നടുക്കിയ 9/11; ഭീകരവാദത്തിന് എതിരെ യുദ്ധം കടുപ്പിച്ച് അമേരിക്ക, ഒടുവില്‍ ബാക്കിയായത്

First Published Sep 11, 2021, 12:06 PM IST


വീണ്ടും ആ വാര്‍ഷികം ഓര്‍മ്മപ്പെടുത്തി കാലമുരുളുകയാണ്. അതെ, ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ അഭിമാന കെട്ടിടമായ വേള്‍ഡ് ട്രേഡ് സെന്‍ററിലും പ്രതിരോധത്തിന്‍റെ ചിഹ്നമായ പെന്‍റഗണിലും അല്‍ഖ്വയ്ദ തീവ്രവാദികള്‍ വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ത്തത്. ലോക പൊലീസെന്ന് സ്വയം വിശേഷിപ്പിച്ച അമേരിക്കയ്ക്ക് സ്വന്തം വീടിനുള്ളില്‍ നിന്ന് നേരിടേണ്ടിവന്ന അക്രമണത്തില്‍ നഷ്ടമായത്, ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവനാണ്. ഒറ്റ നിമിഷം കൊണ്ട് ഇത്രയും ജീവനുകള്‍ ഇല്ലാതാക്കാന്‍ ആ തീവ്രവാദികള്‍ക്ക് സാധ്യമായി. എന്നാല്‍, പിന്നീടങ്ങോട്ട് ലോകം കണ്ടത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വിശിഷ്യാ അഫ്ഗാനിലുമുള്ള അമേരിക്കന്‍ അക്രമണ പരമ്പരകളായിരുന്നു. ഏറ്റവും ഒടുവില്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് നില്‍ക്കക്കള്ളിയില്ലാതെ അമേരിക്ക ഓടിപ്പോകുമ്പോള്‍ ഈ ലോകത്ത് അവശേഷിക്കുന്നതെന്താണ് ? 

2001 സെപ്തംബര്‍ പതിനൊന്ന് ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വാഷിങ്ങ്ടണ്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന നാല് യാത്രാ വിമാനങ്ങളിലായി പത്തൊമ്പത് അല്‍ഖ്വയ്ദാ ഭീകരര്‍ കയറിപ്പറ്റി. തുടര്‍ന്ന് ആകാശത്ത് വച്ച് വിമാനം ഹൈജാക്ക് ചെയ്ത ഭീകരര്‍ രണ്ട് വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ രണ്ട് ടവറുകളിലേക്കായി ഇടിച്ചിറക്കി. 

തുടര്‍ന്ന് മറ്റൊരു വിമാനം അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് ഇടിച്ച് കയറ്റി. നാലാമത്തെ വിമാനം പെന്‍സിന്‍വാലിയിലെ ഒരു മൈതാനത്ത് തകര്‍ന്ന് വീണു. ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ഹൃദയഭാഗത്തേക്ക് ശത്രുവിന്‍റെ ആയുധം തുളഞ്ഞ് കയറി. 

ആ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 77 രാജ്യങ്ങളിലെ പൌരന്മാരുണ്ടായിരുന്നു. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്‍റെ തണലിലാണ് അക്രമണ പദ്ധി തയ്യാറായതെന്ന് അമേരിക്കന്‍ ചാരസംഘടനകള്‍ കണ്ടെത്തി. അക്രമണം നടത്തിയ 19 ഭീകരരില്‍ 15 പേര്‍ സൌദി പൌരന്മാരും രണ്ട് പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ ഈജിപ്തുക്കാനും മറ്റൊരാള്‍ ലെബണനില്‍ നിന്നുമാണെന്നും കണ്ടെത്തി. 

അങ്ങനെ, ഒസാമ ബിന്‍ലാദന്‍ എന്ന പഴയ അമേരിക്കന്‍ സഹയാത്രികന്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭീകരനായി ഉയര്‍ത്തപ്പെട്ടു. സ്വന്തം വീട്ടില്‍ ഇത്രയും വലിയ അക്രമണം നടന്നത് ലോക പൊലീസ് എന്ന 'സ്വയം പദവി'യെ അമേരിക്കയ്ക്ക് തന്നെ ഭാരമാക്കി തുടങ്ങി. പങ്കെടുത്ത ഒളിയുദ്ധങ്ങളിലെല്ലാം തോറ്റ ചരിത്രമേ അമേരിക്കയ്ക്ക് ഉണ്ടായിരുന്നൊള്ളൂവെന്നതും അവരുടെ പ്രതികാരത്തെ ഉയര്‍ത്തി. 

അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡ്യു ബുഷ് ഭീകരതയ്ക്കെതിരായ യുദ്ധത്തിന് ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. നാറ്റോ സഖ്യം അഫ്ഗാനിലേക്ക് തിരിച്ചു. അഫ്ഗാനില്‍ നിന്ന് അല്‍ഖ്വയ്ദയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ , ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധം എവിടെ എത്തി നില്‍ക്കുന്നു ? 

തകര്‍ക്കപ്പെട്ട് വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ സ്ഥാനത്ത് ഇന്ന് അതിനെക്കാള്‍ ഉയരത്തില്‍ 'ഫ്രീഡം ടവര്‍' ഉയര്‍ന്നു. പക്ഷേ ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ ഇരുപത് വര്‍ഷം മുമ്പത്തേക്കാള്‍ ഭീകരമാണെന്ന് അമേരിക്കയും തിരിച്ചറിയുന്നു. 

2018 നും 2020 നും ഇടയിൽ, ബ്രൗൺ യൂണിവേഴ്സിറ്റിയിലെ കോസ്റ്റ് ഓഫ് വാർ പ്രോജക്റ്റ് അനുസരിച്ച്, അമേരിക്ക 85 രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. 

ഇറാഖ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ നേരിട്ടോ തദ്ദേശീയ സൈന്യങ്ങള്‍ വഴിയോ അമേരിക്കൻ സൈന്യം യുദ്ധത്തിൽ ഏർപ്പെട്ടു. കെനിയ, മാലി, നൈജീരിയ, സൊമാലിയ, സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, കാമറൂൺ, ലിബിയ, നൈജർ, ടുണീഷ്യ എന്നിവിടങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്താൻ അമേരിക്കയ്ക്ക് നിയമപരമായ അധികാരം തന്നെ സെനറ്റില്‍ നിന്ന് നേടിയെടുത്തു.  

അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, പാകിസ്ഥാൻ, സൊമാലിയ, സിറിയ, യെമൻ എന്നീ ഏഴ് രാജ്യങ്ങളിൽ അമേരിക്ക നിരന്തരം  വ്യോമാക്രമണം നടത്തി. അതില്‍ കുടുതല്‍ തവണ ഡ്രോണ്‍ ആക്രമണങ്ങളും. 

പക്ഷേ അപ്പോഴൊക്കെ ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാന്‍ പലപ്പോഴും പിന്നില്‍ നിന്ന് പണിയുന്നത് അമേരിക്ക കണ്ടില്ലെന്ന് നടക്കുകയോ കാണാതെ പോകുകയോ ചെയ്തു. 

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണങ്ങളുടെ സൂത്രധാരനായ ഒസാമ ബിന്‍ലാദനെ പാകിസ്ഥാന്‍ സംരക്ഷിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍, പാകിസ്ഥാനെ അറിയിക്കുക പോലും ചെയ്യാതെ ആ രാജ്യത്ത് സ്വന്തം സൈനീകരെ ഇറക്കി ഒളിയാക്രമണം നടത്തേണ്ടിവന്നും അമേരിക്കയ്ക്ക്. 

ഏറ്റവും ഒടുവില്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കയെ പുറത്താക്കി താലിബാന്‍ സര്‍ക്കാറിനെ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് പാകിസ്ഥാനാണെന്ന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ അമേരിക്കയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന് വിജയത്തിന്‍റെ ഒരു കണിക പോലും അവകാശപ്പെടാനില്ലെന്ന് ലോകം തിരിച്ചറിയുന്നു. 

കഴിഞ്ഞ ഇരുപത് വര്‍‌ഷത്തിനിടെ അമേരിക്കൻ സൈന്യം 41 രാജ്യങ്ങളിൽ ഭീകരവിരുദ്ധ പരിശീലന പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്. ബ്രൗൺസ് വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റർനാഷണൽ ആന്‍റ് പബ്ലിക് അഫയേഴ്‌സിൽ, പ്രോജക്റ്റിന്‍റെ സഹ ഡയറക്ടർ സ്റ്റെഫാനി സാവെല്‍ , അമേരിക്ക 80-ഓളം രാജ്യങ്ങളിലെ സൈനിക, പൊലീസ് അല്ലെങ്കിൽ അതിർത്തി സേനയെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു. 

എന്നാല്‍, ഈ പരിശീലനങ്ങള്‍ എത്രമാത്രം പരാജയമാണെന്ന തെളിയിക്കുന്നതാണ് അഫ്ഗാനിസ്ഥാന്‍ സൈനികര്‍. ഇരുപത് വര്‍ഷം കൊണ്ട് കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി അമേരിക്ക പടുത്തുയര്‍ത്തിയ അഫ്ഗാന്‍ സൈന്യം, കാറുകളിലും ട്രക്കുകളിലും നടന്നുമെത്തിയ താലിബാന്‍റെ അശാസ്ത്രീയ ഗോത്ര തീവ്രവാദികള്‍ക്ക് മുന്നില്‍ ആയുധം വച്ച് നിരുപാധികം കീഴടങ്ങി. 

തങ്ങള്‍ക്ക് താത്പര്യമില്ലാതിരുന്ന ഇറാഖ് പ്രസിഡന്‍റായ സദാം ഹുസൈനെ പുറത്താക്കാന്‍ അതിനാശകരമായ രാസ - അണ്വായുധങ്ങള്‍ ഇറാഖിലുണ്ടെന്ന് ആരോപിച്ച് അമേരിക്ക ഇറാഖില്‍ അക്രമണം നടത്തി.

ഒടുവില്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ സാന്നിധ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഈ അക്രമണങ്ങളുടെ പ്രതിഫലനം വളര്‍ന്നിരിക്കുന്നുവെന്നതാണ് അഫ്ഗാനിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. 

സദാം ഹുസൈന്‍ എന്ന അതിശക്തനായ ഭരണാധികാരിയും അഭാവം ഇസ്ലാം തീവ്രവാദികള്‍ക്ക് ഇറാഖിനെ തങ്ങളുടെ വളക്കൂറുള്ള മണ്ണാക്കിമാറ്റുന്നതിന് ഏറെ സഹായിച്ചു. ഇറാഖില്‍ നിന്നും സിറിയയിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും തങ്ങളുടെ തീവ്രവാദ ശൃംഖല ഒരു ചിലന്തിവലപോലെ വ്യപിപ്പിക്കുവാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കഴിഞ്ഞു.

2001 ന് ശേഷം ഇന്നും യൂറോപ്യന്‍ അമേരിക്കന്‍ വന്‍കരകളില്‍ നടക്കുന്ന ചെറുതും വലുതുമായ തീവ്രവാദി അക്രമണങ്ങള്‍ക്ക് പിന്നില്‍ ഇത്തരം തീവ്രവാദി സംഘടനകള്‍ക്കുള്ള ശക്തമായ സാന്നിധ്യം ഇന്ന് വ്യക്തമാണ്. 

അതോടൊപ്പം ഒന്നില്‍ നിന്ന് പലതായി ഇത്തരം ഭീകരസംഘടനകള്‍ വഴിപിരിഞ്ഞതും ചെറുതും വലുതുമായ അക്രമണങ്ങള്‍ ലോകമെമ്പാടും വ്യപിപ്പിച്ചതും അമേരിക്കയുടെ ഭീകരവാദ യുദ്ധത്തിന്‍റെ അനന്തര ഫലമായിട്ടാണെന്ന് കൂടി പറയേണ്ടിവരുന്നു. 

"ഭീകരതയ്‌ക്കെതിരായ ഞങ്ങളുടെ യുദ്ധം അൽഖ്വയ്ദയിൽ നിന്നാണ് ആരംഭിക്കുന്നത്, പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല," 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം യുഎസ് മുൻ പ്രസിഡന്‍റ് ജോർജ്ജ് ഡബ്ല്യു ബുഷ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞതാണിത്. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അഫ്ഗാനില്‍ നിന്ന് താലിബാനോട് കാരാര്‍ ഒപ്പിട്ടുകൊണ്ട് അമേരിക്ക പിന്‍വാങ്ങിയിരിക്കുന്നു. 

അല്‍ഖ്വയ്ദയില്‍ നിന്ന് താലിബാനിലേക്കും ഹഖാനി ശൃംഖലയിലേക്കും ഇസ്ലാമിക് സ്റ്റേറിലേക്കും ഐഎസ്കെയിലേക്കും ബൊക്കോ ഹറാം പോലുള്ള ആഫ്രിക്കയിലെ അസംഖ്യം തീവ്രവാദ സംഘടനകളിലേക്കും ഈ ഭീകരവാദ സംഘങ്ങള്‍ പെറ്റുപെരുകി കഴിഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

സിറിയ, ലിബിയ തുടങ്ങിയ പശ്ചിമേശ്യന്‍ രാജ്യങ്ങളില്‍ ‘ഖിലാഫത്ത്’ഉയര്‍ത്താനും ഈ തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞു. 9/11 ആക്രമണത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തീവ്രവാദം ഒരു കേന്ദ്രീകൃത ഭീഷണിയല്ല. 

മറിച്ച് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലെല്ലാം വ്യാപിച്ചു കിടക്കുന്ന തികച്ചും വികേന്ദ്രീകൃതമായ പല കൂട്ടങ്ങളുടെ കൂട്ടായ്മയായി മാറിയിരിക്കുന്നു. 

മാറിയ സാഹചര്യത്തില്‍ പാകിസ്ഥാനും ചൈനയും പോലുള്ള ചില രാജ്യങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ക്കായി താലിബാനെ അംഗീകരിക്കാനും അവരുമായി സഹകരിക്കാനും തയ്യാറെടുക്കുമ്പോള്‍ മനുഷ്യന്‍ ഇതുവരെയ്ക്കും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിരുന്ന 'സംസ്കാരം' എന്ന പദത്തിന് പോലും അര്‍ത്ഥ ശൂന്യത കൈവരുന്നു. ഈ മതതീവ്രവാദം സൃഷ്ടിച്ചതാകട്ടെ കോടിക്കണക്കിന് അഭയാര്‍ത്ഥികളെയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!