ഇന്ത്യ - പാക് പോരാട്ടം ; തീ പാറിയ ചരിത്രം

First Published Jun 16, 2019, 2:47 PM IST

ഏഷ്യയില്‍ ഒരു എല്‍ക്ലാസിക്കോ കളിയുണ്ടെങ്കില്‍ അത് ഇന്ത്യ - പാക് ക്രക്കറ്റ് മത്സരമാണ്. പോരാട്ടങ്ങള്‍ കനപ്പിക്കാന്‍ സ്വാതന്ത്രം മുതലുള്ള കൊമ്പുകോര്‍ക്കലുകള്‍. രാഷ്ട്രീയം കളിക്കളത്തിലേക്കും പടര്‍ന്നിറങ്ങിയ മത്സരങ്ങള്‍. ഹൃദയസ്തംഭനത്തോളമെത്തുന്ന പിരിമുറുക്കങ്ങള്‍. കളിക്കളത്തിന് പുറത്തുള്ള 'ചൂടി'നേക്കാള്‍ എരിതീയിലായൊരു കളിക്കളം. അവിടെ പതിനൊന്ന് പേര്‍ തമ്മില്‍ തമ്മില്‍. ഒടുവില്‍ ഒരു ജയം. അത് പരമ്പര വൈരികള്‍ തമ്മിലാകുമ്പോള്‍ കളിയുടെ 'താപോര്‍ജ്ജ'മുയരും. ഗ്യാലറികളില്‍ ആവേശങ്ങള്‍ പലതവണ കൊടുമുടി കയറും. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍. അപൂര്‍വ്വ നിമിഷങ്ങള്‍... വികാരങ്ങള്‍...

1992 ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അല്ല, ലോക ക്രിക്കറ്റിന്‍റെ തന്നെ ദൈവം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങി. അതെ തന്‍റെ 18 -ാമത്തെ വയസില്‍ സച്ചിന്‍ രമേഷ് ടെന്‍റഡുല്‍ക്കര്‍ ലോകക്കപ്പ് ക്രിക്കറ്റ് കളിച്ചു. അന്നേവരെ കളിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞവനായി. '92 ലെ ലോകകപ്പ് ആദ്യമായി പാകിസ്ഥാന്‍ സ്വന്തമാക്കി. എന്നാല്‍ പാകിസ്ഥാന് ആ മധുരത്തെക്കാള്‍ വലിയൊരു ആഘാതം നല്‍കിയത് ഇന്ത്യയായിരുന്നു. 49 ഓവറില്‍ 7 ന് 216 എന്ന ചെറിയ റണ്‍സില്‍ ഇന്ത്യയെ പാകിസ്ഥാന്‍ ഒതുക്കി നിര്‍ത്തി. അപ്പോഴും തലയെടുപ്പോടെ ആ കൊച്ചു പയ്യന്‍ തന്‍റെ ബാറ്റുമായി പതുക്കെ ഗ്യാലറിയിലേക്ക് നടന്നു. 62 ബോളില്‍ 54 റണ്ണുമായി. ഇമ്രാന്‍ഖന്‍ എന്ന അതികായനായ ക്യാപ്റ്റന്‍. ആമിര്‍ സുഹൈല്‍ മുതല്‍ സലിം മാലിക്ക് വരെയുള്ള ശക്തമായ ബാറ്റിങ്ങ് നിര. ആദ്യ ഓവറുകളില്‍ കപിലും പ്രഭാകറും വിക്കറ്റുകള്‍ കൊയ്ത് ഇന്ത്യയ്ക്ക് വഴികാട്ടി. പക്ഷേ ഒരറ്റം കാത്ത് ആമിര്‍ സൊഹൈല്‍. കപില്‍ പന്ത് പയ്യനായ സച്ചിനെ ഏല്‍പ്പിക്കുന്നു. സച്ചിന്‍റെ പന്തില്‍ ശ്രീകാന്ത് ആമിറിനെ കൈക്കുള്ളിലാക്കുന്നു. പാക് പോരാട്ടം ആ പന്തില്‍ അവസാനിച്ചു. സിഡ്നിയുടെ മൈതാനങ്ങളില്‍ ആരവമുയര്‍ന്നു. സച്ചിന്‍ സച്ചിന്‍ ... 10 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും കൊയ്ത സച്ചിന്‍ കളിയിലെ താരമായി. 48.1 ഓവറില്‍ 173 ന് എല്ലാ പാക് പടയാളികളും അന്ന് കൂടാരം കയറി. ലോകകപ്പ് നേടിയിട്ടും യുദ്ധം ജയിക്കാതെ പോയ സൈന്യമായി പാകിസ്ഥാന്‍. ഇതിനിടെ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മോറെയേ പാക് ബാറ്റ്സ് മാന്‍ ജാവേദ് മിയാന്‍ദാദ് കളിയാക്കിയത് ഏറെ വിവാദമായി.
undefined
1996 ലെ ഇന്ത്യ - പാക് ക്രിക്കറ്റ് വേള്‍ഡ് കപ്പ്. ആര് മറന്നാലും ആമിര്‍ സൊഹൈല്‍ മറക്കില്ല. രണ്ടാമത്തെ ഇന്ത്യാ - പാക് ലോകകപ്പ് മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 7 റണ്‍സിന് സ്വഞ്ചറി നഷ്ടമായ സിദ്ദു ( 93 റണ്‍സ്) വിന്‍റെ ബലത്തില്‍ 8 ന് 287 എന്ന വിജയപ്രതീക്ഷയുള്ള സ്കോര്‍ നേടി. രണ്ടാം ബാറ്റിങ്ങിനായി പാകിസ്ഥാന്‍ ഇറങ്ങിയപ്പോഴായിരുന്നു നാടകീയ നിമിഷങ്ങള്‍. 14 -ാം ഓവറിലെ ഒന്നാം പന്തില്‍ ആമിര്‍ സുഹൈല്‍ വെങ്കിടേഷ് പ്രസാദിനെ ഫോര്‍ ലൈനിലേക്ക് തട്ടിയകറ്റുന്നു. തുടര്‍ന്ന് അഞ്ചാം പന്തില്‍ ഒരു സ്റ്റെപ്പ് കയറിയ ആമിര്‍, പ്രസാദിനെ സിക്സ് ലൈന് മുകളില്‍ കടത്തി. തന്‍റെ കൊലുന്നനെയുള്ള ശരീരം പതുക്കെ ചെരിച്ച് വെങ്കിടേഷ് പ്രസാദ് ആമിര്‍ സുഹൈലിനെ നോക്കുന്നു. ബാറ്റുയര്‍ത്തിയ ആമിര്‍ സുഹൈല്‍ ഗ്രാലറി ചൂണ്ടികാണിച്ച് പ്രസാദിനോട് എന്തോ പറയുന്നു. നിശബ്ദനായ പ്രസാദിനെ നോക്കി വേദനയോടെ ബംഗളൂരുവിലെ ഗ്രാലറി തരിച്ചിരുന്നു. ഓവറിലെ അവസാന പന്തുമായി വെങ്കിടേഷ് പ്രസാദ്. പതിവുപോലെ കടന്നാക്രമിക്കാനായി ആമിര്‍ ആഞ്ഞ് വീശുന്നു. പക്ഷേ പ്രസാദിന്‍റെ ചാട്ടൂളി ആമിറിന്‍റെ വിക്കറ്റ് കൊയ്തെടുത്തു. തലതാഴ്ത്തി പാക് ക്യാപ്റ്റന്‍ ആമിര്‍ സൊഹൈല്‍ (46 പന്തില്‍ 55 റണ്‍സ്) ഡ്രസിങ്ങ് റൂമിലേക്ക് നടന്നുപോകുമ്പോള്‍ ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അന്ന് ഉയര്‍ന്ന ആരവങ്ങള്‍ ഇന്നും ബംഗളൂരുവിന്‍റെ കളിക്കളത്തെ പ്രകമ്പനം കൊള്ളിക്കുന്നു. വെങ്കിടേഷ് പ്രസാദും (3), അനില്‍ കുംബ്ലെയും ചേര്‍ന്ന് അന്ന് ആറ് പാക് കളിക്കാരെയാണ് ഗ്രാലറിയിലേക്ക് തിരിച്ചയച്ചത്. 50 ഓവര്‍ പൂര്‍ത്തിയാക്കും മുമ്പ് 49 ഓവറില്‍ 9 വിക്കറ്റിന് 248 റണ്‍സിന് പാകിസ്ഥാന് പോരാട്ടം അടിയറവെക്കേണ്ടിവന്നു.
undefined
1999 ല്‍ ദ്രാവിഡിന്‍റെ (89 പന്തില്‍ 61) കരുത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെതിരെ 227 റണ്‍സെടുത്തത്. അന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ദ്രാവിഡിന് കനത്ത പിന്തുണ നല്‍കി. വസീം അക്തറും ഷോഹീബ് അക്തറും അസര്‍ മുഹമ്മദും ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ വരിഞ്ഞു കെട്ടി. പതിവുപോലെ നിലയുറപ്പിക്കാന്‍ ഇന്ത്യ, പാകിസ്ഥാന് ഒരിഞ്ച് സ്ഥലം പോലും നല്‍കിയില്ല. മുറയ്ക്ക് വിക്കറ്റുകൊയ്ത് ഇന്ത്യന്‍ ബൗളിങ്ങ് നിര കനത്ത നാശമാണ് പാകിസ്ഥാന് മേല്‍ വിതച്ചത്. ഒരാള്‍ക്കു പോലും 50 കടക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് പ്രകടനവുമായി വെങ്കിടേഷ് പ്രസാദ് അരങ്ങ് വാണു. ശ്രീനാഥ് (3), കുംബ്ലെയും (2) കൂടെനിന്നു. പാകിസ്ഥാന്‍ 45.3 ഓവറില്‍ 180 ന് ഓള്‍ ഔട്ട്.
undefined
2003 ലെ ലോകകപ്പ് മത്സരം 36 -ാമത്തെ കളി ഏഷ്യയിലെ എല്‍ക്ലാസിക്കോ ടീമുകള്‍ തമ്മില്‍ സെഞ്ചൂറിയന്‍റെ മൈതാനത്ത് കാത്തുനിന്നു. ആദ്യം ബാറ്റിങ്ങ് ചെയ്ത പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ ആരാധകരുടെ മനസില്‍ കനല് കോരിയിട്ട് സൈദ് അന്‍വര്‍ എന്ന ചെറുപ്പക്കാരന്‍ 126 പന്തില്‍ 101 റണ്‍സ് നേടി. പാകിസ്ഥാന് 50 ഓവറില്‍ 7 വിക്കറ്റിന് 273 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ വക്കാര്‍ യൂനീസിന്‍റെ അടുത്തടുത്ത പന്തുകളില്‍ വീരേന്ദ്ര സേവാങും (21) ഗാംഗുലിയും (0) കൂടാരത്തിലേക്ക് മടങ്ങിയപ്പോള്‍ ക്രിക്കറ്റിന്‍റെ ദൈവം ഒരറ്റം കാത്ത് നിന്നു. അന്ന് 75 പന്തുകളില്‍ 130.66 ബാറ്റിങ്ങ് സ്ട്രൈക്കോടെ സ്വഞ്ചറിക്ക് രണ്ട് റണിന് മുമ്പ് സച്ചിന്‍ ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. അവസാനമായെത്തിയ യുവരാജ് സിംഗ് 53 പന്തില്‍ 50 റണ്‍സ് കൂടി ചേര്‍ത്തതോടെ ഇന്ത്യയ്ക്ക് മുന്നില്‍ വീണ്ടും പാകിസ്ഥാന് മുട്ടുമടക്കേണ്ടി വന്നു. 45.4 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. അന്ന് ഷോഹിബ് അക്തറും വഖാറും യൂനിസും കണക്കിന് വാങ്ങിച്ചു കൂട്ടി.
undefined
2011 ലെ ലോകകപ്പ്. കളിയാരാധകരുടെ നെഞ്ചില്‍ കനലുകൂട്ടി രണ്ടാം സെമീ ഫൈനല്‍, ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ സച്ചിന് ഒഴികേ ആര്‍ക്കും പാകിസ്ഥാന്‍റെ ബോളിങ്ങ് നിരയോട് പൊരുതാന്‍ കഴിഞ്ഞില്ല. സച്ചിന്‍ തന്നെ 115 ബോളില്‍ നിന്ന് 85 റണ്‍സാണ് നേടിയത്. ഒടുവില്‍ വഹാബ് റിയാസ് (5 വിക്കറ്റ്) ഇന്ത്യയെ 50 ഓവറില്‍ 260 ല്‍ ഒതുക്കി. സഹീര്‍ ഖാന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ്ങ് നിര ധോണിയുടെ തന്ത്രങ്ങള്‍ക്കായി പന്തെറിഞ്ഞു. മുറ പോലെ വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്ഥാന് വേണ്ടി അല്പമെങ്കിലും പൊരുതി നിന്നത് മിസ്ബുള്‍ ഹഖ് (76 പന്തില്‍ 56 റണ്‍സ്). അഞ്ച് ഇന്ത്യന്‍ ബൗളര്‍മാരും കൂടി ഈ രണ്ട് വിക്കറ്റ് വച്ച് പാകിസ്ഥാന്‍റെ കളിക്കാരെ 49.5 പന്തില്‍ 231 ന് ഗ്യാലറി കയറ്റി. കളിയിലെ താരമായി സച്ചിന്‍. പിന്നിട് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ സ്വന്തം മണ്ണില്‍ ലോകകീരിടം ചൂടി.
undefined
2015 ല്‍ അഡ്‍ലൈഡിന്‍റെ മൈതാനങ്ങളെ ആവേശം കൊള്ളിച്ച് ശിഖര്‍ ധവാനും വിരാട് കോഹ്ലിയും. 126 പന്തില്‍ 107 റണ്‍സ് നേടി വിരാട് കോഹ്ലി. ശിഖര്‍ ധവാന്‍ (76 പന്തില്‍ 73 റണ്‍സ്), റെയ്ന (56 പന്തില്‍ 74 റണ്‍) എന്നിവരുടെ കരുത്തില്‍ ഇന്ത്യ പാകിസ്ഥാനു മിന്നില്‍ 300 റണ്‍സിന്‍റെ മതില്‍ പണിതു. എന്നിട്ടും ഇന്ത്യന്‍ നിരയിലെ അഞ്ച് വിക്കറ്റുകള്‍ സോഹൈല്‍ ഖാന്‍ എയ്തു വീഴ്ത്തി. തുടര്‍ന്ന് പാക് ബാറ്റിങ്ങ് നിരയില്‍ നാശം വിതച്ച് ഇന്ത്യന്‍ ബൗളിങ്ങ് നിര അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടി. ഒരു വശത്ത് ഉമേശ് യാദവ് (2 വിക്കറ്റ്), മുഹമ്മദ് സമി (4) യും തകര്‍ത്താടിയപ്പോള്‍ പാക്സ്ഥാന് 47 ഓവറില്‍ കളി നിര്‍ത്തേണ്ടി വന്നു. 224 റണ്‍സ്. 76 റണ്‍സിന്‍റെ പരാജയം.
undefined
click me!