അമ്മ ഉപേക്ഷിച്ചു, കൂട്ടുകാർ ഒറ്റപ്പെടുത്തി... ഒടുവിൽ ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് സങ്കടം തീർത്ത 'പഞ്ച്' എന്ന കുരങ്ങന്റെ കഥ ലോകത്തെയാകെ കരയിച്ചതാണ്. ആ കുഞ്ഞു പഞ്ചിനെ കാണാൻ ബ്ലാക്‌പിങ്ക് താരം ലിസ നേരിട്ടെത്തിയ സുന്ദര നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറലായിരിക്കുന്നത്.

ലോകപ്രശസ്ത കെ-പോപ്പ് ബാന്റ് ബ്ലാക്ക്പിങ്കിലെ അംഗമായ ലിസയും സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള 'പഞ്ച്' എന്ന കുട്ടി കുരങ്ങനും തമ്മിലുള്ള സുന്ദര നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറലായിരിക്കുന്നത്. ജപ്പാൻ സന്ദർശനത്തിനിടെ ടോക്കിയോയ്ക്ക് സമീപമുള്ള ഇച്ചിക്കാവ സിറ്റി മൃഗശാലയിലെത്തിയാണ് ലിസ ഈ കുട്ടി സെലിബ്രിറ്റിയെ സന്ദർശിച്ചത്. അമ്മ ഉപേക്ഷിച്ചതും ഒറ്റപ്പെട്ടുപോയതുമായ പഞ്ചിന്റെ കഥ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പഞ്ചിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ താരം എത്തിയത് പഞ്ചിന്റെ പക്കലുള്ള അതേ ഓറഞ്ച് നിറത്തിലുള്ള ഒരു കളിപ്പാട്ടവുമായാണ്, 'IKEA Orangutan toy'എന്നാണ് അതിന് മാർക്കറ്റിൽ നൽകിയിരിക്കുന്ന പേര്. മൃഗശാലയിലെ സുരക്ഷ ക്രമീകരണങ്ങൾ പാലിച്ച്, എൻക്ലോഷറിന് പുറത്തുനിന്ന് കളിപ്പാട്ടം ഉയർത്തിക്കാട്ടിയും ചിത്രങ്ങൾ പകർത്തിയുമാണ് ലിസ പഞ്ചിനൊപ്പം സമയം ചിലവഴിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ആരാണ് ഈ പഞ്ച്?

2025 ജൂലൈയിൽ ജനിച്ച പഞ്ച് എന്ന ജാപ്പനീസ് മക്കാക്ക് കുരങ്ങന്റെ ജീവിതം തുടക്കം മുതലേ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ജനിച്ച ഉടനെ പഞ്ചിനെ അമ്മ ഉപേക്ഷിച്ചു. തുടർന്ന് മൃഗശാലയിലെ 'മങ്കി മൗണ്ടൻ' എന്ന വലിയ കുരങ്ങൻ കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞ് പഞ്ചിനെ മറ്റ് വലിയ കുരങ്ങന്മാർ ഉപദ്രവിക്കാനും ഒറ്റപ്പെടുത്താനും തുടങ്ങി. ഈ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ മൃഗശാല അധികൃതർ അവന് നൽകിയ ഒരു പാവയാണ് പിന്നീട് അവന്റെ ലോകമായി മാറിയത്. എപ്പോഴും ആ പാവയെ കെട്ടിപ്പിടിച്ചു നടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളെ കണ്ണീരണിയിച്ചിരുന്നു.

ലിസയുടെ സന്ദർശനവും ആഗോള ശ്രദ്ധയും

പഞ്ചിനെ ആശ്വസിപ്പിക്കാൻ ലിസ നേരിട്ടെത്തിയതോടെ മൃഗശാലയിലേക്കുള്ള സന്ദർശകരുടെ തിരക്ക് ഇരട്ടിയായിരിക്കുകയാണ്. ഒരു സാധാരണ വാരാന്ത്യത്തിൽ എത്തുന്നതിനേക്കാൾ ഇരട്ടി ആളുകളാണ് പഞ്ചിനെ കാണാൻ ഇപ്പോൾ എത്തുന്നത്. ലിസ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പഞ്ചിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ജപ്പാനിൽ മാത്രമല്ല, വിദേശങ്ങളിൽ നിന്നുപോലും ആരാധകർ ഇച്ചിക്കാവ മൃഗശാലയിലേക്ക് ഒഴുകുകയാണ്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം പോലും ഏർപ്പെടുത്തേണ്ടി വന്നു.

ലിസയുടെ സന്ദർശനം മറ്റൊരു കൗതുകകരമായ മാറ്റത്തിന് കൂടി കാരണമായി. പഞ്ച് എപ്പോഴും കൂടെക്കൂട്ടുന്ന ഐക്കിയയുടെ ഒറാംഗുട്ടാൻ പാവകളുടെ വിൽപ്പനയിൽ ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചിനോടുള്ള സ്നേഹസൂചകമായി പലരും ഈ പാവകൾ വാങ്ങിത്തുടങ്ങി.

പഞ്ച് ഇപ്പോൾ ഹാപ്പിയാണ്

സന്തോഷകരമായ മറ്റൊരു വാർത്ത, പഞ്ച് ഇപ്പോൾ തന്റെ ഏകാന്തത മറികടന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്. മൃഗശാല പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ പഞ്ച് മറ്റ് കുരങ്ങന്മാരുമായി ഇടപഴകുന്നതും അവർക്കൊപ്പം കളിക്കുന്നതും കാണാം. മറ്റ് വലിയ കുരങ്ങന്മാർ അവനെ ലാളിക്കാനും കൂടെക്കൂട്ടാനും തുടങ്ങിയിട്ടുണ്ട്. പഞ്ചിനെപ്പറ്റി അറിയാൻ #HangInTherePunch എന്ന ഹാഷ്‌ടാഗും സോഷ്യൽ മീഡിയയിൽ സജീവമാണ്.

തന്റെ തിരക്കേറിയ പ്രൊഫഷണൽ ജീവിതത്തിനിടയിലും ഇത്തരം കുഞ്ഞു കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്ന ലിസയുടെ മനസിനെ ആരാധകർ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. മൃഗങ്ങളോടുള്ള സ്നേഹവും ലാളിത്യവും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ കെ-പോപ്പ് താരം.