പ്രതിഭകൾക്കു മുകളിൽ പറന്ന 'ഇഗോ'; പോർച്ചുഗലിന്‍റെ വീഴ്ചക്ക് കാരണക്കാരൻ റൊണാൾഡോ മാത്രമല്ല

Published : Jul 07, 2026, 10:14 AM IST

ലോകകപ്പിൽ നിന്നുള്ള പോർച്ചുഗലിന്റെ പുറത്താകലിന് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പ്രകടനം മാത്രമല്ല. പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ തന്ത്രപരമായ പിഴവുകളും ടീമിലെ പടലപ്പിണക്കങ്ങളും താരങ്ങളുടെ ഈഗോയും ഈ വീഴ്ചയ്ക്ക് കാരണമായി.

PREV
18
എവിടെയാണ് പിഴച്ചത്

യുവനിരയുടെ കരുത്തിൽ ലോകകപ്പ് കിരീടം സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ പോർച്ചുഗലിന് എവിടെയാണ് പിഴച്ചത്?. തോൽവിയുടെയും പുറത്താകലുകളുടെയും എല്ലാ ഭാരവും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റപ്പേരിലേക്ക് ചുരുക്കിയാൽ അതിന് പൂർണ്ണതയുണ്ടാകുമോ?. പ്രതിഭാസമ്പന്നരായ കളിക്കാരെ തന്ത്രപരമായി വിനിയോഗിക്കേണ്ട പരിശീലകൻ വെറുമൊരു താരാരാധകനായി മാറിയതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് പോർച്ചുഗലിന്‍റെ കണ്ണീർ മടക്കത്തിന് വഴിതുറന്നത്.

28
വീണ്ടും 'ക്രൂശിക്കപ്പെട്ട്' റോബർട്ടോ മാർട്ടീനസ്

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മുതൽ പോർച്ചുഗൽ ടീമിൽ പ്രകടമായിരുന്ന പോരായ്മകൾ കാണാതെ നടിച്ച പരിശീലകൻ റോബർട്ടോ മാർട്ടീനസ് തന്നെയാണ് ഈ പതനത്തിന്‍റെ ഒന്നാം പ്രതി. ബെൽജിയത്തിന്‍റെ സുവർണ്ണ തലമുറയ്ക്ക് വലിയ നിരാശ സമ്മാനിച്ച അതേ മാർട്ടീനസിന്‍റെ അക്കൗണ്ടിലേക്ക് ഇതാ പോർച്ചുഗലിന്‍റെ വൻ വീഴ്ചയും എഴുതിച്ചേർക്കപ്പെടുന്നു.

38
വേഗത നഷ്ടപ്പെട്ട ആക്രമണവും 'നിഴലായ' റൊണാൾഡോയും

ഖത്തർ ലോകകപ്പിൽ നിന്നും ഈ ലോകകപ്പിലേക്ക് എത്തുമ്പോൾ ഒരു ടീമെന്ന നിലയിൽ നാല് വർഷം മുന്നിലായിരുന്നു പോർച്ചുഗൽ. എന്നാൽ 41 വയസ്സ് പിന്നിട്ട റൊണാൾഡോയ്ക്ക് ടീമിലെ യുവനിരയുടെ വേഗതയ്ക്കൊപ്പമെത്താൻ കഴിഞ്ഞില്ല. ഇത് ടീമിന്‍റെ ആക്രമണങ്ങളുടെ ഊർജ്ജത്തെയും കളിയിലെ വേഗതയെയും ദോഷകരമായി ബാധിച്ചു. എതിർ ഗോൾമുഖത്ത് ഭീതി വിതയ്ക്കുന്ന ഷോട്ടുകൾ ഇല്ലാതെയായി. ഒരു സെൻട്രൽ സ്ട്രൈക്കർ ചെയ്യേണ്ട മിനിമം പ്രസ്സിങ് പോലും ഇതിഹാസ താരത്തിന് ചെയ്യാനായില്ല. തന്‍റെ പ്രതാപകാലത്തിന്‍റെ നിഴൽ മാത്രമായി, എതിർ പോസ്റ്റിന് മുന്നിൽ പന്തും കാത്തുനിൽക്കുന്ന റൊണാൾഡോയെയാണ് മൈതാനത്ത് കണ്ടത്.

48
റാമോസിനെ തഴഞ്ഞ ഭീരുത്വം

നോക്കൗട്ട് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരെ റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങി വിജയഗോൾ നേടിയ ഗോൺസാലോ റാമോസിന് പിന്നീട് മാർട്ടീനസ് അവസരങ്ങൾ നിഷേധിച്ചു. 2022 ലോകകപ്പിൽ റൊണാൾഡോയ്ക്ക് പകരം വന്ന് ഹാട്രിക് അടിച്ച താരമാണ് റാമോസ് എന്ന കാര്യം പരിശീലകൻ ബോധപൂർവ്വം മറന്നു. മൈതാനത്ത് പൂർണ്ണമായും നിറംമങ്ങുന്ന റൊണാൾഡോയെ തിരികെ വിളിക്കാൻ ധൈര്യമില്ലാത്ത പരിശീലകൻ ടീമിന് വലിയൊരു ബാധ്യതയായി മാറുകയായിരുന്നു.

58
റൊണാള്‍ഡോക്ക് വെറും 19 ടച്ചുകൾ

സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടി നാണക്കേടിന്‍റെ പുതിയൊരു റെക്കോർഡ് കൂടി. നിർണ്ണായകമായ നോക്കൗട്ട് മത്സരത്തിൽ സ്പെയിനെതിരെ ആദ്യ ഇലവനിൽ കളത്തിലിറങ്ങിയിട്ടും മത്സരത്തിലുടനീളം വെറും 19 തവണ മാത്രമാണ് റൊണാൾഡോയ്ക്ക് പന്തിൽ തൊടാനായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ലോകകപ്പ് കരിയറിൽ ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരങ്ങളിൽ, ഏറ്റവും കുറവ് ടച്ചുകള്‍ നടത്തി രണ്ടാമത്തെ മത്സരമെന്ന എന്ന മോശം റെക്കോർഡാണ് സ്പെയിനിനെതിരെ കുറിക്കപ്പെട്ടത്.

68
ഒരു ഗോളവസരം പോലും പേരിലില്ല

ഈ ലോകകപ്പിൽ 17 ഷോട്ടുകൾ ഉതിർത്തിട്ടും സഹതാരങ്ങൾക്ക് ഒരു ഗോൾ അവസരം പോലും സൃഷ്ടിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ (1966-ന് ശേഷം), ഒരു അവസരം പോലും സൃഷ്ടിക്കാതെ ഒരു കളിക്കാരൻ നടത്തുന്ന ഏറ്റവും കൂടുതൽ ഷോട്ടുകൾ എന്ന നാണക്കേടും ഇതോടെ റൊണാൾഡോയുടെ പേരിലായി.

78
പ്ലേ മേക്കർമാരുടെ നിറംമങ്ങലും പടലപ്പിണക്കങ്ങളും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസാമാന്യ ഫോമിൽ കളിച്ച പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസ് ദേശീയ കുപ്പായത്തിൽ പൂർണ്ണ പരാജയമായി. റൊണാൾഡോയുമായുള്ള ബ്രൂണോയുടെ സ്വരച്ചേർച്ചയില്ലായ്മ കളിയിലും നിഴലിച്ചു. ബോക്സിൽ മാത്രം ഒതുങ്ങിക്കൂടുന്ന റൊണാൾഡോയ്ക്ക് പന്ത് നൽകാൻ സഹതാരങ്ങൾ പലപ്പോഴും മടിച്ചു. റൊണാൾഡോയുടെ നിഴലായി തങ്ങൾ മാറുന്നു എന്ന തോന്നൽ യുവതാരങ്ങളെ അസ്വസ്ഥരാക്കി.ഇവിടെ കൃത്യമായി ഇടപെടേണ്ടിയിരുന്ന പരിശീലകൻ കാഴ്ചക്കാരനായി മാറി നിന്നു. മറുഭാഗത്ത്, യുവതാരങ്ങളെ മനസ്സിലാക്കേണ്ട റൊണാൾഡോ ആകട്ടെ, തനിക്ക് ഇപ്പോഴും പഴയ യുവത്വമാണെന്ന് വിശ്വസിക്കുകയും ചെയ്തു.

88
പ്രതിഭകള്‍ക്ക് മുകളില്‍ പറന്ന ഈഗോ

പ്രതിഭയ്ക്ക് മുകളിൽ കളിക്കാരുടെയും പരിശീലകന്റെയും 'ഇഗോ' പ്രതിഫലിച്ച ഒരു ടീമിന്‍റെ അനിവാര്യമായ പതനമാണിത്. പോർച്ചുഗലിന് ഒരു ടീമെന്ന നിലയിൽ ഇനിയും തിരുത്തലുകൾക്ക് അവസരമുണ്ട്, എന്നാൽ പ്രായം തളർത്തിയ സിആർ സെവന് ഇനി ഒരു തിരിച്ചുവരവിന് സമയമില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories