അക്രമങ്ങള്‍ക്കിടെ ജയില്‍ചാട്ടവും; മെക്‌സിക്കോയില്‍ തടവുചാടിയത് 23 കൊടുംകുറ്റവാളികള്‍

Published : Feb 25, 2026, 05:48 PM IST

മയക്കുമരുന്ന് രാജാവിനെ വെടിവെച്ചുകൊന്നതിനു പിന്നാലെയുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ മെക്‌സിക്കോയില്‍ ജയില്‍ ചാട്ടവും. രാജ്യമാകെ സംഘര്‍ഷം വ്യാപിച്ചതിനിടെയാണ് സായുധസംഘങ്ങള്‍ ജയില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് 23 തടവുകാര്‍ രക്ഷപ്പെട്ടത്. 

PREV
19

മയക്കുമരുന്ന് കാര്‍ട്ടലുകളുടെ സ്വന്തം നാടായി അറിയപ്പെടുന്ന മെക്‌സിക്കോയിലെ മാഫിയാ തലവന്‍ എല്‍ മെഞ്ചോയെയാണ് ഞായറാഴ്ച സൈന്യം വധിച്ചത്. തുടര്‍ന്ന് രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ 20 സംസ്ഥാനങ്ങളിലും സംഘര്‍ഷം പടര്‍ന്നു. സായുധ സംഘങ്ങള്‍ തെരുവിലിറങ്ങി കണ്ണില്‍ക്കണ്ടതെല്ലാം ആക്രമിക്കുകയായിരുന്നു. അതിനിടയിലാണ് ജയിലിനു നേരെയും ആക്രമണം നടന്നത്.

29

മെക്‌സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കാര്‍ട്ടലാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍. ഇതിന്റെ നേതാവാണ് കൊല്ലപ്പെട്ട എല്‍ മെഞ്ചോ. ജാലിസ്‌കോയിലെ മലയോര പട്ടണമായ തപാല്‍പയിലെ കാടിനുള്ളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ സൈന്യം വധിച്ചത്. ഹെലിക്കോപ്റ്ററുകളും വിമാനവും ഡ്രോണുകളും ഉപയോഗിച്ചാണ് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഈ മേഖലയില്‍ സൈന്യം ഓപ്പറേഷന്‍ നടത്തിയത്.

39

അമേരിക്കയിലേക്ക് സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കാര്‍ട്ടലാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍. ലോകമാകെ ഇവര്‍ മയക്കുമരുന്ന് ബിസിനസ് നടത്തുന്നുണ്ട്. 2019-ലെ കണക്കു പ്രകാരം ഒരു ബില്യണ്‍ ഡോളറാണ് ഇവരുടെ വാര്‍ഷിക വരുമാനം. ഇരുപതിനായിരത്തിലേറെ പേര്‍ അംഗങ്ങളായ ഈ സംഘത്തിന്റെ തലവനാണ് എല്‍മെഞ്ചോ എന്നറിയപ്പെടുന്ന നെമീസിയോ ഒസെഗ്വേര സെര്‍വാന്റസ്.

49

എല്‍മെഞ്ചോയുടെ തലയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ (136 കോടി രൂപ) വിലയിട്ടിരുന്നു. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മെക്‌സിക്കന്‍ സൈന്യം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇയാളെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

59

എല്‍ മെഞ്ചോയുടെ കൊലയ്ക്കുപിന്നാലെ മെക്സിക്കോയിലെ 20 സംസ്ഥാനങ്ങളില്‍ അക്രമം വ്യാപിച്ചു. പസഫിക് തീരത്തെ ഗ്വിറേറോ മുതല്‍ വടക്കുകിഴക്കന്‍ തമൗലിപാസ് വരെ അക്രമം പടര്‍ന്നുപിടിച്ചു. നാടുനീളെ റോഡുകള്‍ തടസ്സപ്പെടുത്തി. വാഹനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. തോക്കുധാരികള്‍ തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

69

രൂക്ഷമായ അക്രമങ്ങള്‍ നടന്നത് ജാലിസ്‌കോയിലാണ്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഗൗദലജാരയില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ കടകള്‍ക്ക് തീയിട്ടു. വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ ടൂറിസ്റ്റുകളും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചു. ഇവിടം 'യുദ്ധക്കളം' പോലെ ആയെന്നാണ് സഞ്ചാരികള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

79

ഇവിടെയുള്ള ഇക്‌സ്റ്റാപ ജയിലാണ് സായുധ സംഘം ആക്രമിച്ചത്. പുറത്തുനിന്നും ജയിലിനകത്തേക്ക് വെടിവെക്കുന്നതിനിടെ, ജയില്‍ ഗേറ്റില്‍ വാഹനം ഇടിച്ചുകയറ്റുകയും സുരക്ഷാ കവാടങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്നാണ് ജയില്‍ചാട്ടമുണ്ടായത്. 23 തടവുകാര്‍ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

89

59 വയസ്സുകാരനായ എല്‍ മെഞ്ചോ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അമേരിക്കയിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍, ഫെന്റനൈല്‍ എന്നിവ കടത്തുന്ന കാര്‍ട്ടലിന്റെ തലവന്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോവാക്കനിലെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന ഇയാള്‍ കൗമാരകാലത്ത് അമേരിക്കയിലേക്ക് കടന്നു. അവിടെ വെച്ച് രണ്ട് തവണ മയക്കുമരുന്ന് കേസുകളില്‍ അകത്തായി. രണ്ടാം തവണ അമേരിക്ക ഇയാളെ മെക്സിക്കോയിലേക്ക് നാടുകടത്തി. പിന്നീട് കുറച്ചുകാലം പൊലീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ്, മയക്കുമരുന്നു കടത്തിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞത്.

99

മിച്ചോവാക്കന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മിലേനിയോ കാര്‍ട്ടലില്‍ ചേര്‍ന്ന ഇയാള്‍ അധോലോക നേതാവായി പെട്ടെന്ന് പേരെടുത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മിലേനിയോ കാര്‍ട്ടല്‍ പിളര്‍ന്നു. അതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' ഇയാള്‍ കെട്ടിപ്പടുത്തു. ഇന്ന് മെക്സിക്കോയിലെ ഏറ്റവും പ്രബലമായ ക്രിമിനല്‍ ശക്തിയാണിത്. മെക്സിക്കന്‍ മയക്കുമരുന്ന് വിപണി ഭരിച്ചിരുന്ന സിനലോവ കാര്‍ട്ടലിന്റെ തകര്‍ച്ചയോടെയാണ് എല്‍ മെഞ്ചോയും സംഘവും പ്രബലരായത്. സിനലോവ തലവന്‍ ജോക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാനെ അമേരിക്കയിലേക്ക് നാടുകടത്തിയതോടെയാണ് ആ സംഘം തകര്‍ന്നത്. തുടര്‍ന്ന്, വ്യാപാരത്തിന്റെ വലിയൊരു ഭാഗം എല്‍ മഞ്ചോ പിടിച്ചടക്കി. പിന്നീട് എല്‍ മെഞ്ചോയുടെ കാലമായിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories