ഹാഥ്റസ് ബലാത്സംഗം; തീയായ് ആളിപ്പടര്‍ന്ന് പ്രതിഷേധം

First Published Oct 1, 2020, 1:52 PM IST

യുപിയിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യുപിക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അമ്മയോടൊപ്പം പുല്ലു വെട്ടാനിറങ്ങിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് സംസ്‌കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുയരുന്നത്.
undefined
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
undefined
ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
undefined
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും. എന്നാല്‍ ജില്ലാഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമം തുടങ്ങി. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പൊലീസ്, കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു.
undefined
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം ഉയരുകയാണ്. ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖര്‍ ആസാദുള്ളതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
വിജയ് ചൗക്കില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുന്‍ എംപി ഉദിത് രാജ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്പഥില്‍ കനത്ത പൊലീസ് വിന്യാസമാണ് ഉള്ളത്. ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
undefined
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രംഗത്തെത്തി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹാഥ്റസ് നിർഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.
undefined
ബോളിവുഡ് താരങ്ങളും സംഭവത്തിൽ പ്രതിഷേധങ്ങളുമായി രം​ഗത്തെത്തിയിരുന്നു. പ്രതികളെ പൊതുസമൂഹത്തിന് മുന്നിൽ വച്ച് തൂക്കി കൊല്ലണമെന്ന ആവശ്യവുമായി അക്ഷയ് കുമാർ അടക്കമുള്ള താരങ്ങളാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
undefined
ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്.
undefined
പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി.
undefined
click me!