ശ്രീലങ്കയിലേക്കുള്ള സഹായ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ചെന്ന പാകിസ്ഥാൻ്റെ വാദം ഇന്ത്യ തള്ളി. അതിവേഗം അനുമതി നൽകിയെന്നും, ഓപ്പറേഷൻ സാഗർ ബന്ധു വഴി ശ്രീലങ്കയ്ക്ക് വലിയ തോതിലുള്ള സഹായം എത്തിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ദില്ലി: ഡിറ്റ്‌വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തിയിൽ കടക്കാൻ ഇന്ത്യ അതിവേഗം അനുമതി നൽകി. എന്നാൽ പാകിസ്‌ഥാൻ ഭരണകൂടത്തിൽ നിന്നുള്ള ഉന്നതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളിൽ, ഈ വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ഇന്ത്യ അനുമതി നിഷേധിച്ചെന്നായിരുന്നു വാർത്ത. ഇതിനെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചു.
25
കൈയ്യയച്ച് സഹായിക്കുന്ന ഇന്ത്യ വഴിമുടക്കുമോ?
ശ്രീലങ്കയിൽ ഇതിനോടകം ഇന്ത്യ സഹായമെത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ പാകിസ്ഥാനിൽ നിന്ന് സഹായവുമായി വിമാനം ഇന്ത്യൻ അതിർത്തി വഴി ലങ്കയിലേക്ക് പോകാൻ അനുമതി തേടിയത്. ഇന്നലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഈ അപേക്ഷയെത്തിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുൻപ് തന്നെ പാക് വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തി വഴി പോകാൻ ഇന്ത്യ അനുമതി നൽകുകയും ചെയ്തു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിട്ടും അടിയന്തിര സാഹചര്യത്തിൽ ഇന്ത്യ വഴിമുടക്കിയില്ലെന്ന വാദം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
35
ലങ്കയെ ചേർത്തുപിടിച്ച ഇന്ത്യയുടെ കരുതൽ
ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ 334 പേരാണ് ഇതുവരെ മരിച്ചത്. ഓപ്പറേഷൻ സാഗർ ബന്ധു വഴി കൊളംബോയിലേക്ക് 53 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകളിൽ നിന്ന് 9.5 ടൺ അടിയന്തര റേഷൻ ഇന്ത്യ കൈമാറി. ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 31.5 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഉടൻ ലങ്കയിൽ ഇന്ത്യ എത്തിക്കും.
മൂന്ന് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ, രണ്ട് ഭീഷ്ം ക്യൂബുകൾ, ഓൺ-സൈറ്റ് പരിശീലനത്തിനായി അഞ്ച് പേരുടെ മെഡിക്കൽ ടീം, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 80 പേരുടെ പ്രത്യേക അർബൻ സെർച്ച് ആൻഡ് റെസ്‌ക്യൂ (യുഎസ്‌എആർ) സംഘങ്ങളെയും ശ്രീലങ്കയിലേക്ക് ഇന്ത്യ അയക്കുന്നുണ്ട്. നാവികസേനയുടെ കപ്പലായ സുകന്യയിൽ (ട്രിങ്കോമലിയിൽ) 12 ടൺ ദുരിതാശ്വാസ സാമഗ്രികളും അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
55
ശ്രീലങ്കയിൽ ദുരന്തം
ഡിറ്റ്‌വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ വൻ നാശനഷ്ടം. 354 പേർ ഇതുവരെ മരിച്ചു. കാണാതായവരും നൂറ് കണക്കിനാണ്. രണ്ട് ലക്ഷത്തോളം പേരെ ദുരിതം ബാധിച്ചു. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം. ചുഴലിക്കാറ്റിൻ്റെ സ്വാധീന ഫലമായി ഒരാഴ്ചയോളം നിർത്താതെ പെയ്‌ത മഴയാണ് ശ്രീലങ്കയിൽ ദുരന്തം വിതച്ചത്.