Published : Feb 23, 2026, 07:27 PM ISTUpdated : Feb 26, 2026, 05:04 PM IST
യുദ്ധമെങ്കില്‍ യുദ്ധം, ചര്‍ച്ചയെങ്കില്‍ അങ്ങനെ. പശ്ചിമേഷ്യയിലെ പുതിയ യുദ്ധസന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനും യു എസും ഒരു മരണക്കളിക്ക് തയ്യാറാവുകയാണെന്നാണ് സൂചനകള്‍. എന്തൊക്കെ ഒരുക്കങ്ങളാണ് ഇരുഭാഗങ്ങളിലും നടക്കുന്നതെന്ന് നോക്കാം.
ആണവപദ്ധതി ഉപേക്ഷിക്കുന്നില്ലെങ്കില്‍, ഇറാന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ രണ്ട് ഘട്ട ആക്രമണങ്ങളാണ് യു എസ് പ്ലാന്‍ ചെയ്യുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആണവ ചര്‍ച്ച പരാജയപ്പെട്ടാല്‍, അടുത്തദിവസങ്ങളില്‍ ഇറാനിലെ നിശ്ചിത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് പ്രാരംഭഘട്ടം. റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനം, ആണവ നിലയങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിക്കുക. ഇതിനു ശേഷവും ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍, ഭരണമാറ്റം ലക്ഷ്യമിട്ട് ഈ വര്‍ഷാവസാനത്തോടെ ശക്തമായ സൈനിക ആക്രമണം നടത്തുകയാണ് രണ്ടാംഘട്ടം.
210
ബുധനാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍നടന്ന ഉന്നതതലയോഗത്തില്‍ ട്രംപ് ഇറാന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ എന്നിവരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍, സി.ഐ.എ ഡയറക്ടര്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരാണ് പങ്കെടുത്തത്. സൈനികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും പ്രത്യാഘാതങ്ങള്‍ ചര്‍ച്ചയായി. അപകടസാധ്യതകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആവശ്യപ്പെട്ടു.
310
ഇറാന്റെ ഭൂഗര്‍ഭ ആണവനിലയങ്ങളെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമുകളെ നേരിട്ട് ഇറക്കി മിന്നലാക്രമണം നടത്താനുള്ള നിര്‍ദേശം നേരത്തെ പരിഗണിച്ചിരുന്നു. അമേരിക്കന്‍ ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തവിധം ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കമാന്‍ഡോകളെ ഇറക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദീര്‍ഘമായ ഒരു യുദ്ധം നാവികസേനാ കപ്പലുകള്‍ക്കും പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും വലിയ ഭാരമാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനാവട്ടെ, യുദ്ധസാഹചര്യം നേരിടുന്നതിന് പ്രസിഡന്റ് മസഊദ് പെസെഷ്‌കിയനെ നോക്കുകുത്തിയാക്കി പുതിയ നേതാവിനെ ഇറക്കി. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ലാറിജാനിക്കാണ് നിര്‍ണായക ചുമതല. ജനുവരി ആദ്യമാണ് 67 കാരനായ ലാറിജാനിയെ ആയത്തുല്ല അലി ഖാംനഈ ചുമതല ഏല്‍പ്പിച്ചത്. കഴിഞ്ഞ മാസം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ലാറിജാനിയാണ്. റഷ്യയെപ്പോലെയുള്ള ശക്തരായ സഖ്യകക്ഷികളുമായും ഖത്തര്‍, ഒമാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായും ബന്ധം നിലനിര്‍ത്തുന്നത് അദ്ദേഹമാണ്. ആണവ ചര്‍ച്ചകളുടെ മേല്‍നോട്ടവും ലാറിജാനിക്കാണ്. യുദ്ധമുണ്ടായാല്‍ ഇറാനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും അദ്ദേഹമാണ്.
510
ഖാംനഈ ഉള്‍പ്പടെ ഉന്നത നേതൃത്വത്തിന് നേരെയുള്ള വധശ്രമങ്ങള്‍ നേരിടുന്നതിന് ലാറിജാനി പദ്ധതി തയ്യാറാക്കി. ഖാംനഈ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടാല്‍ രാജ്യം ആര് ഭരിക്കും എന്നതിനെക്കുറിച്ചും ഇറാന്‍ ആലോചിക്കുന്നുണ്ട്. നാല് നിരകളിലുള്ള നേതൃത്വത്തെയാണ് ഖാംനഈ നിശ്ചയിച്ചത്. താന്‍ കൊല്ലപ്പെട്ടാല്‍ തീരുമാനം എടുക്കാന്‍ വിശ്വസ്തരുടെ ഒരു ചെറിയ സംഘത്തെയും ചുമതലപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ മൂന്ന് പിന്‍ഗാമികളാകളെ ഖാംനഈ നാമനിര്‍ദേശം ചെയ്തിരുന്നു. ഇവരുടെ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. യുദ്ധമുണ്ടായാല്‍, പോലീസിന്റെ പ്രത്യേക വിഭാഗങ്ങളെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ബാസിജ് സായുധ സേനയെയും തെരുവുകളില്‍ വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.
610
ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാഖുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലും അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരങ്ങളിലും ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ വിന്യസിച്ചിട്ടുണ്ട്. മിസൈല്‍ പരീക്ഷണങ്ങള്‍ക്കായി കഴിഞ്ഞ ആഴ്ച പലതവണ ഇറാന്‍ വ്യോമപാത അടച്ചിരുന്നു. ആഗോള കപ്പല്‍ഗതാഗതത്തിന്റെ കേന്ദ്രബിന്ദുവായ ഹോര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി അടച്ച ഇറാന്‍ റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുകയും ചെയ്തു.
710
ബദല്‍നയതന്ത്രപരിഹാരങ്ങളും ആലോചിക്കുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നാണ് യു എസിന്റെ ആവശ്യം. ആണവപദ്ധതിള്‍ പൂര്‍ണ്ണമായി നിര്‍ത്തില്ലെന്നും ആണവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍ വാദിക്കുന്നു. ഈ വിഷയങ്ങളഇല്‍െ പിടിവാശി കാരണമാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. എന്നാല്‍, ഇരുകൂട്ടര്‍ക്കും വിജയം അവകാശപ്പെടാനാവുന്ന വിധം മറ്റൊരു ധാരണകൂടി പിന്നാമ്പുറത്ത് തയ്യാറാവുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം, ഇറാന് പരിമിത രീതിയില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതി നടപ്പാക്കാം. പക്ഷേ, ചികിത്സാ ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണം അത്.
810
ഈ കരാര്‍ അംഗീകരിക്കപ്പെട്ടാല്‍ തങ്ങള്‍ ഇപ്പോഴും യുറേനിയം സമ്പുഷ്ടീകരണം തുടരുന്നുണ്ടെന്ന് ഇറാന്‍ ഭരണകൂടത്തിന് ജനതയോട് പറയാം. ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടിച്ചതായി ടംപിനും അവകാശപ്പെടാം. വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന ആണവ തുടര്‍ചര്‍ച്ച പരാജയപ്പെട്ടാല്‍, ഈ നിര്‍ദേശം മുന്നോട്ടുവെക്കപ്പെടും. അമേരിക്കയും ഇറാനും താത്വികമായി ഇത് അംഗീകരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
910
എന്നാല്‍, കോടിക്കണക്കിന് ഡോളര്‍ ചിലവാക്കി കെട്ടിപ്പടുത്ത തങ്ങളുടെ ആണവ പദ്ധതിയെ ചികിത്സാ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാക്കി ചുരുക്കാന്‍ ഇറാന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല. അതുപോലെ, ട്രംപ് ഈ ഇളവ് അനുവദിക്കുമോ എന്നതും അവ്യക്തമാണ്. പക്ഷേ, ഇത്തരമൊരു നിര്‍ദേശം നയതന്ത്രപരിഹാരം എന്ന നിലയ്ക്കു തന്നെ ഇരുരാജ്യങ്ങള്‍ക്കും മുന്നിലുണ്ട് എന്നത് വാസ്തവമാണ്.
1010
എല്ലാ കണ്ണുകളിലും പ്രസിഡന്റ് ട്രംപിലാണ്. ഇറാന്‍ ആണവപദ്ധതി പൂര്‍ണ്ണമായി അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം ഉറപ്പാണെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. മറുഭാഗത്ത്, ഇറാനും യുദ്ധസജ്ജരാണ്. ബലഹീനതകള്‍ പരിഹരിച്ച്, വീഴ്ചകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, പഴുതുകളെല്ലാം അടച്ച് യുദ്ധത്തിന് തയ്യാറായതായി ഇറാന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam