ഒഴിവാക്കാം തെരഞ്ഞെടുപ്പ് കാലത്ത് സൂര്യാഘാതം, ഇവ ശ്രദ്ധിക്കുക; സൂര്യാഘാതമേറ്റാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത്

First Published Apr 18, 2024, 1:13 PM IST

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഉഷ്‌ണതരംഗ ഭീഷണിയും, 2024ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രത്യേക കാലാവസ്ഥാ സാഹചര്യത്തിലാണ്. എന്നാല്‍ കുടിവെള്ളവും ഫാനുകളും ക്യൂനില്‍ക്കാന്‍ തണലും അടക്കം മതിയായ എല്ലാ സൗകര്യവും രാജ്യമെമ്പാടുമുള്ള 10.5 ലക്ഷം പോളിംഗ് ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉഷ്‌ണതരംഗ സാധ്യതയെ മറികടക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദമായി അറിയാം. 

ഉഷ്‌ണതരംഗം അതിജീവിക്കാനും ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ വോട്ട് ചെയ്യാനും വിപുലമായ സൗകര്യങ്ങളാണ് ഓരോ പോളിംഗ് ബൂത്തിലും ഒരുക്കുന്നത്. 

രാജ്യത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും അവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതുപ്രകാരം കുടിവെള്ളം, ഒആര്‍എസ്, ഡിസ്പോസിബിള്‍ ഗ്ലാസ്, മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇരിപ്പിടങ്ങള്‍, തണല്‍ സൗകര്യങ്ങള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ കിറ്റ്, എന്‍സിസി, എഎസ്എസ് വളണ്ടിയര്‍മാര്‍, സ്കൗട്ട് ഗെയ്‌ഡുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള യാത്രാ സൗകര്യം, ക്യൂ മാനേജ്‌മെന്‍റ്, സൗകര്യങ്ങള്‍ ഒരുക്കാനും നിരീക്ഷിക്കാനും നോഡല്‍ ഓഫീസര്‍മാര്‍ എന്നിവ ഓരോ ബൂത്തിലുമുണ്ടാകും. 

ഇതിനൊപ്പം വോട്ടര്‍മാര്‍ ധാരാളം വെള്ളം കുടിക്കുകയും ബൂത്തിലേക്ക് വരുമ്പോള്‍ വെള്ളക്കുപ്പി കൈയില്‍ കരുതാന്‍ ശ്രദ്ധിക്കുകയും വേണം. വീട്ടില്‍ തയ്യാറാക്കിയ ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുക. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുടകളും തൊപ്പികളും എടുക്കാനും മറക്കണ്ട. കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുന്നതും പ്രധാനമാണ്. കുട്ടികളെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കാനും, വാഹനങ്ങളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും തനിച്ചിരുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

സൂര്യഘാതമേറ്റാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യഘാതം ഏറ്റാല്‍ അയാളെ തണലും തണുത്തതുമായ ഇടത്ത് കിടത്തുക. നനഞ്ഞ തുണിയുപയോഗിച്ച് ശരീരം തുടയ്ക്കുക. ശരീരം തുടര്‍ച്ചയായി തണുത്ത ജലം ഉപയോഗിച്ച് നനയ്ക്കുക. ഇങ്ങനെ ശരീരോഷ്‌മാവ് കുറയ്ക്കാനായി പരിശ്രമിക്കുക. ഒആര്‍എസോ ഉപ്പിട്ട നാരങ്ങവെള്ളമോ കുടിക്കാന്‍ നല്‍കുക. സൂര്യാഘാതം ഗുരുതരമാകാതിരിക്കാന്‍ ഉടനെ ആളെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുക. 

click me!