
കടലിനും ഇറാനും നടുക്കാണിപ്പോള്‍ ട്രംപ്. യുദ്ധം നിര്‍ത്താനാവുന്നില്ല. തുടരാനും പറ്റുന്നില്ല. നിരന്തരം ഭീഷണി മുഴക്കിയിട്ടും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നില്ല. നിര്‍ത്താതെ ബോംബിട്ടിട്ടും ഇറാന്‍ ഗള്‍ഫ് ആക്രമണം തുടരുന്നു. തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സ്ഥാപിച്ച യുഎസ് താവളങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍. എണ്ണ വില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വന്‍ പ്രതിസന്ധിയിലേക്ക് പോവുന്നു. അമേരിക്കയിലാവട്ടെ, യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാര്‍ട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്. ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തതും യുദ്ധക്കെടുതി ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഇനിയിപ്പം എന്തു ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോള്‍, അതൊന്നും കേള്‍ക്കാതെ ലബനോന്‍ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിവെച്ച യുദ്ധം കൈയില്‍നിന്നു പോയ അവസ്ഥ.
കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റിട്ടത്. ഇറാനിതാ നൂറു ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാല്‍ ഇങ്ങനിരിക്കും. എന്നാലോ, അതു കഴിഞ്ഞ് മൂന്നാം നാള്‍ ട്രംപ് മാറ്റിപ്പറഞ്ഞു. ഹോമൂര്‍സ് കടലിടുക്ക് പിടിച്ചടക്കാന്‍ സഹായം വേണം. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍- ഈ രാജ്യങ്ങളോടായിരുന്നു സഹായാഭ്യര്‍ത്ഥന. ഒന്നോ രണ്ടോ രാജ്യങ്ങള്‍ മുക്കിയും മൂളിയും പ്രതികരിച്ചു. മറ്റുള്ളവര്‍ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലിവന്നു. സഹായിക്കാന്‍ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കില്‍, നാറ്റോയുടെ ഭാവി കട്ടപ്പൊകയാവുമെന്ന് ഭീഷണി. സ്‌പെയിനും ഓസ്‌ട്രേലിയയും മുഖത്തുനോക്കിപ്പറഞ്ഞു, തല്‍ക്കാലം ഈ കളിക്ക് ഞങ്ങളില്ല. ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്, ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകള്‍ അങ്ങോട്ട് അയക്കട്ടെ എന്ന്. ട്രംപ് പുച്ഛിച്ചു. തല്‍ക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തില്‍ ചേരുന്നവരെ ഞങ്ങള്‍ക്ക് ആവശ്യമില്ല. എന്നിട്ടോ, അതു പറഞ്ഞ വായിലെ വെള്ളം വറ്റും മുമ്പ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടിവന്നു.
ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ്, ഏത് യുദ്ധത്തിനും കൂടെനിന്ന യൂറോപ്യന്‍ രാജ്യങ്ങളെയെല്ലാം പടിക്കുപുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യന്‍ രാജ്യങ്ങളെ കുറച്ചായി ഏഴയലത്ത് അടുപ്പിക്കാറില്ല. ഇടയ്ക്ക്, ഗ്രീന്‍ലാന്‍ഡ് ഞാനിങ്ങ് എടുക്കുവാ എന്ന് പറച്ചില്‍. തന്നില്ലെങ്കില്‍, താരിഫ് കൊണ്ടടിച്ച് കൊല്ലും എന്ന് ഭീഷണി. എന്നിട്ടാണിപ്പോള്‍ അതേ രാജ്യങ്ങള്‍ക്കു മുന്നില്‍ സഹായം ചോദിച്ച് നില്‍ക്കേണ്ടി വരുന്നത്. ഇറാന്‍ നൂറുശതമാനം തോറ്റെന്ന് ആദ്യം പറഞ്ഞ അതേ ട്രംപാണ്, ഇത് ഞങ്ങള്‍ക്ക് കൂട്ടിയാല്‍ കൂടില്ല, നിങ്ങളെല്ലാവരും സഹായിക്കണം എന്ന് പറയുന്നത്.
നിലവില്‍ ട്രംപിന് മുന്നില്‍ രണ്ട് വഴികളാണുള്ളത്: യുദ്ധം തുടരുക, അല്ലെങ്കില്‍ വിജയം പ്രഖ്യാപിച്ച് പിന്മാറുക. ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടര്‍ന്നാല്‍ ഇറാന്‍ സൈനികമായി ദുര്‍ബലമാവും. എന്നാല്‍, ഹോര്‍മുസിലും ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ ഉയര്‍ത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ പോവാനുമിടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും. ഇറാന്‍ സൈനികമായി ദുര്‍ബലരായി എന്നത് സത്യമാണ്. പക്ഷേ, ആഗോള എണ്ണ വിപണിയെ തകിടം മറിക്കാനും ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കാനും അവര്‍ക്കിപ്പോഴും കഴിയുന്നുണ്ട്. വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുന്‍ പ്രഖ്യാപനം ചീറ്റിപ്പോയി. ഖമനെയിക്കു പകരം വന്നത് അദ്ദേഹത്തിന്റെ മകന്‍. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി. പത്തോ അതിലധികമോ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാന്‍ ഇറാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ കരയുദ്ധം നടത്തുകയാണ് പരിഹാരം. അത് പക്ഷേ, അപകടകരമാണ്.
യുദ്ധം തുടരണോ പിന്മാറണോ എന്ന കാര്യത്തില്‍ ട്രംപ് ശരിക്കും ആശയക്കുഴപ്പത്തിലാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ അതുണ്ട്. ഇടയ്ക്ക് യുദ്ധം വിജയിച്ചെന്ന് പറയും. മറ്റു ചിലപ്പോള്‍ ഇനിയും ഒരുപാട് പോരാടാനുണ്ടെന്ന് പറയും. അപ്പപ്പോള്‍ തോന്നുന്നതാണ് ട്രംപിന് തീരുമാനങ്ങള്‍. സഹജാവബോധം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. യുദ്ധം ചെയ്യാന്‍ തോന്നി, യുദ്ധം തുടങ്ങി. നിര്‍ത്താന്‍ തോന്നിയാല്‍ യുദ്ധം നിര്‍ത്തുംഎന്നാണ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. പക്ഷേ, ഇത് യുദ്ധമാണ്. അപ്പപ്പോള്‍ തോന്നുന്നത് ചെയ്യലല്ല, കൃത്യമായി പ്ലാന്‍ ചെയ്യുകയും സൂക്ഷ്മമായി നടപ്പാക്കുകയുമാണ് അതിന്റെ പ്രാഥമിക പാഠം. വരുംവരായ്കകള്‍ കണക്കിലാക്കിയും സ്വന്തം ജനതയെ അക്കാര്യം ബോധ്യപ്പെടുത്തുകയുമാണ് അടുത്ത പാഠങ്ങള്‍. ഇതാണ് ട്രംപ് ശരിക്കും മിസ്സ് ചെയ്യുന്നത്.
ശരിക്കും എന്താണ് ട്രംപിന് സംഭവിച്ചത്. യുഎസ് സെനറ്റര്‍ ക്രിസ് മര്‍ഫി അതിനുള്ള കാരണങ്ങള്‍ വ്യക്തമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. ഒന്ന്, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞു, ട്രംപ് അതങ്ങ് വിശ്വസിച്ചു. ഒന്നാമത്തെ അബദ്ധം. രണ്ട് യുഎസ് നാവികസേനയുടെ പരിമിതികള്‍: യുഎസ് നേവി വിചാരിച്ചാല്‍ ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കാമെന്ന് ട്രംപ് കരുതി. അതും ചീറ്റി. മൂന്ന്, ഇറാന്റെ ഡ്രോണ്‍ യുദ്ധമുറയെ ട്രംപ് സീരിയസായി എടുത്തില്ല. യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ട്രംപ് ഒന്നും പഠിച്ചില്ല. നാല്, ഹിസ്ബുല്ലയും ഇറാഖിലെ ഇറാന്‍ അനുകൂല സായുധസംഘങ്ങളും ഉയര്‍ത്തുന്ന ഭീഷണി. അത് ട്രംപ് കാര്യമായി എടുത്തില്ല. ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കാണ് ഇത് വഴിതുറന്നത്. അഞ്ച്, യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനുമുണ്ടായിരുന്ന്ില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മുന്‍ പ്രസിഡന്റുമാര്‍ ഇറാനോട് യുദ്ധത്തിന് നില്‍ക്കായതിരുന്നത്. 'ട്രംപിന് യുദ്ധത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏക വഴി' സെനറ്റര്‍ മര്‍ഫി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam