കാടിനും നാടിനും ഇടയില്‍പ്പെട്ടുപോയ കാട്ടുനായ്ക്കര്‍

First Published Aug 19, 2019, 11:45 AM IST

ഏഴെട്ട് ദിവസമായി പുത്തുമലയിലെ ദുരന്തപ്രദേശത്തായിരുന്നു... വെള്ളം നിറഞ്ഞ് പൊട്ടിയൊലിച്ചിറങ്ങിയ ഭൂമി ഒഴുക്കിക്കൊണ്ട് പോയ മനുഷ്യര്‍, വീടുകള്‍, ഗ്രാമങ്ങള്‍... രക്ഷപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍. ഇട്ടിരിക്കുന്ന വസ്ത്രവും ജീവനും മാത്രം കൈയില്‍ പിടിച്ച് ഓടി രക്ഷപ്പെട്ടവര്‍. മണ്ണിനടിയിലായ ഉറ്റവരെ അന്വേഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നവര്‍. ഓരോ മൃതദേഹവും കണ്ടെടുക്കുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലുമാണോ എന്ന്  നോക്കാനെത്തുന്നവര്‍... അതിനിടെയിലെപ്പോഴോ ആണ് അട്ടമലയിലെ കാട്ടുനായ്ക്കരെ കുറിച്ച് പറഞ്ഞ് കേട്ടത്. ഇന്നും നാട്ടുവാസികളെ കാണുമ്പോള്‍ കാട്ടിലൊളിക്കുന്ന കാട്ടുനായ്ക്കരെക്കുറിച്ച്. കാട്ടുനായ്ക്കരോട് സംസാരിക്കുന്നത് ഏറെ ശ്രമകരമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഭക്ഷണവുമായി പോയ ആളുകളുടെ കൂടെയാണ് ഞങ്ങളും അട്ടമല കയറിയത്.  ഏഷ്യാനെറ്റ് ക്യാമാറാ മാന്‍ സജയ കുമാറിന്‍റെ ചിത്രങ്ങള്‍.

കാടിറങ്ങിയ കാട്ടുനായ്ക്കര്‍ അട്ടമല വനപ്രദേശത്തോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട പാടിയിലാണ് ഇപ്പോഴും കഴിയുന്നത്. പാടിയില്‍ നിന്ന് ഇവരെ ദുരിതാശ്വാസക്യാമ്പിലേക്ക് കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
undefined
ആ പ്രദേശത്തുള്ള മറ്റൊല്ലാവരും ക്യാമ്പിലേക്ക് മാറിയപ്പോള്‍ എറാട്ട് കുണ്ട് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗക്കാർ പാടിയില്‍ തന്നെ തങ്ങുകയായിരുന്നു. ഞങ്ങള്‍ ഇവരെ കാണാനെത്തിയപ്പോള്‍ വളരെ കുറച്ച് പേരുമാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളൂ.
undefined
മറ്റുള്ളവരെല്ലാം ഞങ്ങളുടെ വരവറിഞ്ഞ് കാട്ടിലേക്ക് പിന്‍വാങ്ങിയിരുന്നു. ക്യാമറയ്ക്ക് മുന്നിലേക്ക് ഇവരെ കൊണ്ടുവരാന്‍ ഏറെ പാടുപെട്ടേണ്ടിവന്നു. അട്ടമലയ്ക്കടുത്തുള്ള വനപ്രദേശത്ത് താമസിക്കുന്ന 30 അംഗ കാട്ടുനായ്ക്ക വിഭാഗത്തിലെ സംഘമാണ്. കാലങ്ങളായി ഇവര്‍ കാട്ടിലാണ് താമസം.
undefined
സ്ഥലങ്ങള്‍ മാറി മാറി താമസിക്കുന്നവരായതിനാല്‍, കൃത്യമായ താമസ സംവിധാനങ്ങളില്ലാത്തതിനാല്‍ തന്നെ കാട്ടില്‍ എവിടെയാണ് ഇവര്‍ താമസിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കില്ല. മാത്രമല്ല നാട്ടുവാസികളുടെ ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ ഇവര്‍ ഉള്‍ക്കാട്ടിലേക്ക് ഓടിമറയും.
undefined
ഇക്കാലമത്രയും ഉണ്ടായ മഴയില്‍ കാടിറങ്ങിവരാത്തവരാണിവര്‍. എന്നാല്‍ ഇത്തവണയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവര്‍ ആകെ ഭയന്നിരിക്കുന്നു. തിരിച്ച് കാട്ടിലേക്ക് മടങ്ങാന്‍, ഇപ്പോഴിവര്‍ക്ക് ഭയമാണ്. പൊട്ടിയൊലിച്ച് വരുന്ന വെള്ളവും കാടുമാണ് കണ്‍മുന്നില്‍.
undefined
എന്നാല്‍, നാട്ടിലേക്കിറങ്ങാന്‍ അതിലും ഭയം. സ്ഥിരമായി കാണുന്ന ഫോറസ്റ്റുകാരോടും ദുരന്ത സമയത്ത് ഭക്ഷണം കൊടുത്തിരുന്ന ചിലരോടും മാത്രമാണ് ഇപ്പോള്‍ ഇവരില്‍ ചിലരെങ്കിലും സംസാരിക്കുന്നത്.
undefined
മണ്ണിടിച്ചില്‍ തുടര്‍ച്ചയാണെന്നാണ് ഇവര്‍ പറയുന്നത്. ഗോപിക്കാണെങ്കില്‍ എഴുന്നേറ്റ് നടക്കാനാകില്ല. അരയ്ക്ക് താഴെ തളര്‍ന്നിരിക്കുകയാണിയാള്‍. കാടൊഴുക്കി മലവെള്ളം വന്നപ്പോള്‍ ഗോപിയെയും എടുത്ത് ഓടിവന്നതാണ്, തകര്‍ന്ന ഉപേക്ഷിക്കപ്പെട്ട ഈ പാടിയിലേക്ക്. ഇനി എങ്ങോട്ട് പോകണമെന്നറിയില്ല.
undefined
കാടുകയറാനുള്ള പല വഴികളും അടഞ്ഞ് പോയിരിക്കുന്നു. അതിനാല്‍ തന്നെ തിരിച്ച് പോകാനുള്ള വഴി തേടുകയാണിവര്‍. ഇവര്‍ക്ക് കാട്ടില്‍ താമസിക്കുവാന്‍ യോഗ്യമായ സ്ഥലം നോക്കുകയാണെന്നും പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അറിയിക്കാമെന്നുമാണ് ഇവരോട് ഫോറസ്റ്റുകാര്‍ പറഞ്ഞത്.
undefined
മറ്റുള്ളവരെ പോലെ മസാലകളോ പഞ്ചസാരയോ മറ്റ് കൂട്ടുകളോ ഇവരുടെ ഭക്ഷണത്തിലില്ല. പകരം പച്ചക്കറികള്‍ ഉപ്പിട്ട് വേവിച്ച് കഴിക്കുകയാണ് ഇവരുടെ പതിവ്. അതുകൊണ്ട് തന്നെ മറ്റ് ക്യാമ്പുകളില്‍ എത്തിക്കുന്ന ഭക്ഷണം ഇവര്‍ക്ക് കഴിക്കാന്‍ കഴിയില്ല.
undefined
ഇതുവരെ അന്നവും കിടപ്പാടവും തന്ന കാടാണ് നിന്നനില്‍പ്പില്‍ കണ്‍മുന്നിലൂടെ ഒഴുകിയൊലിച്ച് പോയത്. ആ ഭയം ഇന്നും ഇവരുടെ കണ്ണുകളില്‍ ഉണ്ട്.
undefined
കാട്ടിലേക്കുള്ള മടക്കത്തെ അവര്‍ ഭയക്കുന്നു. എന്നാല്‍ നാട്ടിലേക്കിറങ്ങാനും കഴിയില്ല. പാടിയില്‍ കൂടുതല്‍ക്കാലം ഇങ്ങനെ ജീവിക്കാനാകില്ല. തീരുമാനമില്ലാതെ ഒരു കൂട്ടം മനുഷ്യര്‍.
undefined
ഇപ്പോള്‍ ഭക്ഷണത്തിനും കുടിവെള്ളവും ദുരിതാശ്വാസപ്രവര്‍ത്തകര്‍ എത്തിക്കും. എന്നാല്‍ എത്രനാളത്തേക്ക്. അവര്‍ക്കറിയില്ല. വനപാലകരുടെ വിളികാത്ത് നില്‍ക്കുകയാണ് കാട്ടുനായ്ക്കര്‍.
undefined
click me!