2026 ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചു. ലോകകപ്പ് നേടാനാകാത്ത സാഹചര്യത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ടീമിന് പുതിയൊരു നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാളസ്: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ സ്ഥാനം രാജിവെച്ചു. ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് താന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും, ആ ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണെന്നും മാര്‍ട്ടിനസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതൊരു യുഗത്തിന്റെ അന്ത്യം

''ഇതൊരു സൈക്കിളിന്റെ അന്ത്യമാണ്. ടീമിന് പുതിയൊരു ശബ്ദവും പുതിയൊരു നേതൃത്വവും ആവശ്യമാണ്. താന്‍ ടീം വിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. എന്നാല്‍ ലോകകപ്പ് വിജയിക്കാനുള്ള ലക്ഷ്യത്തില്‍ പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുന്നത് ഉചിതമാണെന്ന് തോന്നുന്നു. മൂന്നര വര്‍ഷക്കാലം പോര്‍ച്ചുഗലിനെ പരിശീലിപ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ്. നല്ല ഓര്‍മ്മകളോടെയാണ് താന്‍ മടങ്ങുന്നത്.'' മാര്‍ട്ടിനസ് പറഞ്ഞു.

സ്‌പെയിനിന്റെ വിജയം അപ്രതീക്ഷിതമായിരുന്നുവെങ്കിലും, കളിയിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് റൊണാള്‍ഡോ നടത്തിയ മുന്നേറ്റം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടഞ്ഞു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ ഷോട്ട് സ്‌പെയിനിന്റെ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് പോര്‍ച്ചുഗലിന് നിര്‍ഭാഗ്യമായി.

പന്ത് കൈവശം വെക്കുന്നതിലും (55 ശതമാനം), ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ക്കുന്നതിലും സ്‌പെയിന്‍ മുന്‍പന്തിയിലായിരുന്നു. റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം അത് വിഫലമാക്കി. ബ്രൂണോയുടെ ഒരു വോളി സൈഡ് നെറ്റിംഗില്‍ തട്ടി പുറത്തുപോയത് പോര്‍ച്ചുഗലിന്റെ നിരാശ വര്‍ദ്ധിപ്പിച്ചു.

YouTube video player