വിചിത്രമായ ഒരു ബാങ്ക് കൊള്ള. മണിക്കൂറുകള്‍ക്കുള്ളില്‍ കവര്‍ന്നത് നൂറ് മില്യണ്‍ യൂറോ അഥവാ ആയിരം കോടിയിലേറെ രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും. സംഭവം കഴിഞ്ഞ് രണ്ട് മാസം. ഒരു തുമ്പും കിട്ടാതെ പൊലീസ്.
ജര്‍മ്മനിയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും 'അമ്പരപ്പിക്കുന്ന' ബാങ്ക് കൊള്ള. അത് നടന്നിട്ട് രണ്ട് മാസമാവുന്നു. എന്നിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല, പൊലീസിന്. എത്ര കവര്‍ച്ചക്കാര്‍ ഉണ്ടെന്നോ അവരെപ്പോഴാണ് കൊള്ള നടത്തിയതെന്നോ കൃത്യമായി എന്തൊക്കെ സാധനങ്ങള്‍ മോഷണം പോയെന്നോ എങ്ങനെയാണ് ഒരാളുടെ പോലും ശ്രദ്ധയില്‍ പെടാതെ ഇത്ര വലിയ കൊള്ള നടന്നതെന്നോ ഉള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
210
വലിയ ഡ്രില്ലര്‍!
2025 -ഡിസംബര്‍ 27-ശനിയാഴ്ചയ്ക്കും 29 തിങ്കളാഴ്ചയ്ക്കും ഇടയിലാണ് കൊള്ള നടന്നതെന്നാണ് പൊലീസ് കരുതുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ക്കനിലാണ് കൊള്ളനടന്ന സ്പാര്‍കാസെ സേവിംഗ്‌സ് ബാങ്ക്. സ്‌ട്രോംഗ് റൂമിനുള്ളില്‍, അതീവസുരക്ഷയില്‍ സൂക്ഷിച്ച മൂവായിരത്തിലധികം സേഫ് ഡിപ്പോസിറ്റ് ബോക്‌സുകളാണ് കൊള്ളക്കാരുടെ കൈകളില്‍ പെട്ടത്. ഇത്രയും ലോക്കറുകള്‍ തുറന്നാണ് കൊള്ളക്കാര്‍ അതിനുള്ളിലെ പണവും ആഭരണങ്ങളും അമൂല്യവസ്തുക്കളുമായി കടന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ ഡ്രില്ലര്‍ ഉപയോഗിച്ച് ഭിത്തി തുരന്നാണ് കവര്‍ച്ചക്കാര്‍ സ്‌ട്രോംഗ് റൂമിനുള്ളില്‍ കടന്നത്.
310
എമര്‍ജന്‍സി എക്‌സിറ്റ്
ബാങ്കിനോട് ചേര്‍ന്ന് ഒരു മള്‍ട്ടി-സ്റ്റോറി കാര്‍ പാര്‍ക്കിംഗുണ്ട്. പാര്‍ക്കിംഗിനും ബാങ്കിനും ഇടയിലുള്ള എമര്‍ജന്‍സി എക്‌സിറ്റ് വാതിലിലൂടെയാണ് കവര്‍ച്ചക്കാര്‍ കടന്നതും തിരിച്ചുപോയതും. സാധാരണ ഗതിയില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്ത ഈ വാതില്‍, അടക്കാന്‍ പറ്റാത്ത വിധം നേരത്തെ കേടാക്കിയ ശേഷമാണ് സംഘം പാര്‍ക്കിംഗില്‍ നിന്നും ബാങ്കിലേക്ക് കടന്നത്.
ബാങ്കിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് കയറിയ കൊള്ളക്കാര്‍ ആദ്യം ബേസ്‌മെന്റില്‍ സ്‌ട്രോങ്ങ് റൂമിന് തൊട്ടടുത്തുള്ള ആര്‍ക്കൈവ് മുറിയിലെത്തി. തുടര്‍ന്ന് ഡ്രില്ലര്‍ ഉപയോഗിച്ച് സ്‌ട്രോങ്ങ് റൂം ഭിത്തിയില്‍ 40 സെന്റിമീറ്റര്‍ വീതിയുള്ള വലിയ ദ്വാരമുണ്ടാക്കി. ഇതിലൂടെ സേഫ് ഡിപ്പോസിറ്റ് ബോക്‌സുകള്‍ സൂക്ഷിച്ച മുറിയില്‍ കയറി. ഇവിടെയുള്ള 3,250 ബോക്‌സുകളും തുറന്ന് പണവും സ്വര്‍ണ്ണവും ആഭരണങ്ങളും കവര്‍ന്നു.
510
നാല് മണിക്കൂറിനുള്ളില്‍ ഇത്രയധികം ബോക്‌സുകള്‍!
ബാങ്കിലെ കമ്പ്യൂട്ടര്‍ രേഖകള്‍ പ്രകാരം, ഡിസംബര്‍ 27-ന് രാവിലെ 10:45-നാണ് ആദ്യ ബോക്‌സ് തുറന്നത്. ഉച്ചയ്ക്ക് 2:44-ന് അവസാന ബോക്‌സും തുറന്നു. നാല് മണിക്കൂറിനുള്ളില്‍ ഇത്രയധികം ബോക്‌സുകള്‍ തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ അതോ, വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് നിലച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
610
മുഖം മറച്ച മൂന്ന് പുരുഷന്‍മാര്‍
ഡിസംബര്‍ 28-ന് പുലര്‍ച്ചെ പാര്‍ക്കിംഗിന്റെ ഗോവണിയിലൂടെ വലിയ ബാഗുകള്‍ ചുമലിലേറ്റി ചിലര്‍ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പിന്നീട് പോലീസിനെ അറിയിച്ചു. പാര്‍ക്കിംഗിലെ സെക്യൂരിറ്റി ക്യാമറകളില്‍ നിന്ന് ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മുഖം മറച്ച മൂന്ന് പുരുഷന്‍മാര്‍ ദൃശ്യങ്ങളിലുണ്ട്. കറുത്ത നിറത്തിലുള്ള ഔഡി കാര്‍, വെള്ള മെഴ്‌സിഡസ് സിറ്റാന്‍ എന്നീ കാറുകളും ദൃശ്യങ്ങളില്‍ കാണാം. രണ്ട് വാഹനങ്ങളിലും വ്യാജ നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചത്.
710
ഫയര്‍ അലാറം
വിചിത്രമായ മറ്റൊരു കാര്യവും ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ബാങ്കിനുള്ളില്‍ കടന്നശേഷം, പൊലീസും അഗ്‌നിരക്ഷാ സൈനികരും ഇവിടെ വന്നിരുന്നു. ഡിസംബര്‍ 27-ന് പുലര്‍ച്ചെ ആറുമണിക്ക് ഫയര്‍ ബ്രിഗേഡിനും ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിനും ഫയര്‍ അലാറം സന്ദേശം ലഭിച്ചിരുന്നു. കവര്‍ച്ചക്കാര്‍ അബദ്ധത്തില്‍ അലാം അമര്‍ത്തിയതാവാം കാരണം. എന്തായാലും, 15 മിനിറ്റിനുള്ളില്‍ പോലീസും 20 അഗ്‌നിശമന സേനാംഗങ്ങളും ബാങ്കിലെത്തി. തീപ്പിടിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് പറഞ്ഞ് അവര്‍ മടങ്ങി. ഈ സമയത്ത് കൊള്ളക്കാര്‍ ബാങ്കിലെ അതീവസുരക്ഷാ മേഖലയിലുണ്ടായിരുന്നു.
810
'വ്യാജ അലാം'
സ്‌ട്രോങ്ങ് റൂമില്‍നിന്നാണ് ഫയര്‍ അലാം സന്ദേശം പോയത്. എന്നാല്‍, സ്‌ട്രോങ്ങ് റൂം റോള്‍ ഷട്ടര്‍ ഇട്ട് പൂട്ടിയതിനാല്‍ ഫയര്‍ ബ്രിഗേഡുകാര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. പുകയോ, തീപിടുത്തത്തിന്റെ ഗന്ധമോ, മറ്റ് നാശനഷ്ടങ്ങളോ കാണാത്തതിനാല്‍ സംഗതി 'വ്യാജ അലാം' ആണെന്ന് അവരും പൊലീസും നിഗമനത്തിലെത്തി. ആ സമയത്ത് ബാങ്കില്‍ തിരച്ചില്‍ നടത്താന്‍ അധികാരമില്ലെന്നാണ് പൊലീസ് പിന്നീട് വ്യക്തമാക്കിയത്. ബാങ്കില്‍ പരിശോധന നടത്താന്‍ പ്രത്യേക വാറന്റ് വേണമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
910
തിങ്കളാഴ്ച പുലര്‍ച്ചെ
ഡിസംബര്‍ 29 തിങ്കളാഴ്ച പുലര്‍ച്ചെ 03:58-ന് ഫയര്‍ അലാം മുഴങ്ങിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം പുറത്തറിഞ്ഞത്. അഗ്‌നിശമന സേനാംഗങ്ങള്‍ വീണ്ടും ബാങ്കിലെത്തിയപ്പോള്‍ കണ്ടത് വാരിവലിച്ചിട്ട സാധനങ്ങളാണ്. കവര്‍ച്ചക്കാര്‍ വെള്ളവും രാസവസ്തുക്കളും ഒഴിച്ചതിനാല്‍ പല വസ്തുക്കളും നശിച്ചിരുന്നു. ലോക്കറുകള്‍ക്കുള്ളില്‍ ഓരോരുത്തരും സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളുടെയും വിവരങ്ങള്‍ ബാങ്കിലില്ല. അതിനാല്‍, ആരുടെ, എന്തൊക്കെ വസ്തുക്കള്‍ പോയെന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്.
1010
ഉപഭോക്താക്കള്‍ ...
കവര്‍ച്ചയുടെ വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെ, ഇരുനൂറോളം ഉപഭോക്താക്കള്‍ ബാങ്കിന് മുന്നില്‍ തടിച്ചുകൂടുകയും അകത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.നൂറു കണക്കിന് പൊലീസുകാര്‍ ചേര്‍ന്നാണ് ഇവരെ തടഞ്ഞുനിര്‍ത്തിയത്. ബാങ്കിന്റെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. സെക്യൂരിറ്റി ബോക്‌സിലെ ഉള്ളടക്കത്തിന് 10,300 യൂറോ വീതം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് ബാങ്ക് അറിയിച്ചു. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും ബാങ്ക് പ്രതികരിക്കാരെ മാറിനില്‍ക്കുകയാണ്. അതിനിടെ, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി ബാങ്കിന് മുന്നില്‍ ഒരു റാലി നടത്തി. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി ഇതിനെ രാഷ്ട്രീയവല്‍കരിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam