ ആകില്ലായിരുന്നു. വീഡിയോസ് ക്രിയേറ്റ് ചെയ്യുന്നതിലും എല്ലാ കാര്യത്തിലും ചിന്നുവാണ് പിന്തുണ. ചിന്നു വന്ന ശേഷം സന്തോഷം നിറഞ്ഞ കാര്യങ്ങളെ ഉണ്ടായിട്ടൊള്ളൂ.

68
തുടക്കത്തില്‍ കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരിലായിരുന്നു കമന്‍റുകള്‍

ഞങ്ങള്‍ വളരെ നേരത്തെ കല്യാണം കഴിച്ചവരാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു കുട്ടിയെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. ഒന്ന് സെറ്റില്‍ ആയതിന് ശേഷം ആലോചിക്കാം എന്നായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്കായിരുന്നു ഞങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ താല്‍പര്യം. ചിലര്‍ കമന്‍റ് ബോക്സില്‍ കുത്തി കുത്തി ചോദിക്കാറുണ്ടായിരുന്നു കുട്ടി ആയില്ലേ എന്നൊക്കെ. ചിലപ്പോഴൊക്കെ ഞങ്ങൾ ഓപ്പൺ ആയി പറയാറുണ്ടായിരുന്നു സമയം ആവട്ടെ ദാസ എന്നൊക്കെ. ചിലര്‍ അപ്പോഴും 'പിന്നെ കിട്ടാണ്ടാവും', 'പിന്നീട് കുട്ടി വേണമെന്ന് വിചാരിച്ചാല്‍ അത് കിട്ടില്ല' എന്നൊക്കെ പറയാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇത് കാണുമ്പോള്‍ ദേഷ്യം വരും.

78
'കുട്ടി ഇല്ലാണ്ടായി പോട്ടെ' എന്നായി കമന്‍റുകള്‍

അവള്‍ ഗര്‍ഭിണിയായതിന് ശേഷവും ചിലര്‍ വെറുതേ വിട്ടില്ല. ‘കുട്ടി ഇല്ലാണ്ടായി പോട്ടെ’ എന്ന് പറഞ്ഞിട്ട് ഒരു കമന്റ് ഉണ്ടായിരുന്നു. അത് എന്നെ ശരിക്കും വേദനിപ്പിച്ചു. അവളുടെ ഡെലിവറി അടുത്തിരിക്കുന്ന സമയത്തായിരുന്നു ഇത്തരമൊരു കമന്‍റ് വരുന്നത്.

88
'ചത്തില്ലേ' എന്ന് പോലും ചോദിച്ചു

അടുത്തിടെ മോന്‍ ഒരു സ്പ്രേ കുടിച്ചിട്ട് ഹോസ്പിറ്റലിലായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോള്‍ കുഴപ്പം ഒന്നുമില്ലായിരുന്നു. കുട്ടികള്‍ ഉള്ളവര്‍ അറിഞ്ഞിരിക്കണം എന്നുള്ളതു കൊണ്ട് ഞങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. അപ്പോള്‍ ആ വീഡിയോയുടെ താഴെ വന്ന ഒരു കമന്‍റാണ് 'ചത്തില്ലേ' എന്ന്. ഫേക്ക് അക്കൗണ്ട് ആയിരിക്കും. എന്നാലും അങ്ങനെ ചോദിക്കാന്‍ തോന്നിയല്ലോ. അതിന്‍റെ റിപ്ലെ കമന്‍റില്‍ എല്ലാവരും അവരെ കുറ്റപ്പെടുത്തിയപ്പോള്‍ അവര്‍ വീണ്ടും പറയുവാ ചാവണമായിരുന്നു എന്ന്. രണ്ട് വയസ്സുള്ള ഒരു കുട്ടിയാ, അതെന്ത് ചെയ്തിട്ടാ. കുട്ടിയെ പറയുമ്പോഴാണ് ഞങ്ങള്‍ക്ക് ശരിക്കും വേദനിക്കുന്നത്.

Read more Photos on
click me!

Recommended Stories