അമേരിക്കയില്‍ 23,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ടെത്തി

First Published Sep 24, 2021, 3:07 PM IST

നുഷ്യന്‍ ഭൂമിയില്‍ ജീവിതം തുടങ്ങിയിട്ട് എത്രകാലമായെന്നത് ഇന്നും തര്‍ക്കവിഷയമാണ്. എന്നാല്‍ ഏറ്റവും ഒടുവിലെ കണ്ടെത്തലുകള്‍ അനുസരിച്ച് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ 23,000 ത്തിനും 21,000 വര്‍ഷത്തിനും ഇടയില്‍ മനുഷ്യന്‍ ജീവിച്ചിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ലഭിച്ചെന്ന് ബ്രിട്ടീഷ്, അമേരിക്കൻ പുരാവസ്തു ഗവേഷകർ അവകാശപ്പെടുന്നു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് ദേശീയ സ്മാരകം അടങ്ങിയ പ്രദേശത്താണ് പുതിയ കണ്ടെത്തലുകള്‍ ഉണ്ടായതെന്ന യുഎസ് ജിയോളജിക്കൽ സർവേ സംഘത്തിന്‍റെ ഗവേഷണ ഫലങ്ങള്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ ഇതിനെ എതിര്‍ത്തും ആളുകള്‍ രംഗത്തെത്തി. എങ്കിലും അമേരിക്കയിലെ ഏറ്റവും പഴയ മനുഷ്യ സാന്നിധ്യത്തിന്‍റെ തെളിവാണ് ഇപ്പോള്‍ കണ്ടെത്തിയ കാല്‍പ്പാടുകളെന്ന് ബ്രിട്ടീഷ് - അമേരിക്കന്‍ ശാസ്ത്രജ്ഞരും വാദിക്കുന്നു. 

ന്യൂ മെക്സിക്കോ സംസ്ഥാനത്തെ  വൈറ്റ് സാൻഡ്സ് ദേശീയ സ്മാരക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആഴമില്ലാത്ത തടാകത്തിന്‍റെ അരികുകളിലാണ് മൃദുവായ ചെളിയിൽ ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാൽപ്പാടുകൾ കണ്ടെത്തിയത്. 

യുഎസ് ജിയോളജിക്കൽ സർവേ സംഘം കാൽപ്പാടുകൾ കണ്ടെത്തിയ സ്ഥലത്തിന്‍റെ മുകളിലും താഴെയുമുള്ള അവശിഷ്ട പാളികളിൽ നിന്ന് എടുത്ത ശിലകളില്‍ റേഡിയോ കാർബൺ ഡേറ്റിംഗ് നടത്തി. 

കാല്പാടുകളുടെ വലിപ്പത്തെ അടിസ്ഥാനപ്പെട്ടുത്തി ഈ കാല്പാടുകള്‍ പ്രധാനമായും കൗമാരക്കാരുടെയും ഇളയ കുട്ടികളുടെതുമാകാമെന്ന് കരുതുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 

അതി ശൈത്യം നിലനിന്നിരുന്ന തെക്കുപടിഞ്ഞാറൻ യുഎസിലെ ഈ പ്രദേശത്തെത്തിയ ആദ്യകാല താമസക്കാരായ കൌമാരക്കാർ എന്താണ് ഇവിടെ ചെയ്തിരുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

പിൽക്കാലത്ത് തദ്ദേശീയ അമേരിക്കൻ സംസ്കാരങ്ങളിൽ കണ്ടെത്തിയ ഒരു തരം വേട്ടയാടൽ സമ്പ്രദായത്തിൽ അവർ മുതിർന്നവരെ സഹായിക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

അമേരിക്കയിലെ ആദിമ മനുഷ്യരില്‍ കണ്ടെത്തിയിരുന്ന, മൃഗങ്ങളെ ആഴം കുറഞ്ഞ പാറക്കെട്ടുകളിലേക്ക് ഓടിച്ച് കയറ്റി കൊല്ലുന്ന അതിപ്രാകൃതമായ ഒരു ചടങ്ങിന്‍റെ ആദ്യരൂപമാകാം ഇവിടെ കണ്ടെത്തിയ കാല്‍പാടുകള്‍ നല്‍കുന്ന സൂചനയെന്ന് ബോൺമൗത്ത് സർവകലാശാലയിലെ ഡോ. സാലി റെയ്നോൾഡ്സ് വിശദീകരിക്കുന്നു. 

ഇവിടെ നിന്നും കണ്ടെത്തിയ ശിലായുധങ്ങൾ വാസ്തവത്തിൽ ആയുധങ്ങളായിരുന്നോ അതോ പ്രകൃതിദത്ത പ്രക്രിയകളിലൂടെ തകർന്ന പാറകളാണോ എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കും ഈ കണ്ടെത്തലുകള്‍ തുടക്കം കുറിച്ചു. 

13,000 വർഷങ്ങൾക്ക് മുമ്പ് മുതൽ വടക്കേ അമേരിക്കയിൽ കണ്ടെത്തിയ അതിമനോഹരമായി നിർമ്മിച്ച കുന്തമുനകളേക്കാൾ ഇവയ്ക്ക് വ്യക്തത കുറവാണെന്നതാണ് ഈ തര്‍ക്കത്തിന്‍റെ പ്രധാന കാരണം.

നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ കണ്ടെത്തിയ തടാകത്തിന് ആഴം കുറവായിരുന്നെന്നും അവർ വാദിക്കുന്നു. 

നടത്തിയ പഠനങ്ങള്‍ പ്രകാരം അവിടെ  23,000 വർഷത്തിനും 21,000 വര്‍ഷത്തിനും ഇടയില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്നതിന് തെളുവുണ്ടെന്ന് പ്രൊഫസർ ഹിഗ്ഹാം ബിബിസി ന്യൂസിനോട് പറഞ്ഞു.

1980 കളിൽ, ചിലിയിലെ മോണ്ടെ വെർഡെയിൽ 14,500 വർഷം പഴക്കമുള്ള ഒരു മനുഷ്യ സാന്നിധ്യം രേഖപ്പെട്ടുത്തിയിരുന്നു. 15,500 വര്‍ഷം പഴക്കമുള്ള സെൻട്രൽ ടെക്സസിലെ ബട്ടർമിൽക്ക് ക്രീക്ക് കോംപ്ലക്‌സും ഐഡഹോയിലെ 16,000 വർഷം പഴക്കമുള്ള കൂപ്പേഴ്സ് ഫെറി സൈറ്റും പിന്നീട് കണ്ടെത്തി.

ഇപ്പോൾ, ന്യൂ മെക്സിക്കോയിൽ നിന്നുള്ള കാൽപ്പാടുകൾ തെളിവുകൾ സൂചിപ്പിക്കുന്നത് മനുഷ്യർ വടക്കേ അമേരിക്കൻ ഉൾപ്രദേശത്ത് എത്തിയെന്നാണ് കഴിഞ്ഞ ഹിമയുഗത്തിന്‍റെ കാലത്തെന്നാണ്.  

അതായത് ഇന്നത്തെ കാനഡയുടെ ഭൂരിഭാഗവും കൂറ്റൻ മഞ്ഞുപാളികൾ മൂടികിടന്നപ്പോളാണ് ആദ്യമായി അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് മനുഷ്യനെത്തി ചേര്‍ന്നതെന്ന്. 

ഈ കണ്ടെത്തൽ അമേരിക്കയിലെ ജനസംഖ്യാ ചരിത്രത്തിൽ സുപ്രധാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. എന്നാല്‍ കാര്‍ബണ്‍ ഡേറ്റിംഗ് എത്രത്തോളം വിശ്വസനീയമാണെന്ന് എനിക്ക് അഭിപ്രായപ്പെടാനാവില്ലെന്ന് ഡോ. ആൻഡ്രിയ മാനിക്ക പറയുന്നു. 

അതിന് കാരണം 23,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിലെ മനുഷ്യരുടെ ഉറച്ച തെളിവുകൾ ജനിതകശാസ്ത്രവുമായി വൈരുദ്ധ്യത്തിലാണെന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ഈ വൈരുദ്ധ്യം ഏകദേശം 15-16,000 വർഷങ്ങൾക്ക് മുമ്പ് ഏഷ്യൻ വംശജരായ അമേരിക്കക്കാരുടെ വിഭജനം വ്യക്തമായി കാണിക്കുന്നതാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരു ജനിതകശാസ്ത്രജ്ഞനായ ഡോ. ആൻഡ്രിയ മാനിക്ക ബിബിസി ന്യൂസിനോട് പറഞ്ഞു.

പതിറ്റാണ്ടുകളായി, ഹോമോ സാപ്പിയൻസ് ആദ്യമായി വടക്കേ അമേരിക്കയിൽ പ്രവേശിച്ചത് 13,000 മുതൽ 16,000 വർഷങ്ങൾക്ക് മുമ്പാണെന്ന നിഗമനത്തിലായിരുന്നു ശാസ്ത്രലോകം. വടക്കേ അമേരിക്കൻ മഞ്ഞുപാളികൾ ഉരുകിയ ശേഷം കുടിയേറ്റ വഴികൾ തുറന്നിരിക്കാമെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. 

ഏകദേശം 16,000 വർഷത്തിലേറെ പഴക്കമുള്ള മനുഷ്യവാസത്തിന് വിശ്വസനീയമായ തെളിവുകളും ചില പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടിട്ടുമുണ്ട്. നാഷണൽ പാർക്ക് സർവീസിലെ സയൻസ് ഉപദേഷ്ടാവായ ഡാൻ ഒഡെസ്, വൈറ്റ് സാൻഡ്സ് കാൽപ്പാടുകൾ 'അവസാന ഗ്ലേഷ്യൽ മാക്സിമത്തിൽ അമേരിക്കയിൽ മനുഷ്യ സാന്നിധ്യത്തിനുള്ള വ്യക്തമായ തെളിവാണ്' എന്ന വാദത്തെ എതിര്‍ക്കുന്നു. 

മിക്ക അക്കാദമിക് വിദഗ്ധരും വിശ്വസിക്കുന്നത് മനുഷ്യർ ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് ബെറിംഗ് കടലിടുക്കിന് കുറുകെയുള്ള പ്രദേശത്തുകൂടിയാകാം കുടിയേറിയതെന്നാണ്. അലാസ്കയ്ക്കും റഷ്യയ്ക്കും ഇടയിലാണ് ബെറിംഗ് കടൽ രൂപപ്പെടുന്നത്. 

എന്നാൽ ഏകദേശം 33,000 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഹിമയുഗത്തിൽ ഏകദേശം 16,000 വർഷങ്ങൾക്ക് മുമ്പ് വരെ ഈ പാത ഹിമാനികൾ തടഞ്ഞിരുന്നെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ കണ്ടെത്തലുകളില്‍ കൂടുതല്‍ പഠനം വേണമെന്നും ഇവര്‍ വാദിക്കുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!