ലോക ആനദിനത്തില്‍ നീണ്ടയാത്രകള്‍ക്കൊടുവില്‍ ആ സഞ്ചാരികള്‍ മടങ്ങുന്നു

First Published Aug 12, 2021, 1:52 PM IST

17 മാസം 300 മൈല്‍ ദൂരം. ഇക്കണ്ട ദൂരവും ഇക്കണ്ട മാസവും ചൈന 14 ആനകളുടെ പുറകെയായിരുന്നു. ചൈന മാത്രമല്ല, ലോകത്തിലെ മറ്റ് ആനപ്രേമികളും മൃഗസ്നേഹികളും ഏറെ കൌതുകത്തോടെ കണ്ട ഒരു യാത്രയായിരുന്നു അത്. നീണ്ടകാലത്തെ നീണ്ട നടത്തത്തിനൊടുവില്‍ ആനക്കൂട്ടം തിരിച്ച് പോക്കിന്‍റെ പാതയിലാണെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍. അതിനിടെയില്‍ അവര്‍ പോയ വഴികളിലെല്ലാം നിരീക്ഷണവുമായി ചൈനീസ് സര്‍ക്കാരും ഒപ്പമുണ്ടായിരുന്നു. ലോകത്താദ്യമായി ആനകളുടെ സഞ്ചാരം അങ്ങനെ മനുഷ്യനും കണ്ടു. ഇന്ന് ആ ആനകളറിയാതെ മനുഷ്യന്‍ ലോക ആന ദിനം ആഘോഷിക്കുന്നവേളയില്‍ സഞ്ചാരികളായ ആനകളുടെ കഥയറിയാം. 

ഇക്കണ്ട നടത്തത്തിനിടെയില്‍ ആനക്കുട്ടത്തിലെ രണ്ട് ഗര്‍ഭിണികള്‍ രണ്ട് ആനക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ആ കുരുന്നുകളും നടത്തത്തില്‍ പങ്കു ചേര്‍ന്നു. ആനകളുടെ ഉറക്കത്തിന്‍റെ ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ഫോട്ടോകളാണ് തരംഗമായത്. 

നീണ്ട യാത്രക്കിടയില്‍ 7,60,000 പൗണ്ടിലധികം നാശനഷ്ടങ്ങളാണ് ആനക്കൂട്ടം മനുഷ്യര്‍ക്ക്  സമ്മാനിച്ചത്.  400 ഉദ്യോഗസ്ഥര്‍, 120 വാഹനങ്ങള്‍, ഡസന്‍ കണക്കിന് ഡ്രോണുകള്‍... ഇവയെല്ലാം ആനകളുടെ യാത്രയെ അനുഗമിച്ചു. യുനാൻ പ്രവിശ്യയിലെ യുവാൻജിയാങ് കൗണ്ടിയിലെ ഒരു തോട്ടത്തിലാണ് കഴിഞ്ഞ ശനിയാഴ്ചയെത്തിയത്. അത് അവരുടെ സ്വാഭാവിക വാസസ്ഥലമായ തെക്കൻ യുനാനിലെ നിന്ന് 125 മൈൽ വടക്ക് മാറിയാണ്. 

കഴിഞ്ഞ വർഷം മാർച്ചിലാണ് ആനകളുടെ കൂട്ടം സഞ്ചാരം തുടങ്ങിയത്.  ലോകത്തിലെ മൃഗശാസ്ത്രജ്ഞരെ മൊത്തം അതിശയിപ്പിച്ച യാത്രയായിരുന്നു അത്. തിരക്കേറിയ ഹൈവേകൾ, നഗര കേന്ദ്രങ്ങൾ, മനുഷ്യ വാസമുള്ള സ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍.... അങ്ങനെ തങ്ങളുടെ യാത്രാപഥത്തിലുള്ള എല്ലാറ്റിനെയും മറികടന്നാണ് ആനക്കൂട്ടം സഞ്ചരിച്ചത്. 

യാത്ര വഴിയിൽ കണ്ട കടകൾ അവ ആക്രമിച്ചു. അല്ല, ഭക്ഷണത്തിനായി അവ കടകളില്‍ കയറി. അവിടെയുള്ള ഭക്ഷ്യവസ്തുക്കളെടുത്ത് കഴിച്ച് സാവധാനം മടങ്ങി. നീണ്ട യാത്രയ്ക്ക് ശേഷമുള്ള മടക്കത്തില്‍ ആന സംഘം ക്ഷീണിതരാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

കുന്‍മിങ്ങിന്‍റെ പ്രാന്തപ്രദേശം വരെ അവരെത്തി ചേര്‍ന്നു. പിന്നെ അവര്‍ അവിടെ നിന്ന് മടങ്ങി. ആനകൾ അവിശ്വസനീയമാം വിധം ബുദ്ധിശക്തിയുള്ള ജീവികളാണെന്നത് പൊതുവായ അറിവാണ്. എന്നാല്‍ ഇത്രയും ദീര്‍ഘദൂരം സഞ്ചരിച്ച ശേഷം വീണ്ടും തങ്ങളുടെ സ്വാഭാവിക വനപ്രദേശത്തേക്കുള്ള മടക്കം ഏവരെയും അതിശയിപ്പിച്ചു. 

'സത്യം, ആർക്കും അറിയില്ല. വിഭവങ്ങൾ, ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവയുടെ ആവശ്യകതയുമായി ഇത് മിക്കവാറും ബന്ധപ്പെട്ടിരിക്കുന്നു. ഏഷ്യൻ ആനകൾ കാട്ടിൽ വസിക്കുന്ന മിക്ക സ്ഥലങ്ങളിലും മനുഷ്യന്‍റെ അസ്വസ്ഥതകൾ വർദ്ധിക്കുന്നത് അവയുടെ ആവാസവ്യവസ്ഥയുടെ വിഘടനത്തിന് കാരണമാകുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് അർത്ഥവത്താകും.' എന്നാണ് ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ ഹണ്ടർ കോളേജിലെ ആന സൈക്കോളജി അസിസ്റ്റന്‍റ് പ്രൊഫസർ ജോഷ്വാ പ്ലോട്ട്നിക് ബിബിസിയോട് പറഞ്ഞത്. 

ആനകളുടെ യാത്ര, സാമൂഹിക ചലനാത്മകതയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നു. ആനകൾ തങ്ങളുടെ കൂട്ടത്തിലെ അമ്മ/സ്ത്രീയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മൃഗങ്ങളാണ്. 

സാധാരണയായി ഏറ്റവും പ്രായം കൂടിയതും ബുദ്ധിമതിയായതുമായ പെണ്ണിനെയാണ് അവ പിന്തുടരുന്നത്.  എന്നാൽ പ്രായപൂർത്തിയായതിന് ശേഷം, കൊമ്പന്മാര്‍ കൂട്ടം പിരിഞ്ഞ് പോകുകയും ഒറ്റയ്‌ക്കോ അല്ലെങ്കിൽ ഒരേ ലിംഗത്തിലുള്ള മറ്റ് ആനകളോടൊപ്പമോ സഞ്ചരിക്കുകയോ ചെയ്യുന്നു.  

ആനകൂട്ടത്തിലെ നായികയായ പിടിയാന ചിലപ്പോള്‍ മുഴുവൻ ഗ്രൂപ്പിനെയും വഴിതെറ്റിച്ചേക്കാം, ഒരുപക്ഷേ അവൾക്ക് 'അനുഭവപരിചയമില്ലാത്തത്' കൊണ്ടാകാം ഇത്. യാത്രയാരംഭിക്കുമ്പോള്‍ ഈ ആനക്കൂട്ടത്തില്‍ 13 പിടിയാനകളും മൂന്ന് കൊമ്പനാനകളുമായിരുന്നു ഉണ്ടായിരുന്നത്.  അതിൽ രണ്ടെണ്ണം ഒരു മാസത്തിന് ശേഷം പിരിഞ്ഞ് പോയി. മൂന്നാമത്തെ കൊമ്പനാന ആഴ്ചകൾക്ക് മുമ്പ് കൂട്ടത്തില്‍ നിന്ന് വഴിപിരിഞ്ഞു. യുനാൻ സർവകലാശാലയിലെ പ്രൊഫസറായ ചെൻ മിംഗ്യോംഗ് അഭിപ്രായപ്പെട്ടു. 

'ഇത് അസാധാരണമല്ല, പക്ഷേ, ആ കൊമ്പന്‍ ഇത്രയും കാലം കൂട്ടത്തോടൊപ്പം താമസിച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു. ഒരുപക്ഷേ അപരിചിതമായ പ്രദേശം കാരണമാകാം. അവർ ഒരുമിച്ച് ഒരു പട്ടണത്തിലേക്കോ ഗ്രാമത്തിലേക്കോ നടക്കുന്നത് കണ്ടാല്‍ അവ വളരെ സമ്മർദ്ദം അനുഭവിക്കുന്നതായി തോന്നുന്നു. ഷിഷുവാങ്‌ബന്ന ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രൊഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ അഹിംസ കാംപോസ് അർസീസ് പറഞ്ഞു: 

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലെ കുൻമിംഗിന് സമീപമുള്ള വനത്തിലെ ആനകൾ ഉറങ്ങുന്ന ചിത്രങ്ങള്‍ അസാധാരണമായതെന്നാണ് മറ്റൊരു ആന വിദഗ്ദ്ധനായ സാംബിയ ആസ്ഥാനമായുള്ള ഗെയിം റേഞ്ചേഴ്സ് ഇന്‍റർനാഷണലിൽ നിന്നുള്ള ലിസ ഒലിവർ പറയുന്നത്. 

ആനക്കുട്ടികള്‍ സാധാരണയായി നിലത്ത് കിടന്നുറങ്ങുന്നു. മുതിർന്നവരാകട്ടെ എന്തെങ്കിലും മരത്തിലോ മറ്റോ ചാഞ്ഞാണ് കിടക്കുന്നത്. എന്തെങ്കിലും അപകടമുണ്ടായാൽ വേഗത്തിൽ എഴുന്നേൽക്കാനുള്ള സൌകര്യത്തിനാണിതെന്നും ലിസ ഒലിവർ പറയുന്നു. 

'അവർ കിടക്കുകയാണെന്ന വസ്തുത സൂചിപ്പിക്കുന്നത് അവരെല്ലാം ക്ഷീണിതരാണെന്നാണ്. ഈ യാത്രയും അതിലെ അനുഭവങ്ങളും എല്ലാം അവർക്ക് വളരെ പുതിയതായിരിക്കണം. 'അവരുടെ ആശയവിനിമയത്തിന്‍റെ ഭൂരിഭാഗവും ഇൻഫ്രാസോണിക് ശബ്ദമാണ്. അവരുടെ കാലുകളുടെ വൈബ്രേഷൻ അടക്കം. എന്നാൽ പട്ടണങ്ങളിലും നഗരങ്ങളിലുമെത്തുമ്പോള്‍ അവർ വാഹനങ്ങളുടെ മനുഷ്യന്‍റെ ശബ്ദം കേൾക്കുന്നു, ലിസ ഒലിവർ വിശദീകരിക്കുന്നു.

യാത്രയിലുടനീളം അവ ഒരു നിശ്ചിത പാത പിന്തുടര്‍ന്നില്ല. അവർ കുടിയേറുകയല്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. 1990 -കളിൽ 193 ആയിരുന്നു യുനാൻ പ്രവിശ്യയിലെ ആനകളുടെ എണ്ണം. എന്നാല്‍ ഇന്ന് അത് 300 -ലേക്ക് ഉയർന്നു. ആനകളുടെ ജനസംഖ്യ വർദ്ധിച്ചുവെങ്കിലും അതിനനുസൃതമായി വനമോ വനവിഭവങ്ങളോ വളര്‍ന്നില്ല. 

വനനശീകരണത്തിന്‍റെയും നഗരവൽക്കരണത്തിന്‍റെയും പ്രത്യാഘാതങ്ങൾ ആനകളുടെ ആവാസവ്യവസ്ഥ ഗണ്യമായി കുറച്ചു. എങ്കിലും ആനകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ലോകത്തിലെ ഏക രാജ്യങ്ങളിലൊന്നാണ് ചൈന. 

ഭക്ഷണത്തിന് മെച്ചപ്പെട്ട ലഭ്യതയുള്ള ഒരു കാട് തേടിയാകാം ഈ ആനസംഘത്തിന്‍റെ സഞ്ചാരമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. ആനകളുടെ ഈ നീണ്ടയാത്രയോടൊപ്പം നിന്ന് മൃഗങ്ങളെ നിരീക്ഷിക്കാനും അവയുടെ ശീലങ്ങൾ പഠിക്കാനും ചൈനീസ് സർക്കാരും പ്രാദേശിക അധികാരികളും സംരക്ഷകരും ഒറ്റക്കൊട്ടായി പ്രവര്‍ത്തിക്കുന്നു. 

ആനകളുടെ സഞ്ചാരപാതയില്‍ അവയുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി, ലക്ഷക്കണക്കിന് ആളുകളെ ചൈനീസ് സര്‍ക്കാര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇതിനകം ഒഴിപ്പിച്ച് കഴിഞ്ഞു. യാത്ര സുഖമമാക്കാന്‍ തിരക്കേറിയ റോഡുകള്‍ പോലും അടച്ചിട്ടു. 

കഴിഞ്ഞ ഞായറാഴ്ച രാത്രി യുവാൻജിയാങ് നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ആനകള്‍ തിരികെ നടക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. 

ഷിഷുവാങ്ബന്ന ദായ് സ്വയംഭരണ പ്രദേശത്തുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാനുള്ള വഴിലാണവര്‍. ഏങ്കിലും തങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് ഏകദേശം 125 മൈൽ അകലെയുള്ള യുവാൻജിയാങ് കൗണ്ടിയിലാണ് അവയിപ്പോഴും. 

എങ്കിലും നദി മുറിച്ചുകടന്നതിന് ശേഷം ആനകള്‍ അവയുടെ 'അനുയോജ്യമായ ആവാസവ്യവസ്ഥ'യിലാണെന്ന് നാഷണൽ ഫോറസ്ട്രി ആൻഡ് ഗ്രാസ്ലാൻഡ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ആനക്കൂട്ടത്തിന്‍റെ യാത്രാ പുരോഗതി സുപ്രധാനമാണെന്നും ഉടൻ തന്നെ ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തിരിച്ചെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!