ജുണ്ട പ്രതിരോധം 25 മരണം ; മ്യാന്മാര്‍ സൈന്യത്തിനെതിരെ പോരാടാന്‍ ബുദ്ധ ഭിക്ഷുക്കളും

First Published Jul 7, 2021, 3:21 PM IST

ഴിഞ്ഞ ഫെബ്രുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട ആംഗ് സാൻ സൂകിയുടെ സർക്കാരിനെ അട്ടിമറിച്ച് അധികാരം കൈയാളിയ സൈന്യത്തിനെതിരെ മ്യാന്മാറില്‍ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. 1962 ല്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാറിനെ അടിമറിച്ച സൈനീക ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വാര്‍ഷികത്തിലാണ് മ്യാന്മാറില്‍ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയത്. ഫെബ്രുവരി മുതല്‍ നടക്കുന്ന പ്രതിഷേധത്തിനിടെ സൈനീക ഭരണകൂടം 880 -ളം പേരെ കൊന്നതായി പ്രക്ഷോഭകാരികള്‍ പറഞ്ഞു. ഇന്നലത്തെ പ്രതിഷേധത്തിനിടെ മധ്യ മ്യാൻമറിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിയഞ്ചോളം പ്രതിഷേധക്കാരെയും സാധാരണക്കാരെയും സൈന്യം വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനീക നടപടിക്കെതിരെ ജനങ്ങള്‍ ജുണ്ട പ്രതിരോധം എന്ന പേരില്‍ ഒരു സായുധ സേനയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ രാജ്യത്തെ വനാന്തര്‍ഭാഗങ്ങളില്‍ ബുദ്ധസന്ന്യാസിമാര്‍ സൈന്യത്തിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് വ്യാപനത്തിനിടെയുണ്ടായ സൈനീക നടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പണിമുടക്കിലാണ്. ഇതോടെ രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. (ചിത്രങ്ങള്‍ ഗെറ്റി)

1962 ലാണ് മ്യാന്മാറില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് സൈനീക ഭരണകൂടം രാജ്യത്തിന്‍റെ അധികാരം ആദ്യമായി കൈയാളിയത്. ഇതേ തുടര്‍ന്ന് മ്യാന്മാറില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അന്ന് ഉയര്‍ന്നത്.
undefined
യാങ്കോൺ‌ സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടക്കം അന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അന്നത്തെ പ്രതിഷേധത്തെ ആയുധം കൊണ്ടായിരുന്നു സൈന്യം നേരിട്ടത്.
undefined
സ്വന്തം രാജ്യത്തെ ജനതയ്ക്കെതിരെ സൈന്യം ആയുധമെടുത്തതോടെ ആയിരക്കണക്കിന് സാധാരണക്കാര്‍ അപ്രത്യക്ഷരായതായി ഭരണകൂടം പ്രഖ്യാപിച്ചു. അതിനിടെ നൂറ് കണക്കിന് സൈനീകര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
undefined
ആ പ്രതിരോധത്തെ തകര്‍ത്ത് സൈന്യം പതിറ്റാണ്ടുകളോളം രാജ്യത്ത് ഏകാധിപത്യ സൈനീക ഭരണ നടപ്പാക്കി. ഏഴ് പതിറ്റാണ്ടിന് ശേഷം മ്യാന്മാറില്‍ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
undefined
"ജൂലൈ 7 ന്‍റെ മനോഭാവം നിലനിർത്തുക, സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക.", "നമുക്ക് ഫാസിസ്റ്റ് സൈന്യത്തെ വേരോടെ പിഴുതെറിയാം" എന്നീ മുദ്രവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഇന്നലെ തെരുവുകള്‍ കീഴടക്കിയത്.
undefined
യാങ്കൂണില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിരവധി റൌണ്ട് വെടിയുതിര്‍ത്തതായും പ്രതിഷേധത്തിനിടെ നിരവധി പേരെ സൈനീകരും പൊലീസും അറസ്റ്റ് ചെയ്ത് കൊണ്ട് പോയതായും പ്രദേശവാസികള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
undefined
രണ്ടാമത്തെ നഗരമായ മണ്ടാലെയിൽ ഡസൻ കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. മധ്യ സാഗിംഗ് മേഖലയിൽ പ്രതിഷേധക്കാർ സൈനിക പതാക കത്തിച്ചു.
undefined
ഇതിനിടെ സൈനീക നടപടിക്കിടെ ഇരുപത്തിയഞ്ച് ജൂണ്ട വിരുദ്ധ പോരാളികളും സാധാരണക്കാരും കൊല്ലപ്പെട്ടതായും ഇവരില്‍ എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
undefined
ഇതിനിടെ സൈന്യത്തിനെതിരെ പോരാടാന്‍ മ്യാന്മാറിലെ ചില ബുദ്ധസന്ന്യാസിമാര്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകളും വരുന്നു. സന്ന്യാസം ഉപേക്ഷിച്ച പലരും മ്യാന്മാറിലെ വന്‍കാടുകള്‍ക്കുള്ളിലെ ഒളി സ്ഥലങ്ങളില്‍ സൈനീക പരിശീലനത്തിലാണെന്ന് വൈസ് ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.
undefined
കഴിഞ്ഞ മാസം അവസാനത്തോടെയാണ് മ്യാൻ‌മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ സാധാരണക്കാരും സൈനീകരും തമ്മിലുള്ള തെരുവ് യുദ്ധങ്ങള്‍ വീണ്ടും ആരംഭിച്ചത്.
undefined
സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് നേരെ സൈന്യം ആയുധം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളും ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
undefined
നിരവധി യുവാക്കളും യുവതികളും സംഗീതജ്ഞരും കവികളും പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ട്. അവരോടൊപ്പമാണ് ബുദ്ധഭിക്ഷുക്കളും അണിനിരക്കുന്നത്. എന്നാല്‍, മുതിര്‍ന്ന ബുദ്ധബിക്ഷുക്കളില്‍ പലരും ഇപ്പോഴും സൈന്യത്തോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്.
undefined
മുമ്പ് ബ്രീട്ടിഷ് കോളനി വാഴ്ചയ്ക്കെതിരെ ആയുധമെടുത്ത സായ സാൻ ഒരു ബുദ്ധസന്ന്യാസി ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ കർഷക കലാപത്തിനാണ് സായ സാൻ നേതൃത്വം നൽകിയിരുന്നത്.
undefined
1990 കളില്‍ സൈന്യത്തിനെതിരെ കലാപം നയിച്ച യു തുസാനയും ബുദ്ധഭിക്ഷുവായിരുന്നു. ഇത്തരത്തില്‍ ഭരണകൂടഭീകരതയ്ക്കെതിരെ ആയുധമെടുത്ത ബുദ്ധഭിക്ഷുക്കള്‍ മുമ്പും മ്യാന്മാറിലുണ്ടായിരുന്നു.
undefined
1962 മുതൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച മ്യാന്മാറില്‍ ഒരു ജനാധിപത്യ സര്‍ക്കാറിനെയും സ്വതന്ത്രമായി ഭരിക്കാന്‍ സൈന്യം അനുവദിച്ചിരുന്നില്ല. ഏതാണ്ട് ഒരു ദശാബ്ദത്തിലേറെക്കാലം മ്യാൻമർ തുടർച്ചയായി സൈനീക ഭരണത്തിന് കീഴിലായിരുന്നു.
undefined
എന്നാല്‍ 2011 ൽ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വന്‍ വിജയം നേടി. തുടര്‍ന്ന് പരിമിതമായ അധികാരം നല്‍കി ഭരിക്കാന്‍ സൈന്യം അനുമതി നല്‍കിയെങ്കിലും എല്ലാക്കാര്യത്തിലും സൈനീക ഇടപെടല്‍ വ്യക്തമായിരുന്നു.
undefined
2015 ലെ തെരഞ്ഞെടുപ്പിലും 2020 ൽ നടന്ന തെരഞ്ഞെടുപ്പിലും സൈനീക പിന്തുണയുള്ള പാര്‍ട്ടിക്ക് യാതൊരു ഇടവും നല്‍കാതെ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വന്‍ വിജയം നേടി.
undefined
ഇതേ തുടര്‍ന്നാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം വീണ്ടും അധികാരം കൈയാളുകയായിരുന്നു.
undefined
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് സൈന്യത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നു.
undefined
കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിൽ ആങ് സാന്‍ സൂചിയുടെ പാർട്ടിക്ക് വൻ ഭൂരിപക്ഷം ലഭിച്ചങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാനായാണ് തങ്ങള്‍ അധികാരം പിടിച്ചെടുത്തതെന്നാണ് സൈന്യം അറിയിച്ചത്.
undefined
മ്യാന്മാറില്‍ സൈന്യത്തിനെതിരെ സാധാരണക്കാര്‍ ചേര്‍ന്ന് പുതിയ ഒരു സായുധ സേനയുണ്ടാക്കിയെന്നും ജുണ്ട പ്രതിരോധ സേനയെന്നാണ് ജനങ്ങളുടെ പ്രതിരോധ സേനയുടെ പേരെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ 25 ജുണ്ട വിരുദ്ധ പോരാളികളും സാധാരണക്കാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
പ്രതിഷേധക്കാരെ വേട്ടയാടിയെത്തിയ സൈന്യം വനാതിര്‍ത്തിയിലുള്ള തങ്ങളുടെ ഗ്രാമത്തിന് സമീപത്ത് തീയിട്ടതായി ചില ഗ്രാമവാസികള്‍ ആരോപിച്ചു. 26 ഓളം തവണ പീരങ്കികൾ ശബ്ദം കേട്ടതായി ഗ്രാമീണർ പറഞ്ഞു.
undefined
റോഡിലും ഗ്രാമത്തിലും കണ്ട എല്ലാവരെയും അവർ വെടിവച്ചു. അവർക്ക് ഒരു ലക്ഷ്യം മാത്രമായിരുന്നില്ല. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
undefined
കൂടുതൽ സൈനിക നടപടികളെ ഭയന്ന് പലായനം ചെയ്ത ആയിരക്കണക്കിന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ച ഡെപെയ്‌നിന് ചുറ്റുമുള്ള സുരക്ഷാ സാന്നിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജുണ്ട വിരുദ്ധ പോരാളികളിലൊരാള്‍ എഎഫ്പിയോട് പറഞ്ഞു.
undefined
കഴിഞ്ഞ ദിവസം മുതല്‍ സൈന്യം പ്രതിഷേധക്കാര്‍ക്കായി വനത്തില്‍ തിരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനികർ നടത്തിയ തിരച്ചിലില്‍ "സായുധ തീവ്രവാദികളെ" പിടികൂടിയെന്ന് അവകാശപ്പെട്ടു. "നാല് മോർട്ടാറുകളും ആറ് പെർക്കുഷൻ ലോക്ക് തോക്കുകളും" കണ്ടെത്തിയതായി ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ ദിനപത്രം റിപ്പോർട്ട് ചെയ്തു.
undefined
എന്നാല്‍ സൈനീക ഇടപെടലില്‍ എത്ര പേര്‍ മരിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തില്ല. സാഗിംഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയിലെ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
undefined
പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം ശക്തമായി തിരിച്ചടിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ തെരുവിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും മൂന്ന് വിരലുകള്‍ ഉയര്‍ത്തി സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
ഇതിനിടെ മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന തെക്ക് - പടിഞ്ഞാറൻ ചൈനീസ് നഗരത്തില്‍ കൊറോണ് വൈറസിന്‍റെ നാലാം തരംഗമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതേ തുടര്‍ന്ന് 2,70,000 ജനസംഖ്യയുള്ള യുനാൻ പ്രവിശ്യയിലെ റുയിലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.
undefined
ആദ്യം ഡല്‍റ്റാ വകഭേദം വന്ന രണ്ട് കേസുകളാണ് ഇവിടെ കണ്ടെത്തിയത്. എന്നാല്‍ വ്യാപകമായി നടത്തിയ പരിശോധയില്‍ 15 പേര്‍ക്ക് രോഗാണുബധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ചൈന അറിയിച്ചു. സമീപ രാജ്യമായ മ്യാന്മാറിലാകട്ടെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ കൊറോണാ രോഗാണു പരിശോധനകളോ ചികിത്സകളോ നടക്കുന്നില്ല.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!