- Home
- News
- International News
- മയക്കുമരുന്ന് രാജാവായി മാറിയ പൊലീസുകാരന്‍, കരുണയില്ലാത്ത കൊലയാളി; ആരാണ് മെക്‌സിക്കോയെ വിറപ്പിച്ച എല്‍ മെഞ്ചോ?
മയക്കുമരുന്ന് രാജാവായി മാറിയ പൊലീസുകാരന്‍, കരുണയില്ലാത്ത കൊലയാളി; ആരാണ് മെക്‌സിക്കോയെ വിറപ്പിച്ച എല്‍ മെഞ്ചോ?
മയക്കുമരുന്ന് രാജാവിന്റെ കൊലയ്ക്കുപിന്നാലെ മെക്‌സിക്കോ നിന്നുകത്തുന്നു. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ മേധാവിയായ 'എല്‍ മെഞ്ചോയെ സ്വന്തം തട്ടകത്തില്‍ പിടികൂടിയശേഷം സൈന്യം വധിക്കുകയായിരുന്നു. പിന്നാലെ, രാജ്യമെങ്ങും അക്രമസംഭവങ്ങള്‍ പടരുന്നു.

എല്‍ മെഞ്ചോ' എന്നറിയപ്പെടുന്ന നെമീസിയോ ഒസെഗ്വേര സെര്‍വാന്റസ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലിയ്ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ (136 കോടി രൂപ) വിലയിട്ടിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് മെക്‌സിക്കന്‍ സൈന്യം ഇയാളെ പിടികൂടി വധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
ലോകമെങ്ങും സിന്തറ്റിക് മയക്കുമരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന വമ്പന്‍ കാര്‍ട്ടലിന്റെ ഉടമയായ എല്‍മെഞ്ചോയുടെ ജാലിസ്‌കോ ന്യൂ ജനറേഷന്‍ സംഘത്തില്‍ 20,000 പേരുണ്ട്. കാര്‍ട്ടലിന്റെ ആസ്ഥാനമായ ജാലിസ്‌കോ സംസ്ഥാനത്തെ തപാല്‍പ നഗരത്തിലാണ് സൈനിക നടപടി നടന്നത്. മയക്കുമരുന്ന് സംഘവും സൈന്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എല്‍ മെഞ്ചോയുടെ കൊലയ്ക്കുപിന്നാലെ മെക്‌സിക്കോയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ അക്രമം വ്യാപിച്ചു. പസഫിക് തീരത്തെ ഗ്വിറേറോ മുതല്‍ വടക്കുകിഴക്കന്‍ തമൗലിപാസ് വരെ അക്രമം പടര്‍ന്നുപിടിച്ചു. നാടുനീളെ റോഡുകള്‍ തടസ്സപ്പെടുത്തി. വാഹനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. തോക്കുധാരികള്‍ തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
രൂക്ഷമായ അക്രമങ്ങള്‍ നടന്നത് ജാലിസ്‌കോയിലാണ്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഗ്വാഡലജാരയില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ കടകള്‍ക്ക് തീയിട്ടു. വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ ടൂറിസ്റ്റുകളും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവിടം 'യുദ്ധക്കളം' പോലെ ആയെന്നാണ് സഞ്ചാരികള്‍ റോയിട്ടേഴ്‌സ്‌വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ജാലിസ്‌കോയില്‍ കോഡ് റെഡ്പ്രഖ്യാപിച്ചു. പൊതുഗതാഗതം നിര്‍ത്തിവെച്ചു.
59 വയസ്സുകാരനായ എല്‍ മെഞ്ചോ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അമേരിക്കയിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍, ഫെന്റനൈല്‍ എന്നിവ കടത്തുന്ന കാര്‍ട്ടലിന്റെ തലവന്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോവാക്കനിലെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന ഇയാള്‍ കൗമാരകാലത്ത് അമേരിക്കയിലേക്ക് കടന്നു. അവിടെ വെച്ച് രണ്ട് തവണ മയക്കുമരുന്ന് കേസുകളില്‍ അകത്തായി. രണ്ടാം തവണ മെക്‌സിക്കോയിലേക്ക് നാടുകടത്തി. പിന്നീട് കുറച്ചുകാലം പൊലീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ്, മയക്കുമരുന്നു കടത്തിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞത്. ആക്രമണോത്സുകത, അതിമോഹം, ക്രൂരത, എന്നിവയിലൂടെയാണ് ഇയാള്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തത്.
മിച്ചോവാക്കന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മിലേനിയോ കാര്‍ട്ടലില്‍ ചേര്‍ന്ന ഇയാള്‍ ബുദ്ധിമാനും ക്രൂരനുമായ അധോലോക നേതാവായി പെട്ടെന്ന് പേരെടുത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മിലേനിയോ കാര്‍ട്ടല്‍ പിളര്‍ന്നു. അതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' ഇയാള്‍ കെട്ടിപ്പടുത്തു. ഇന്ന് മെക്‌സിക്കോയിലെ ഏറ്റവും പ്രബലമായ ക്രിമിനല്‍ ശക്തിയാണിത്.
മെക്‌സിക്കന്‍ മയക്കുമരുന്ന് വിപണി ഭരിച്ചിരുന്ന സിനലോവ കാര്‍ട്ടലിന്റെ തകര്‍ച്ചയോടെയാണ് എല്‍ മെഞ്ചോയും സംഘവും പ്രബലരായത്. സിനലോവ തലവന്‍ ജോക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാനെ അമേരിക്കയിലേക്ക് നാടുകടത്തിയതോടെയാണ് ആ സംഘം തകര്‍ന്നത്. തുടര്‍ന്ന്, വ്യാപാരത്തിന്റെ വലിയൊരു ഭാഗം എല്‍ മഞ്ചോ പിടിച്ചടക്കി. പിന്നീട് എല്‍ മെഞ്ചോയുടെ കാലമായിരുന്നു.
എല്‍ മെഞ്ചോയുടെ വധം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോമിന്റെ സര്‍ക്കാരിനു വലിയ വിജയമാണ്. മയക്കുമരുന്ന് സംഘങ്ങളെ ഉന്‍മൂലനം ചെയ്തില്ലെങ്കില്‍ മെക്‌സിക്കോ ആക്രമിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡഎ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മെക്‌സിക്കോ ഓപ്പറേഷനുകള്‍ നടത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

