കാനഡയിലെ മിസ്സിസാഗയിൽ, വനിതാ ഡോക്ടർമാരുള്ള ക്ലിനിക്കുകളിൽ വ്യാജ രോഗം നടിച്ച് നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യൻ വംshജനായ 25-കാരൻ അറസ്റ്റിൽ. വൈഭവ് എന്ന ഇയാൾ ആകാശ്ദീപ് സിംഗ് എന്ന വ്യാജ പേരിലാണ് പലപ്പോഴും ക്ലിനിക്കുകളിൽ എത്തിയിരുന്നത്. 

ഒട്ടാവ: കാനഡയിലെ മിസ്സിസാഗയിലെ വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ഡോക്ടർമാർക്കും വനിതാ ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് 25 വയസ്സുള്ള ഇന്ത്യൻ വംശജനായ യുവാവിനെ പീൽ റീജിയണൽ പൊലീസ് (പിആർപി) അറസ്റ്റ് ചെയ്തു. 25കാരനായ വൈഭവ് ആണ് അറസ്റ്റിലായത്. ഇയാൾ ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയായ വൈഭവ്, വ്യാജമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് നടിച്ചാണ് ക്ലിനിക്കുകളിൽ എത്തിയിരുന്നത്. വനിതാ ഡോക്ടർമാരെ കാണുകയും മോശമായി പെരുമാറുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. 2025-ൽ നിരവധി ക്ലിനിക്കുകളിൽ പ്രതി സമാന ഉപദ്രവം നടത്തിയെന്നും പൊലീസ് അറിയിച്ചു.

ഇൻഡീസന്റ് ആക്റ്റ് (Indecent Act) അന്വേഷണവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ ഒരാളെ 12-ാം ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) അറസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്തിരിക്കുന്നുവെന്ന് പിആർപി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആരോപണവിധേയൻ ക്ലിനിക്കിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, ഡോക്ടർമാരെ കാണാൻ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. സ്ത്രീകളായ ഡോക്ടർമാരെക്കൊണ്ട് തന്നെ അനുചിതമായി സ്പർശിക്കാനായി പ്രതി വ്യാജ രോഗാവസ്ഥകൾ സൃഷ്ടിച്ചതായും പറയുന്നു. ചില സന്ദർഭങ്ങളിൽ ആകാശ്ദീപ് സിംഗ് എന്ന വ്യാജ പേര് ഇതിനായി ഉപയോഗിച്ചു. പ്രതി മിസ്സിസാഗയിലുടനീളമുള്ള ഒന്നിലധികം മെഡിക്കൽ ക്ലിനിക്കുകൾ സന്ദർശിക്കുകയും വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഡിസംബർ 4-ന് അറസ്റ്റിലായ വൈഭവ്, ജാമ്യ ഹിയറിംഗ് നടക്കുന്നതുവരെ ജയിലിൽ തുടരും.

പൊതുസ്ഥലത്ത് അശ്ലീല പ്രവർത്തി, നേട്ടം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള വ്യക്തിഗത വിവര മോഷണം, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വെക്കൽ, വ്യക്തിഗത വിവര മോഷണം എന്നിവ ഉൾപ്പെടെ നാല് ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ഔദ്യോഗികമായി ചുമത്തിയിട്ടുള്ളത്.