ഫിഫ ലോകകപ്പില്‍ പരാഗ്വെയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പരാഗ്വേ സെനറ്റര്‍ക്കെതിരെ താരം ശക്തമായി പ്രതികരിച്ചു. സെനറ്ററുടെ പരാമര്‍ശം വിവരമില്ലായ്മയും വംശീയതയുമാണെന്ന് എംബാപ്പെ പറഞ്ഞു. 

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തില്‍ വന്‍ പ്രതിഷേധം. മത്സരശേഷം പരാഗ്വേ സെനറ്റര്‍ സെലെസ്റ്റെ അമറില്ല സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ എംബാപ്പേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംബാപ്പെയുടെ മറുപടി

'സെലെസ്റ്റെ അമറില്ല, താങ്കള്‍ ഒരു നികൃഷ്ടയായ സ്ത്രീയാണ്, താങ്കള്‍ വഹിക്കുന്ന സ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല ഈ പെരുമാറ്റം. ലോകകപ്പിലുടനീളം അഭിമാനത്തോടെ പോരാടിയ പരാഗ്വേയെയല്ല താങ്കള്‍ പ്രതിനിധീകരിക്കുന്നത്. താങ്കളുടെ ഈ വിവരമില്ലായ്മയും വംശീയതയും ലോകത്തിന്റെ മുന്നില്‍ സ്വന്തം രാജ്യത്തിന്റെ പ്രതിച്ഛായയാണ് നശിപ്പിക്കുന്നത്. വെറുപ്പും വംശീയാധിക്ഷേപവും പ്രചരിപ്പിക്കാന്‍ ഇത്തരം ആളുകളെ ഒരിക്കലും അനുവദിക്കില്ല,' എംബാപ്പേ വ്യക്തമാക്കി. പരാഗ്വേയിലെ കളിക്കാരെ ഇത്തരം പരാമര്‍ശങ്ങള്‍ അപമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി

ഈ സംഭവം അതീവ ഗൗരവത്തോടെയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ കാണുന്നത്. സെനറ്ററുടെ പരാമര്‍ശങ്ങള്‍ ക്രിമിനല്‍ കുറ്റകരമാണെന്നും അസ്വീകാര്യമാണെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ പരാതി നല്‍കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഫ്രഞ്ച് ടീം ക്യാപ്റ്റന് നേരെയുണ്ടായ ഈ ആക്രമണം രാജ്യത്തെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് അസിസ്റ്റന്റ് കോച്ച് ഗയ് സ്റ്റെഫാനും സംഭവത്തെ 'നീചമായത്' എന്ന് വിശേഷിപ്പിച്ചു.

പരാഗ്വേ സര്‍ക്കാരിന്റെ നിലപാട്

വിവാദങ്ങള്‍ ശക്തമായതോടെ പരാഗ്വേ സര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് അകലം പാലിച്ചു. സെനറ്ററുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത് രാജ്യത്തിന്റെയോ ജനങ്ങളുടെയോ നിലപാടല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്തസ്സിനെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന തങ്ങളുടെ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് സെനറ്ററുടെ പ്രസ്താവനയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പരാഗ്വേ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ബസിലിയോ നൂനെസും സെനറ്ററുടെ വാക്കുകളെ തള്ളി. പരാഗ്വേന്‍ ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച അദ്ദേഹം, കായികരംഗവും രാഷ്ട്രീയവും വേറിട്ടു കാണണമെന്നും വംശീയതയെ ശക്തമായി എതിര്‍ക്കുന്നുവെന്നും പറഞ്ഞു.

YouTube video player