വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ബോട്ടിൻ്റെ ക്യാപ്റ്റൻ അറസ്റ്റിൽ. ക്യാപ്റ്റൻ്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തൽ. സംഭവത്തിൽ 15 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. പരിക്കേറ്റ ഒരു ഇന്ത്യക്കാരന്റെ നില ഗുരുതരം.

ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് ഇന്ത്യൻ വിനോദസഞ്ചാരികൾ മരണപ്പെട്ട സംഭവത്തിൽ ബോട്ടിൻ്റെ ക്യാപ്റ്റൻ അറസ്റ്റിൽ. 57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആൻ ഗിയാങ് പ്രവിശ്യയിലെ പൊലീസ് അറിയിച്ചു. ക്യാപ്റ്റൻ്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തിൽപെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകൾ ഉണ്ടായെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാവികരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമമായ വിഎൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ കപ്പലിന്റെ അടിഭാഗത്ത് പന്ത്രണ്ടോളം ആളുകൾ പിടിച്ചുകിടക്കുന്നത് കണ്ടതായും ലൈഫ് ജാക്കറ്റ് ധരിക്കാതെ പലരും കടലിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു എന്നുമാണ് ദൃക്സാക്ഷി അറിയിച്ചത്. ഇവർക്ക് ലൈഫ്ബോയും കയറും ഇട്ട് നൽകി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നും അപകടത്തിൽപെട്ടവരെ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്കീസിൻ്റെ സഹായം ലഭിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ഓടെ ആണ് 32 ഇന്ത്യൻ വിനോദസഞ്ചാരികളടക്കം 36 പേരുമായി പോയ സ്പീഡ് ബോട്ട് അപകടത്തിൽപെട്ടത്. തെക്കൻ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 15 ഇന്ത്യക്കാർ മരണപ്പെട്ടു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലേക്ക് എത്തിച്ചതായും നടപടികൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ഹാനോയിയിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. രക്ഷപ്പെട്ട 17 ഇന്ത്യൻ വിനോദസഞ്ചാരികളിൽ 16 പേർ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഫൂ ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.