സ്വര്‍ണ്ണ നദി പോലെയൊഴുകി ലാവ; ലാ പാല്‍മയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിനൊപ്പം ഭൂമികുലുക്കവും

First Published Oct 23, 2021, 11:43 AM IST

2021 സെപ്തംബര്‍ 19 മുതല്‍ സജീവമായ സ്പെയിനിലെ ലാ പാല്‍മ ( La Palma) ദ്വീപിലെ കുംബ്ര വിയ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം  നഗരത്തെ വിഴുങ്ങി. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവ വീടുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങി നഗരത്തെ തന്നെ വിഴുങ്ങി കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണ നദി പോലെയൊഴുകുന്ന ലാവ ഒരു വലിയ പാറയും വഹിച്ചുകൊണ്ട് ഒഴുകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി. സ്പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വടക്കുപടിഞ്ഞാറൻ ദ്വീപാണ് ലാ പാല്‍മ.  708 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (273 ചതുരശ്ര മൈൽ) എട്ട് പ്രധാന കാനറി ദ്വീപുകളിൽ അഞ്ചാമത്തെ വലിയ പ്രദേശമാണിത്. ജനസംഖ്യ 85,000 മുകളിലാണ് ജനസംഖ്യ. അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. 40 വര്‍ഷത്തിന് ശേഷമാണ് കാനറി ദ്വീപില്‍ ഒരു അഗ്നിപര്‍വ്വതം സജീവമാകുന്നത്. ലാ പാല്‍മയിലെ കുംബ്ര വിയയുടെ പെട്ടിത്തെറി മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുമെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

85,000 പേര്‍ താമസിക്കുന്നെങ്കിലും ദ്വീപിലെ എല്ലാവരെയും അഗ്നിപര്‍വ്വത സ്ഫോടനം ബാധിച്ചിട്ടില്ല. ഇതുവരെയായി ഏതാണ്ട് 8,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു. 

കുംബ്ര വിയയില്‍ നിന്നും ഉരുകിയിറങ്ങുന്ന പാറ 866 ഹെക്ടറിലധികം (2,100 ഏക്കർ) സ്ഥലത്തേക്ക് വ്യാപിച്ചുകഴിഞ്ഞു. 2,185 കെട്ടിടങ്ങൾക്ക് തകരുകയോ ലാവാ പ്രവാഹത്തില്‍ ഉരുകിയില്ലാതാവുകയോ ചെയ്തിരിക്കാമെന്നും അധികൃതര്‍ പറയുന്നു. 

അഗ്നിപര്‍വ്വതം സജീവമായതിന് ശേഷം നിരവധി ഭൂകമ്പങ്ങളും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതാണ്ട് അമ്പതോളം ഭൂചലനങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇന്നലെ രാത്രി മാത്രം 4.3 റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദ്വീപില്‍ ഇതുവരെയായി ഏതാണ്ട് 42 -ളം ഭൂകമ്പ ചലനങ്ങൾ രേഖപ്പെടുത്തപ്പെട്ടു. 

ടൂറിസവും വാഴകൃഷിയുമാണ് ലാ പാല്‍മാ ദ്വീപിന്‍റെ പ്രധാന വരുമാനം. അഗ്നിപര്‍വ്വത സ്ഫോടനം മൂലം ഹെക്ടര്‍ കണക്കിന് വാഴത്തോപ്പുകളാണ് നശിപ്പിക്കുപ്പെട്ടത്. ലാ പാല്‍മയിലെ തകര്‍ന്നടിഞ്ഞ സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സ്പാനിഷ് സർക്കാർ ദശലക്ഷക്കണക്കിന് യൂറോ വാഗ്ദാനം ചെയ്തു.

'എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് അഗ്നിപര്‍വ്വത സ്ഫോടനം ഒന്ന് ഒതുങ്ങുകയെന്നത്. എന്നാല്‍ പൊട്ടിത്തെറിയുടെ അന്ത്യം കാണുന്നതിനുള്ള  ലക്ഷണങ്ങളൊന്നുമില്ലെന്ന്' വലൻസിയയിൽ നടന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനത്തിൽ പ്രസിഡന്‍റ്എയ്ഞ്ചൽ വിക്ടർ ടോറസ് പറഞ്ഞു. 

സെപ്തംബർ 19-ന് അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയതിനുശേഷം ലാ പാൽമയിലെ 742 ഹെക്ടറിലധികം (1,833 ഏക്കർ) ഭൂമിയും 2,000-ത്തോളം കെട്ടിടങ്ങളും ലാവാ പ്രവാഹത്തില്‍ നശിപ്പിക്കപ്പെട്ടു. 

ഏകദേശം 85,000 നിവാസികളുള്ള ദ്വീപിൽ നിന്ന് 8,000 പേരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം കാരണം പലപ്പോഴും ലാ പാൽമയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കേണ്ടിവരുന്നെന്ന് എയർ ബിന്‍റർ പറഞ്ഞു.

അതിനിടെ മറ്റൊരാശങ്കയുമായി ശാസ്ത്രജ്ഞരെത്തി. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്‍ററിക് സമുദ്രത്തിലെത്തിലെത്തിയാല്‍ വിഷവാതകങ്ങൾ പുറം തള്ളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ആശങ്കരേഖപ്പെടുത്തി. 

ലാവ പ്രവാഹം സമുദ്രത്തിലെത്തി ചേര്‍ന്ന് പ്ലായാ ന്യൂവ പ്രദേശത്തെ വെള്ളത്തില്‍ ശക്തമായ നീരൊഴുക്ക് ഉയരുന്നതായി കാണപ്പെട്ടു. ഇങ്ങനെ ഉയരുന്ന ചൂട് നീരാവി ചർമ്മത്തിനും കണ്ണിനും ശ്വസനത്തിനും പ്രശ്നകരമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

എന്നാല്‍, കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെ ലാവ കടലിലെത്തി ചേര്‍ന്നെങ്കിലും വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കാനറി ഐലൻഡ്‌സ് വോൾക്കാനിക് ഇൻസ്റ്റിറ്റ്യൂട്ട് (ഇൻവോൾകാൻ) അറിയിച്ചു. 

അഗ്നിപർവ്വത സ്ഫോടനത്തെ തുടര്‍‌ന്ന് ദുരിതമനുഭവിക്കുന്ന എല്ലാവർക്കും  സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. 600 മീറ്റർ (1,968 അടി) വരെ വീതിയുള്ള ലാവകൾ ചില പ്രദേശങ്ങളിലെ ഭൂപ്രകൃതിയെ തകർത്തു. 

ലാ പാൽമയിലെ ആളുകൾ പൊട്ടിത്തെറി ആരംഭിച്ചതു മുതൽ ഭയങ്കര ശൂന്യത അനുഭവപ്പെട്ടുവെന്നും സ്പാനിഷ് പ്രസിഡന്‍റ് ഏഞ്ചൽ വെക്ടർ ടോറസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച തന്നെ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടം 400 മില്യൺ ഡോളര്‍ കവിഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.

സ്പെയിനിലെ ലാ പാൽമ അഗ്നിപർവ്വതത്തിന് സമീപം കുടുങ്ങിയ മൂന്ന് നായ്ക്കളെ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷിക്കാനുള്ള ശ്രമങ്ങാരംഭിച്ചു.

ഇതിനായി 50 കിലോഗ്രാം ഭാരമുള്ള ഡ്രോണും വിശാലമായ വലയും നായ്ക്കൾ കുടുങ്ങിക്കിടക്കുന്ന മേഖലയിലേക്ക് അയക്കുമെന്ന് ഡ്രോൺ ഓപ്പറേറ്ററായ എയറോകാമറാസിന്‍റെ സിഇഒ, ജെയിം പെരേര പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!