Poverty in Afghan: ദാരിദ്രം; കുടുംബത്തെ രക്ഷിക്കാന്‍ കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത

First Published Jan 1, 2022, 11:04 AM IST

സീസ് ഗുലിന്‍റെ ഭർത്താവ് അവരുടെ 10 വയസ്സുകാരിയായ മകളെ ഭാര്യയോട് പറയാതെ വിവാഹ മാര്‍ക്കറ്റില്‍ വിറ്റു. അഞ്ച് കുട്ടികളുള്ള തന്‍റെ കുടുംബത്തെ പോറ്റാനായി അദ്ദേഹം മകളെ വിറ്റ് കാശ് വാങ്ങി. അതല്ലെങ്കില്‍ ഏഴ് പേരടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന് അദ്ദേഹം തന്‍റെ ഭാര്യയോട് പറഞ്ഞു. ബാക്കിയുള്ളവരെ രക്ഷിക്കാൻ അയാൾക്ക് കുടുംബത്തിലെ ഒരു കുട്ടിയെ വില്‍ക്കുകയെ നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ. അഫ്ഗാനിസ്ഥാനില്‍ (Afghanistan) നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്ന ദാരിദ്രത്തെ മറികടക്കാന്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസിന്‍റെ നേതൃത്വത്തില്‍ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ (Taliban) അധികാരമേറ്റപ്പോള്‍, അഫ്ഗാന് അതുവരെ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചു. ഇതോടെ രാജ്യത്ത് ദാരിദ്രം ശക്തമായി. അതോടൊപ്പം പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ജനങ്ങള്‍ ജീവിക്കാനായി നെട്ടോട്ടമോടുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. 

2020 ഓഗസ്റ്റ് 15 ന് താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരം കീഴടക്കുമ്പോള്‍, അമേരിക്കന്‍ സൈനീകര്‍ അഫ്ഗാന്‍ വിട്ടിരുന്നില്ല. പിന്നെയും 15 ദിവസങ്ങളെടുത്താണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങിയത്. അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലിന് പുറമേ അഫ്ഗാനിസ്ഥാന് ലഭിച്ചിരുന്ന അന്താരാഷ്ട്രാ സഹായങ്ങളെല്ലാം നിലച്ചു.

തികച്ചും ദരിദ്രമായ ഒരു ജനതയെയാണ് താലിബാന്‍ കീഴടക്കിയത്. സാമ്പത്തികമായി ഒരു അടിത്തറയുമില്ലാതെ രാജ്യം.  രാജ്യത്തെ റിസര്‍ ബാങ്കിന്‍റെ കരുതല്‍ ധനശേഖരം പോലും ഉപയോഗിക്കാന്‍ താലിബാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതിന് പുറമേ നിരവധി മില്യണ്‍ ഡോളറുകള്‍ തജികിസ്ഥാനിലെ അഫ്ഗാന്‍ എംബസിയിലേക്ക് മാറ്റിയതും താലിബാന് തിരിച്ചടിയായി. 

തജികിസ്ഥാനിലെ അഫ്ഗാന്‍ എംബസി താലിബാനെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, താലിബാന്‍റെ ശത്രുക്കളായിരുന്ന പഞ്ച്ശീര്‍ സഖ്യവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംബസി കൂടിയായിരുന്നു, തജികിസ്ഥാനിലെ അഫ്ഗാന്‍ എംബസി. താലിബാന്‍ അക്കൌണ്ട് മാറി ഇട്ട കോടിക്കണക്കിന് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കില്ലെന്നാണ് തജികിസ്ഥാന്‍ എംബസിയുടെ നിലപാട്. 

ഇതിന് പുറമേയാണ്, താലിബാന്‍ കാബൂള്‍ കീഴടക്കിയ വേളയില്‍ രാജ്യം വിട്ടപ്പോള്‍, പ്രസിഡന്‍റിന്‍റെ വസതിയിലുണ്ടായിരുന്ന കോടിക്കണക്കിന് ഡോളറുമായി മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടത്. ചുരുക്കത്തില്‍ താലിബാന്‍ രാജ്യം കീഴടക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്ന പണം പോലും താലിബാന് നഷ്ടമായി. തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്കൊപ്പം, അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാന്‍റെ വിദേശത്തുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയും ഫണ്ടിംഗ് നിർത്തുകയും ചെയ്തു. 

20 വർഷം മുമ്പ് അഫ്ഗാന്‍ ഭരിച്ചപ്പോള്‍ ഒന്നാം തീവ്രവാദ താലിബാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നയങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ലോക രാഷ്ട്രങ്ങളുടെ നിലപാട്. എന്നാല്‍, 'പഴയ താലിബാനല്ല പുതിയ താലിബാനെ'ന്ന് രണ്ടാം താലിബാന്‍ സര്‍ക്കാര്‍ നിരന്തരം അവകാശപ്പടുന്നുണ്ടെങ്കിലും സ്ത്രീ സ്വാതന്ത്രത്തിലും സംഗീതം പോലുള്ള സുകുമാരകലകളുടെ പ്രയോഗത്തിലും താലിബാന് പഴയ നിയമങ്ങളില്‍ നിന്ന് വലിയ വ്യതിചലനമുണ്ടായിട്ടില്ലെന്നാണ് അവരുടെ പല പുതിയ തീരുമാനങ്ങളും കാണിക്കുന്നത്. 

ഇതോടെ തങ്ങളുടെ മതവ്യാഖ്യാനം നടപ്പാക്കുക എന്നതിലപ്പുറത്തേക്ക് ഭരണപരമായ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത അശക്തമായ ഒരു ഭരണകൂടമായി താലിബാന്‍റെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാര്‍ മാറി. നിരന്തരമായ ആഭ്യന്തരയുദ്ധവും തൊട്ട് പുറകെയെത്തിയ കടുത്ത വരള്‍ച്ചയും കൊവിഡ് രോഗാണുവിന്‍റെ വ്യാപനവും രാജ്യത്തെ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും വലിയൊരു തകര്‍ച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. 

കേന്ദ്ര - സംസ്ഥാന സര്‍ക്കാറിന്‍റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. ജനങ്ങളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് മൂലം അങ്ങേയറ്റം ദുര്‍ബലരാണ്. രാജ്യത്തെ കുട്ടികളില്‍ ഭൂരിഭാഗവും കടുത്ത പട്ടിണിയിലൂടെയാണ് കടന്ന് പോകുന്നത്. പകുതിയിലധികം ജനസംഖ്യയും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. 

"ഈ രാജ്യത്ത് അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കുട്ടികൾ കഷ്ടപ്പെടുന്നു." വേൾഡ് വിഷന്‍റെ ദേശീയ ഡയറക്ടർ അസുന്ത ചാൾസ് പറയുന്നു. അഫ്ഗാനിസ്ഥാനിലെ എയ്ഡ് ഓർഗനൈസേഷൻ, പടിഞ്ഞാറൻ നഗരമായ ഹെറാത്തിന് സമീപം കുടിയിറക്കപ്പെട്ട ആളുകൾക്കായി ഒരു ഹെൽത്ത് ക്ലിനിക് നടത്തുന്നു. "കുടുംബാംഗങ്ങളെ പോറ്റാനായി കുടുംബത്തിലെ ഒരു കുട്ടിയെ  വില്‍ക്കാന്‍ വരെ ആളുകള്‍ തയ്യാറാകുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം തകര്‍ന്നു."  അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പ്രായം കുറഞ്ഞ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നത് ഈ മേഖലയിൽ സാധാരണമാണ്. കരാർ ഒപ്പിടാൻ വരന്‍റെ കുടുംബം വധുവിന്‍റെ കുടുംബത്തിന് പണം നൽകണം. പണം നേരത്തെ നല്‍കിയാലും പെണ്‍കുട്ടി ഏകദേശം 15 വയസ്സ് തികയുന്നത് വരെ അവളുടെ മാതാപിതാക്കളോടൊപ്പമായിരിക്കും താമസിക്കുക. എന്നാല്‍, പലർക്കും പ്രാഥമിക ഭക്ഷണം പോലും വാങ്ങാൻ കഴിയാത്തതിനാൽ, വളരെ ചെറിയ പെൺകുട്ടികളെ പോലും കൊണ്ട് പോകാന്‍ വരന്‍റെ വീട്ടുകാരെ പലരും അനുവദിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സ്വന്തം മക്കളെ വിൽക്കാൻ പോലും പലരും ശ്രമിക്കുന്നു. പുരുഷാധിപത്യം നിറഞ്ഞ ഈ സമൂഹത്തിൽ അസീസ് ഗുല്‍ തന്‍റെ മകള്‍ക്ക് വേണ്ടി അസാധാരണമായി ചെറുത്തുനിൽക്കുകയാണ്. 15-ാം വയസ്സിൽ വിവാഹിതയാവേണ്ടി വന്ന ഗുല്‍ തന്‍റെ മകൾ ഖാണ്ടി ഗുലിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയാൽ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നു. എന്നാല്‍, ഖാണ്ടിയെ വിറ്റെന്ന് ഭര്‍ത്താവ് ഗുല്ലിനെ അറിയിച്ചപ്പോള്‍, “എന്‍റെ ഹൃദയമിടിപ്പ് നിലച്ചു. ആ സമയത്ത് ഞാൻ മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ മരിക്കുന്നത് ദൈവം ആഗ്രഹിച്ചില്ലായിരിക്കാം.”ഗുല്‍ പറയുന്നു.

"മറ്റുള്ള കുടുംബാഗങ്ങളെ രക്ഷിക്കാൻ താൻ ഒരെണ്ണത്തെ വിറ്റു, അല്ലാത്തപക്ഷം എല്ലാവരും മരിക്കേണ്ടിവരും." ഗില്ലിന്‍റെ ഭര്‍ത്താവ് പറഞ്ഞു. " അതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്, ” അവൾ ഭര്‍ത്താവിനോട് കയര്‍ത്തു. ഒടുവില്‍ ഗുല്‍, തന്‍റെ സഹോദരനെയും ഗ്രാമമുഖ്യന്മാരെയും പോയി കണ്ടു. അവരുടെ സഹായത്തോടെ ഖാണ്ടിക്ക് വിവാഹ മോചനം നേടി. അവളുടെ ഭർത്താവിന് മകളെ വിവാഹ കമ്പോളത്തില്‍ വിറ്റപ്പോള്‍ ലഭിച്ച 1,00,000 അഫ്ഗാനി (Afghan afghani) അവൾ തിരികെ നൽകും. 

അവളുടെ കൈയില്‍ കാശില്ലെങ്കിലും അവള്‍ ആ പണം തിരികെ കൊടുത്താമെന്ന് ഏറ്റു. ഭാര്യ ഗ്രാമ മുഖ്യന്മാരോട് തന്നെ  കുറ്റപ്പെടുത്തുമെന്ന് കരുതിയ അവളുടെ ഭര്‍ത്താവ് ഓടിപ്പോയി. അന്താരാഷ്ട്രാ നയതന്ത്രം മെച്ചെപ്പെടുത്തുന്നതിനായി താലിബാൻ സർക്കാർ അടുത്തിടെ നിർബന്ധിത വിവാഹങ്ങൾ നിരോധിച്ചിരുന്നു. എന്നാല്‍ ഏകദേശം 21 വയസ്സുള്ള വരന്‍റെ കുടുംബത്തെ തനിക്ക് എത്രകാലം തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് ഗുൽ പറയുന്നു. 

"ഞാൻ വളരെ നിരാശയാണ്. ഈ ആളുകൾക്ക് പണം നൽകാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ, എന്‍റെ മകളെ എന്‍റെയടുത്ത് നിർത്താൻ കഴിയുന്നില്ലെങ്കിൽ, ഞാൻ ആത്മഹത്യ ചെയ്യും." അവള്‍ പറയുന്നു.  “എന്നാൽ ഞാൻ മറ്റ് കുട്ടികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അവർക്ക് എന്ത് സംഭവിക്കും? ആരാണ് അവർക്ക് ഭക്ഷണം കൊടുക്കുക? അവളുടെ മൂത്ത കുട്ടിക്ക് 12 വയസ്സ്, അവളുടെ ഏറ്റവും ഇളയ കുട്ടിക്ക് അതായത് ആറമത്തെ കുട്ടിക്ക് വെറും രണ്ട് മാസമാണ് പ്രായം.

അതേ സമയം ആ ക്യാമ്പിന്‍റെ മറ്റൊരു വശത്ത് നാല് മക്കളുടെ പിതാവായ ഹമീദ് അബ്ദുള്ളയും തന്‍റെ പെൺമക്കളെ നിശ്ചയിച്ചുറപ്പിച്ച് തുകയ്ക്ക് വിവാഹ കമ്പോളത്തില്‍ വില്‍ക്കുകയായിരുന്നു. തന്‍റെ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന ഭാര്യയെ ചികിത്സിക്കാൻ പണമില്ലെന്നതായിരുന്നു ഹമീദ് അബ്ദുള്ളയുടെ പ്രശ്നം. മൂന്ന് വര്‍ഷം മുമ്പ് പണം വാങ്ങി പറഞ്ഞുറപ്പിച്ച മൂത്ത മകളെ അയാള്‍ ഈ വര്‍ഷമാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. 

എന്നാല്‍, ഇപ്പോള്‍ അയാള്‍ക്ക് വീണ്ടും പണത്തിന് ആവശ്യമുണ്ട്. അതിനാല്‍ തന്‍റെ ആറ് വയസ്സുള്ള  നാസിയയെ ഏകദേശം 20,000-30,000 അഫ്ഗാനിക്ക് വിലയുറപ്പിക്കാന്‍ അയാള്‍ തയ്യാറാണ്. "ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല. ഡോക്ടർക്ക് നൽകാനുള്ള പണമില്ല. തങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു' അയാള്‍ പറയുന്നു. 

എന്നാൽ, ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് ഭാര്യ ബിബി ജാൻ പറഞ്ഞു. "ഞങ്ങൾ തീരുമാനമെടുത്തപ്പോൾ, ആരോ എന്നിൽ നിന്ന് ശരീരത്തിന്‍റെ ഒരു ഭാഗം എടുത്തത് പോലെയായിരുന്നു അത്." ബദ്ഗിസ് പ്രവിശ്യയിൽ,  കുടിയിറക്കപ്പെട്ട മറ്റൊരു കുടുംബം അവരുടെ മകൻ 8 വയസ്സുള്ള സലാഹുദ്ദീനെ വിൽക്കാൻ ആലോചിക്കുന്നു.  അവന്‍റെ അമ്മ ഗുൽദാസ്ത പറയുന്നത്, "മറ്റുള്ളവർക്ക് ഭക്ഷണം കൊണ്ടുവരാനായി,  സലാഹുദ്ദീനെ ബസാറിൽ കൊണ്ടുപോയി വിൽക്കാൻ ഞാന്‍ ഭർത്താവിനോട് പറഞ്ഞു. കഴിക്കാൻ ഒന്നുമില്ലാതെയാകുമ്പോള്‍ മറ്റെന്ത് ചെയ്യാനാണ്."എന്നാണ്. 

“എന്‍റെ മകനെ വിൽക്കാൻ എനിക്ക് താൽപ്പര്യമില്ല, പക്ഷേ എനിക്ക് ഇത് ചെയ്തേ പറ്റു.” 35- കാരി പറഞ്ഞു. "ഒരു അമ്മയ്ക്കും തന്‍റെ കുട്ടിയോട് ഇത് ചെയ്യാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് മറ്റ് വഴികളൊന്നുമില്ലെങ്കിൽ, നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി നിങ്ങൾ തീരുമാനമെടുക്കണം." സലാഹുദ്ദീൻ മറയുന്നത് വരെ അവള്‍ അവനെ നിശബ്ദമായി നോക്കി. ദിവസങ്ങളായി തന്‍റെ കുട്ടികൾ പട്ടിണി മൂലം കരയുകയായിരുന്നെന്ന് പിതാവ് ഷാക്കിർ പറയുന്നു. 

രണ്ടുതവണ സലാഹുദ്ദീനെ ബസാറിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാല്‍ രണ്ടുതവണയും അയാൾ കുഴഞ്ഞുവീണു. "എന്നാൽ ഇപ്പോൾ എനിക്ക് മറ്റ് മാർഗമില്ലെന്ന് ഞാൻ കരുതുന്നു." പെൺകുട്ടികളേക്കാൾ ആൺകുട്ടികളെ വാങ്ങുന്നത് കുറവാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അത് സംഭവിക്കുമ്പോള്‍ കുട്ടികളില്ലാത്ത കുടുംബങ്ങൾ ശിശുക്കളെ വാങ്ങുന്നത് പോലെ തോന്നും. 

അഫ്ഗാനിസ്ഥാനില്‍ 5 വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നതായി യുഎൻ പറയുന്നു. മിസ്. വേൾഡ് വിഷന്‍റെ അഫ്ഗാനിസ്ഥാന്‍റെ ദേശീയ ഡയറക്ടർ ചാൾസ് പറയുന്നത്, അഫ്ഗാന് അന്താരാഷ്ട്രാ സഹായം അത്യന്തം ആവശ്യമാണ്. ആളുകള്‍ പ്രതിജ്ഞകൾ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങളായി തുടരരുത്, അവ ഭൂമിയിലെ യാഥാർത്ഥ്യമായി കാണേണ്ടതുണ്ട്."അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

click me!