ജപ്പാനില്‍ ഒളിംപിക്സ് പൊടിപൊടിക്കുമ്പോള്‍, ഗ്രീക്കിലെ ഒളിംപിക്സിന്‍റെ ഈറ്റില്ലം കാട്ടുതീയില്‍ കത്തിയമര്‍ന്നു

First Published Aug 5, 2021, 4:37 PM IST

പ്പാനിലെ ഒളിംപിക് ഗ്രാമത്തില്‍ ലോക കായിക പൂരം പൊടിപാറിക്കുമ്പോള്‍ അങ്ങകലെ ഗ്രീക്കില്‍ പുരാതന ഒളിംപിക്സിന്‍റെ ഈറ്റില്ലമായ ഗ്രാമത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നും ഗ്രീക്ക് ഭരണകൂടം ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. പടിഞ്ഞാറൻ പെലോപ്പൊന്നീസിലെ പുരാതന ഒളിമ്പിക് ഗെയിംസ് നടക്കുന്ന ഗ്രാമത്തിന് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് ഇന്നലെ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങിയത്. രാജ്യത്തുടനീളം കാട്ടുതീ പടർന്നുപിടിക്കുകയും കാടുകളും കെട്ടിടങ്ങളും കത്തിയമരുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് ആളുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തു.  തുർക്കിയിലും മെഡിറ്ററേനിയനിലെ മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച 40 സെൽഷ്യസ് (104 ഫാരൻഹീറ്റ്) താപനിലയും ശക്തമായ കാറ്റും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 150 ലധികം കാട്ടുതീ പടർത്തിയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രീക്ക് തലസ്ഥാനത്തെ ചുറ്റിന്നില്‍ക്കുന്ന പർവതത്തിന്‍റെ ചുവട്ടിലുള്ള ഒരു പൈൻ വനത്തിൽ ചൊവ്വാഴ്ചയാണ് ആദ്യം തീപിടിത്തം ആരംഭിച്ചത്. പിന്നീട് ഏതാണ്ട് 150 ഒളം തീപിടിത്തങ്ങള്‍ രാജ്യമെമ്പാടും റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. 

പുരാതന ഒളിമ്പിക് മത്സരങ്ങള്‍ നടന്ന പടിഞ്ഞാറൻ പെലോപ്പൊന്നീസ് മേഖലയിലെ പുരാവസ്തു കേന്ദ്രത്തിന് സമീപം ഒരു ഡസനോളം ഗ്രാമങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഏതാണ്ട് 160 ഓളം അഗ്നിശമന സേനാംഗങ്ങൾ ഇവിടെ കാട്ടുതീ അണയ്ക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

പുരാതന കായിക ഗ്രാമത്തിന്‍റെ അമൂല്യ സാന്നിധ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിമാനങ്ങളില്‍ നിന്ന് വെള്ളം ഒഴിക്കുന്ന പരിപാടി തുടരുകയാണ്. നിരവധി അഗ്നിശമന സേനാംഗങ്ങളും തീയണയ്ക്കല്‍ പ്രവര്‍ത്തിയിലാണ്. 

"മനുഷ്യജീവന് ശേഷം ഞങ്ങളുടെ മുൻഗണന നമ്മുടെ ചരിത്രം സംരക്ഷിക്കുക എന്നതാണ്. പുണ്യസ്ഥലം സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു" എന്ന്  പ്രാദേശിക മേയർ പനജിയോട്ടിസ് അന്‍റോണാകോ പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾ ഇപ്പോഴും പല മുന്നണികളായി നിന്ന് ഒരു യുദ്ധത്തിലാണ്. അടുത്ത ദിവസങ്ങളില്‍ ചിലപ്പോള്‍ ഇത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും," ഡെപ്യൂട്ടി സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നിക്കോസ് ഹർദാലിയാസ് പറഞ്ഞു. 

ആധുനിക ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിലേക്ക് ഒളിമ്പിക് ജ്വാലയുമായി യാത്ര ആരംഭിക്കുന്ന സ്ഥലം, ഗ്രീസിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. 2007 -ലെ കാട്ടുതീയില്‍ ഇവിടെ ഭീഷണി നേരിട്ടിരുന്നു. 

രാജ്യത്തിന്‍റെ മറുവശത്ത്, ഏഥൻസിനടുത്തുള്ള എവിയ ദ്വീപിലെ പൈൻ വനങ്ങളിൽ പടര്‍ന്ന കാട്ടുതീയില്‍ നിന്ന്  85 പേരെ രക്ഷപ്പെടുത്തി. 

രാത്രി മുഴുവനും തീയാളുകയായിരുന്നു. വനം ഏതാണ്ട് മുഴുവനായും കത്തിയമര്‍ന്നു. ഗ്രാമങ്ങള്‍ കത്തിതീര്‍ന്നു. ഞങ്ങള്‍ക്ക് വീടും വളര്‍ത്തുമൃഗങ്ങളെയും ഉപേക്ഷിക്കേണ്ടി വന്നു, പ്രദേശവാസിയായ ക്രിസ്റ്റീന കട്സിനി മാധ്യമങ്ങളോട് പറഞ്ഞു. 

ഫ്രാൻസിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സ്വീഡനിൽ നിന്നുള്ള രണ്ട് വിമാനങ്ങളും ഗ്രീസിലെ കാട്ടുതീയണയ്ക്കാന്‍ ഇന്ന് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി വക്താവ് പറഞ്ഞു. 

ഏഥൻസിന്‍റെ വടക്കൻ പ്രാന്തപ്രദേശത്ത് കാട്ടുതീ പടരുന്നതില്‍ കുറവുണ്ടെങ്കിലും പുക മേഘം പ്രദേശത്തെ ഇരുട്ടിലാഴ്ത്തി. പ്രദേശത്ത് ഏതാണ്ട് 150 ഓളം വീടുകള്‍ കത്തിയമര്‍ന്നതായാണ് വിവരം. 

പടിഞ്ഞാറന്‍ അമേരിക്കയിലും കാനഡയിലും പശ്ചിമേഷ്യയിലും കഴിഞ്ഞ മാസങ്ങളില്‍ വീശിയടിച്ച ഉഷ്ണതരംഗത്തിന് സമാനമായ ഉഷ്ണതരംഗം ഇപ്പോള്‍ ഗ്രീക്ക് - തുര്‍ക്കി പ്രദേശങ്ങളില്‍ വീശുകയാണ്.

തുര്‍ക്കിയില്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഹെക്ടര്‍കണക്കിന് കൃഷിപ്പാടങ്ങളും ആയിരക്കണക്കിന് വീടുകളുമാണ് പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ കത്തിയമര്‍ന്നത്. 

ആഗോള താപനം കാട്ടുതീയുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇവിയയിൽ, കാട്ടിൽ നിന്ന് ഉയർന്നുവരുന്ന വലിയ തീജ്വാലകൾ കടലിൽ നിന്ന് തന്നെ കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വന്‍കരയിലെ കാട്ടുതീയോടൊപ്പം മലപ്രദേശങ്ങല്‍ നിറഞ്ഞ ചെറു ദ്വീപുകളിലെ കാട്ടുതീ നിയന്ത്രിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. 

ഏഴ് ഹെലികോപ്റ്ററുകളുടെയും വാട്ടർ ബോംബിംഗ് വിമാനങ്ങളുടെയും സഹായത്തോടെ 100 അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുന്നുണ്ടെന്ന് സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാർ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഗ്രീസ് മൊത്തം 118 തീപിടുത്തങ്ങളാണ് ഉണ്ടായത്. 

എന്നാൽ പ്രാദേശിക രാഷ്ട്രീയക്കാർ വിഭവങ്ങളുടെ അഭാവത്തെ കുറിച്ചാണ് പറഞ്ഞത്.  മനുഷ്യരുടെ ജീവൻ അപകടത്തിലാക്കാതിരിക്കാൻ വ്യോമ, കര സേനകളെ രംഗത്തിറക്കണമെന്ന് ലിമ്നി മേയർ ജിയോർഗോസ് സപൗർനോട്ടിസ്, എഎന്‍എ വാർത്താ ഏജൻസിയോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!