കറാച്ചിയിൽ നിന്ന് വെറും 200 നോട്ടിക്കൽ മൈലും പാക്കിസ്ഥാൻ നിയന്ത്രിത വ്യോമാതിർത്തിയിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ മാത്രം അകലെയുമാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്
ദില്ലി: പാക്കിസ്ഥാൻ വ്യേമാതിർത്തിക്ക് തൊട്ടടുത്ത്, അറബിക്കടലിനു മുകളിൽ വമ്പൻ വ്യോമാഭ്യാസം നടത്താൻ തീരുമാനിച്ച് ഇന്ത്യൻ വ്യോമസേന. ഈ വരുന്ന ഡിസംബർ 10, 11 തീയതികളിലായിരിക്കും പാക്കിസ്ഥാനെ വിറപ്പിക്കുന്ന വ്യോമാഭ്യാസം നടക്കുക. കറാച്ചിയിൽ നിന്ന് വെറും 200 നോട്ടിക്കൽ മൈലും പാക്കിസ്ഥാൻ നിയന്ത്രിത വ്യോമാതിർത്തിയിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ മാത്രം അകലെയുമാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്. തന്ത്രപരമായി അതീവ സുപ്രധാനമായ ഈ മേഖലയിൽ ഇന്ത്യയുടെ വ്യോമശേഷി വ്യക്തമായി പ്രദർശിപ്പിക്കാനുള്ള തീരുമാനമാണ് ഇന്ത്യൻ വ്യോമസേന കൈക്കൊണ്ടിരിക്കുന്നത്.
സുഖോയ് 30 അടക്കം അണിനിരക്കും
പ്രതിരോധവും വ്യാപാര മാർഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഈ അഭ്യാസം. യുദ്ധസാഹചര്യങ്ങൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ശത്രുക്കളുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കൽ തുടങ്ങിയ വിവിധ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. സുഖോയ് 30 എം കെ ഐ, റഫാൽ, ജാഗ്വർ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പാകിസ്ഥാന്റെ തീരദേശ വ്യോമാതിർത്തിക്ക് ഇത്രയധികം സമീപത്ത് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസങ്ങളിൽ ഒന്നാകും ഇത്. പ്രദേശത്തെ സുരക്ഷാ സന്തുലനം വ്യക്തമാക്കുന്നതോടൊപ്പം സമുദ്രാതിർത്തിയിലെ ഇന്ത്യൻ നിയന്ത്രണം ശക്തമായി ഉറപ്പിക്കുന്ന സന്ദേശം കൂടിയാകും ഈ വ്യോമാഭ്യാസം നൽകുകയെന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


