ഹെയ്തി; രാഷ്ട്രപതി ജോവനൽ മൊയ്‌സിന്‍റെ കൊലപാതകവും രാഷ്ട്രീയ സാഹചര്യവും

First Published Jul 8, 2021, 2:23 PM IST

മേരിക്കയിലെ ഏറ്റവും ദരിദ്രരായ കരീബിയൻ രാജ്യമായ ഹെയ്തിയുടെ രാഷ്ട്രപതി ജോവനൽ മൊയ്‌സിനെ (53) വീട്ടില്‍ കയറി വെടിവച്ച് കൊന്ന കൊലയാളികളില്‍ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് മേധാവി ലിയോൺ ചാൾസ് മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ ബന്ദികളാക്കിയിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ചു. കൊലപാതകികളെ സഹായിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍‌, ഇപ്പോള്‍ തന്നെ അസ്ഥിരമായ രാജ്യം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുമോയെന്ന ആശങ്ക ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കുവച്ചു. രാഷ്ട്രപതി ജോവനൽ മൊയ്‌സിനെ വെടിവച്ച് വീഴ്ത്തിയവര്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് നേരെയും വെടിയുതിര്‍ത്തിരുന്നു. കാലിലും കൈയ്ക്കും വയറ്റിലും വെടിയേറ്റ രാഷ്ട്രപതിയുടെ ഭാര്യ മാർട്ടിൻ മൊയ്‌സിന് (47) മിയാമിയിലെ ജാക്സൺ മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരുടെ നിലഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. (ചിത്രങ്ങള്‍ ഗെറ്റി)

ഏറെ നാളായി ഹെയ്ത്തിയിലെ ആഭ്യന്തര സ്ഥിതി ഏറെ വഷളാണ്. സാമ്പത്തിക തകര്‍ച്ചയും ഭരണസ്ഥിരതയില്ലായ്മയും മൂലം രാജ്യം അസ്വസ്ഥമായിക്കൊണ്ടിരിക്കവേയാണ് പെടുന്നനെ ഒരു സംഘം അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെയും ഭാര്യയുടെ വെടിവച്ചത്.
undefined
കൊലപാതകത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതിയുടെ വസതി നിലനിന്നിരുന്ന പോർട്ട് പ്രിൻസിന് ചുറ്റുമുള്ള പ്രദേശങ്ങിളില്‍ നിന്ന് നിരവധി വെടിയൊച്ച കേട്ടതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
undefined
ബുധനാഴ്ച പുലർച്ചെ പോർട്ട് പ്രിൻസിന് പുറത്തുള്ള രാഷ്ട്രപതിയുടെ സ്വകാര്യ വസതിയിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് ഏജൻസിയുടെ ഏജന്‍റുമാരെന്ന വ്യാജേനയാണ് അക്രമികളെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അകത്ത് കടന്ന അക്രമികള്‍ രാഷ്ട്രപതിയെയും ഭാര്യയെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
undefined
വെടിയൊച്ച കേട്ടതോടെ വസതി സുരക്ഷാ ഉദ്യോഗസ്ഥര്‍വളഞ്ഞു. ഇതിനിടെ പൊലീസും അക്രമികളും തമ്മില്‍ നിരന്തരം വെടിവെയ്പ്പ് നടന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ തോക്ക്ധാരികളായ നാല് അക്രമികളെ കൊലപ്പെടുത്തിയെന്നും മറ്റ് രണ്ട് പേരെ പിടികൂടിയെന്നും സുരക്ഷാ സേന അറിയിച്ചു.
undefined
എന്നാല്‍ അക്രമികള്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹെയ്തി പൊലീസിന്‍റെയും സൈന്യത്തിന്‍റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൌഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
undefined
ന്യൂറോ സർജനായ ഏരിയൽ ഹെൻറിയെ ഹെയ്ത്തിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ജോവനൽ മൊയ്‌സി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയൽ ഹെൻറി.
undefined
ഏപ്രിലിൽ ഇടക്കാലക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ക്ലൌഡ് ജോസഫിൽ നിന്ന് ഈ ആഴ്ച അവസാനം ഏരിയൽ ഹെൻറി പ്രധാനമന്ത്രിയായി ചുമതലയേൽക്കാനിരിക്കുകയായിരുന്നു.
undefined
കൊലപാതകത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ജോസഫ് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടത്തുമെന്നും മോസിന്‍റെ സഖ്യകക്ഷികളുമായും എതിരാളികളുമായും ഒരുപോലെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
undefined
എന്നാല്‍ അസ്ഥിരമായ സാമ്പത്തിക രംഗവും തൊഴിലില്ലായ്മയും ദാരിദ്രവും രാജ്യത്തെ കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോവനൽ മൊയ്‌സിന്‍റെ ഏകാധിപത്യ - സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുയര്‍ന്ന പ്രതിഷേധമാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.
undefined
2017 ഫെബ്രുവരിയില്‍ ഹെയ്ത്തിയുടെ രാഷ്ട്രപതിയായി അധികാരമേറ്റ ജോവനൽ മൊയ്‌സ്, തന്‍റെ കാലാവധി കഴിഞ്ഞും അധികാരമൊഴിയാന്‍ വിസമ്മതിച്ചു. പകരം ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തിയ അദ്ദേഹം അധികാരത്തില്‍ തുടരുകയായിരുന്നു.
undefined
അപ്രതീക്ഷിതമായ കാലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ അതിര്‍ത്തികളും വിമാനത്താവളങ്ങളും അടച്ചതായും രാജ്യം വിടാന്‍ ശ്രമിക്കുന്ന വിദേശികളെ ചോദ്യം ചെയ്യാനും തീരുമാനച്ചതായി പൊലീസ് അറിയിച്ചു.
undefined
മൂന്ന് ഭാഗവും കടലായതിനാല്‍ കൊലപാതകികള്‍ ഏക രാജ്യാതിര്‍ത്തിയായ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മേധാവി ലിയോൺ ചാൾസ് പറഞ്ഞു. ആകാശമാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഏവിയേഷന്‍ വകുപ്പിന്‍റെ കൈയില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
undefined
ഇതിനിടെ ഹെയ്ത്തിയുടെ കരവഴിയുള്ള ഏക അയല്‍രാജ്യമായ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് തങ്ങളുടെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനീകരെ വിന്യസിച്ച് അതിര്‍ത്തി സുരക്ഷിതമാക്കിയതായി അവകാശപ്പെട്ടു.
undefined
കൊലയാളികളെ 'വിദേശ കൂലിപ്പടയാളികളും പ്രൊഫഷണൽ കൊലയാളികളും' എന്നാണ് അമേരിക്കയിലെ ഹെയ്തിയൻ അംബാസഡർ ബോചിറ്റ് എഡ്മണ്ട് വിശേഷിപ്പിച്ചത്. ഹെയ്ത്തിയുടെ രാഷ്ട്രപതിയെ സ്വന്തം വസതിയില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയ വാര്‍ത്തയോടെ ലോക നേതാക്കള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്.
undefined
ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന ഒരു കൂട്ടം വിദേശികളാണ് അക്രമം നടത്തിയതെന്നും ഇവര്‍ അമേരിക്കന്‍ ഉച്ചാരണത്തിലാണ് സംസാരിച്ചിരുന്നതെന്നും ഔദ്ധ്യോഗീകമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ഡ്രഗ്സ് എൻഫോഴ്സ്മെന്‍റ് ഏജൻസിയിൽ (ഡിഇഎ) നിന്നുള്ളവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ കയറിയതെന്നും റിപ്പോര്‍ട്ടുണ്ട്.
undefined
എന്നാല്‍ കൊലയാളികൾ യഥാർത്ഥ ഡിഇഎ ഏജന്‍റുമാരാണെന്നത് ഹെയ്തിയിലെയും യുഎസിലെയും ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ തീർത്തും തെറ്റാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. 'അവർ വ്യാജ ഡി.ഇ.എ ഏജന്‍റുമാരാണെന്ന് ഞാൻ വിശ്വസിക്കുന്നു,' ഹെയ്തിയൻ അംബാസഡർ എഡ്മണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
undefined
രാഷ്ട്രപതിയുടെ അയൽക്കാരൻ എടുത്തതായി കരുതപ്പെടുന്ന വീഡിയോകളില്‍ പ്രസിഡന്‍റിന്‍റെ വീടിന് പുറത്ത് റൈഫിളുകളുമായി ചിലര്‍ നില്‍ക്കുന്നതായി കാണിക്കുന്നു. എന്നാല്‍ ഇവര്‍ രാജ്യത്തെ സുരക്ഷാ സേനയിൽ നിന്നുള്ളവരാണോ അതോ കൊലപാതകികളാണോ എന്ന് വ്യക്തമല്ല.
undefined
ഏകദേശം 11 ദശലക്ഷം ജനങ്ങളുള്ള രാജ്യമായ ഹെയ്തി 1986 ൽ ഡുവാലിയർ രാജവംശത്തിന്‍റെ സ്വേച്ഛാധിപത്യത്തിന്‍റെ പതനത്തിന് ശേഷം രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ പാടുപെടുകയാണ്.
undefined
കൊല്ലപ്പെട്ട രാഷ്ട്രപതി ജോവനൽ മൊയ്‌സ് രാജ്യത്ത് തന്‍റെ എതിരാളികളെ ഇല്ലാതാക്കാന്‍ മാസങ്ങൾ നീണ്ട അക്രമങ്ങള്‍ നടത്താന്‍ സായുധ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നു.
undefined
കുതിച്ചുയരുന്ന പണപ്പെരുപ്പവും ദാരിദ്രവും തൊഴിലില്ലായ്മയും രാജ്യത്ത് അരാജകത്വം വളര്‍ത്തുമെന്ന് പലരും വിശ്വസിക്കുന്നു. ജനസംഖ്യയുടെ 60 ശതമാനം പ്രതിദിനം 2 ഡോളറിൽ താഴെ വരുമാനമുള്ളവരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
undefined
അധികാരത്തിലിരിക്കെ രാഷ്ട്രപതി മരിച്ചാല്‍ ആരാണ് അധികാരം ഏറ്റെടുക്കേണ്ടത് എന്നതിന് ഹെയ്ത്തിയില്‍ നിയമപരമായ ചട്ടക്കൂടുകളില്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം അവസരങ്ങളില്‍ സുപ്രീം കോടതിയുടെ തലവനാകണം അധികാരം ഏറ്റെടുക്കേണ്ടതെന്നാണ്.
undefined
എന്നാല്‍ സുപ്രീംകോടതി തലവന്‍ അടുത്തിടെ കോവിഡ് -19 ബാധിച്ച് മരിച്ചതിനാല്‍ ആ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. 2017 ൽ അധികാരമേറ്റ പ്രസിഡന്‍റ് ജോവനൽ മൊയ്‌സിന്‍റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി 7 ന് അവസാനിക്കേണ്ടതാണ്.
undefined
കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രപതി അംഗീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് പ്രതിപക്ഷകക്ഷിക്കള്‍ സമരത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ ജോവനൽ മൊയ്‌സ് സായുധ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ച് വിട്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
undefined
ഈ അക്രമങ്ങളെയും കൊലപാതക പരമ്പരയേയും തുടര്‍ന്ന് രാജ്യത്ത് നിന്ന് 14,700 ൽ അധികം ആളുകളാണ് പലായനം ചെയ്തത്. ഇതിനിടെ തന്‍റെ അഞ്ച് വര്‍ഷത്തെ കാലാവധി 2022 ലാണ് അവസാനിക്കുകയെന്ന് ജോവനൽ മൊയ്‌സ് വാദിച്ചു.
undefined
സ്വതന്ത്രവും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് 2021 അവസാനത്തോടെ നടത്തണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ജോവനൽ മൊയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ കരാറുകൾ ഓഡിറ്റുചെയ്യുന്നതിനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരങ്ങൾ ജോവനൽ മൊയ്‌സ് പരിമിതപ്പെടുത്തി.
undefined
മാത്രമല്ല പ്രസിഡന്‍റിന് മാത്രം ഉത്തരം നൽകുന്ന ഒരു രഹസ്യാന്വേഷണ ഏജൻസിയെയും സൃഷ്ടിച്ചു. ഇത് സ്വന്തം അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് എതിരാളികള്‍ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്ത് നടന്ന് പ്രതിഷേധത്തിനിടെ രാഷ്ട്രപതിയെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നാരോപിച്ച് ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥനുമടക്കം 23 പേരെയാണ് അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചത്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!