കാമുകിക്കൊപ്പം വന്നത് മരണം, ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവനെ വധിച്ചതെങ്ങനെ?

Published : Feb 24, 2026, 07:18 PM IST

അമേരിക്ക 136 കോടി രൂപ തലയ്ക്ക് വിലയിട്ട ക്രിമിനല്‍. ഒളിത്താവളത്തില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം കാമുകിയെ കാണാന്‍ മോഹംവന്നു. കാമുകി കാണാന്‍ ചെന്നു. കഥ കഴിഞ്ഞു. ഇത് ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവന്‍ 'എല്‍ മെഞ്ചോ'യെ വെടിവെച്ചു കൊന്ന കഥ.

PREV
19
ഹാലിസ്‌കോ ന്യൂ ജനറേഷന്‍ മാഫിയ

വെറും ക്രിമിനലായിരുന്നില്ല എല്‍ മെഞ്ചോ. മാഫിയകളുടെ സ്വന്തംനാടായ മെക്‌സിക്കോയിലെ പുതിയ രാജക്കന്‍മാരാണ് ഹാലിസ്‌കോ ന്യൂ ജനറേഷന്‍ മാഫിയ. അവരുടെ തലവനാണ്. ടണ്‍കണക്കിന് സിന്തറ്റിക് മയക്കുമരുന്നുകള്‍ നിര്‍മിച്ച് കയറ്റിയയക്കുന്നു. 2019-ലെ കണക്കുപ്രകാരം എല്‍മെഞ്ചോയുടെ സമ്പത്ത് ഒരു ബില്യണ്‍ ഡോളറാണ്. അഥവാ 96,000 കോടിരൂപ. ഇതിലും എത്രയോ മടങ്ങാണ് ഇന്നത്തെ സമ്പത്ത്.

29
കരുണയില്ലാത്ത ക്രിമിനല്‍.

പൊലീസുകാരനില്‍നിന്നും മയക്കുമരുന്നു രാജാവായി മാറിയ ഇയാളുടെ സംഘത്തില്‍ ഇരുപതിനായിരം പേരുണ്ട്. പെണ്ണും മദ്യവും പണവുമാണ് ബലഹീനതകള്‍. ക്രൂരതയില്‍ മറ്റെല്ലാ മയക്കുമരുന്ന് രാജാക്കന്‍മാരെയും തോല്‍പ്പിക്കും. അതിബുദ്ധിമാന്‍, കൗശലക്കാരന്‍, കരുണയില്ലാത്ത ക്രിമിനല്‍. എല്‍ മെേഞ്ചായുടെ തലയ്ക്ക് അമേരിക്കയിട്ട വില 15 മില്യണ്‍ ഡോളര്‍ അഥവാ 136 കോടി രൂപ.

39
കാമുകിയെ കാണാനുണ്ടായ മോഹം

വര്‍ഷങ്ങളായി അമേരിക്കന്‍ മെക്‌സിക്കന്‍ സൈന്യങ്ങള്‍ ഇയാളെ തിരയുകയായിരുന്നു. കണ്ടുകിട്ടുക എളുപ്പമല്ല. പുതിയ ഫോട്ടോ പോലും ലഭ്യമല്ല. എത്തിപ്പെടാനാവാത്ത മലമേടുകളിലാണ് താവളങ്ങള്‍. സ്വന്തമായി രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സൈന്യവുമുണ്ട്. ഓരോ തവണ പിടിക്കാന്‍ ചെല്ലുമ്പോഴും വഴുതിപ്പോവും. എന്നിട്ടും എല്‍മെഞ്ചോ പെട്ടു. അതിനുപിന്നില്‍ ഒരു പ്രണയകഥയാണ്. ഒളിത്താവളത്തിലിരിക്കെ കാമുകിയെ കാണാനുണ്ടായ മോഹം.

49
കാമുകിയെ കാണണം.

എല്ലാം തുടങ്ങുന്നത് യു എസ് ഇന്റലിജന്‍സ് നല്‍കിയ ഒരു രഹസ്യവിവരമാണ്. ഒളിവില്‍ കഴിയുന്ന എല്‍മെഞ്ചോയ്ക്ക് കാമുകിയെ കാണണം. പൊലീസ് അന്വേഷണത്തില്‍ കാമുകി ആരെന്ന് മനസ്സിലായി. പക്ഷേ, അവരെവിടെയെന്ന് ഒരുപിടിയുമില്ല. അന്നേരം മറ്റൊരു വിവരം കിട്ടി. കാമുകിയുമായി അടുത്ത ബന്ധമുള്ള ഒരാളെ കണ്ടെത്തിയിരിക്കുന്നു. മെക്‌സിക്കന്‍ രഹസ്യപൊലീസ് അയാളെ പിന്തുടര്‍ന്നു. കഴിഞ്ഞ ആഴ്ച പുതിയൊരു വിവരം കിട്ടി. എല്‍മെഞ്ചോയുടെ കാമുകിയുമായി ഇയാള്‍ എങ്ങോട്ടോ പോവുന്നുണ്ട്.

59
സൈനിക നീക്കം

ആ യാത്ര എല്‍മെഞ്ചോയെ കാണാന്‍തന്നെ, പൊലീസ് ഉറപ്പിച്ചു. കാമുകിയെ പിന്തുടര്‍ന്ന് എല്‍മെഞ്ചോയുടെ ഒളിത്താവളത്തിലേക്ക് പോവാന്‍ തീരുമാനമായി. ഒരു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് അടിയന്തിരമായി രൂപം നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സൈനിക നീക്കം ആരംഭിച്ചു. കാമുകിയുടെ യാത്ര ഹാലിസ്‌കോ സംസ്ഥാനത്തെ തപാല്‍പയിലേക്കായിരുന്നു. മാഫിയയുടെ സ്വന്തം തട്ടകം. സാഹസിക യാത്രകള്‍ക്ക് പ്രസിദ്ധമാണവിടം. നിറയെ മരങ്ങള്‍. എത്തിപ്പെടാന്‍ ബുദ്ധിമുട്ട്.

69
അവള്‍ മാത്രം അറിഞ്ഞില്ല

മലനിരകളിലേക്ക് സൈന്യത്തെ നയിച്ചത് സത്യത്തില്‍ അവളായിരുന്നു, എല്‍മെഞ്ചോയുടെ കാമുകി. പക്ഷേ, അക്കാര്യം അവള്‍ മാത്രം അറിഞ്ഞില്ല. കാട്ടിനുള്ളിലെ ഒളിത്താവളത്തിലേക്ക് കാമുകിയെ പിന്തുടര്‍ന്ന് സൈന്യം എത്തി. അകമ്പടിയായി ഏഴ് ഹെലികോപ്റ്ററുകളും രണ്ട് ഡ്രോണുകളും ഒരു ചെറിയ വിമാനവും. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ സൈന്യം ഒളിത്താവളത്തിനടുത്തെത്തി.

79
ഒളിത്താവളം

മാഫിയാസംഘം ചെറുത്തുനിന്നു. കനത്ത വെടിവെപ്പുണ്ടായി. നിരവധി മാഫിയാ സംഘാംഗങ്ങളും 25 സൈനികരും കൊല്ലപ്പെട്ടു. പക്ഷേ, കമാന്‍ഡോകള്‍ ഒളിത്താവളം വളയുക തന്നെ ചെയ്തു. അവര്‍ 59 -കാരനായ എല്‍മെഞ്ചോയെ ജീവനോടെ പിടികൂടി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ എല്‍മെഞ്ചോ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. എന്നാല്‍, പിടികൂടിയതിനു പിന്നാലെ ഇയാളെ വധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

89
മെക്‌സിക്കോ കത്തി

മരണവാര്‍ത്ത പുറത്തുവന്നതോടെ മെക്‌സിക്കോ കത്തി. മാഫിയ തോക്കുമായി തെരുവിലിറങ്ങി. രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ 20 എണ്ണത്തിലും ആക്രമണങ്ങള്‍. മാഫിയ സൈന്യത്തെ ആക്രമിച്ചു. ദേശീയ പാതകള്‍ ഉപരോധിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാങ്കുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. വിമാനക്കമ്പനികളും ബസ് സര്‍വീസുകളും യാത്ര റദ്ദാക്കി.

99
സംഘര്‍ഷാവസ്ഥ

ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങി.സായുധ സംഘങ്ങള്‍ തെരുവുകളില്‍ റോന്ത് ചുറ്റുന്നു. കാണുന്നവരെ മുഴുവന്‍ ആക്രമിക്കുന്നു.ഇതുവരെ കൊല്ലപ്പെട്ടത് 62 പേര്‍. 70 പേര്‍ അറസ്റ്റിലായി. 34 മാഫിയാ സംഘാഗങ്ങളെ വധിച്ചു. ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories