അതിര്‍ത്തി കടക്കുമ്പോള്‍ വളര്‍ത്തുനായയെ നെഞ്ചോട് ചേര്‍ത്തൊരു യാത്രയയപ്പ്; ഏറ്റെടുത്ത് നെറ്റിസണ്‍സ്

First Published Sep 15, 2022, 11:12 AM IST

കേരളത്തില്‍ മനുഷ്യനും തെരുവ് നായകളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. എന്നാല്‍, അങ്ങ് യുഎസ് മെക്സിന്‍ അതിര്‍ത്തിയില്‍ നിന്ന് മനുഷ്യനും നായയും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്‍റെ വാര്‍ത്തയാണ് കേള്‍ക്കുന്നത്. വെനിസ്വേലയില്‍ നിന്ന് പുതിയൊരു ജീവിതം തേടിയാണ് കൗമാരക്കാരനായ ബ്രയാൻ പിന്‍റോയും അദ്ദേഹത്തിന്‍റെ വളര്‍ത്തുനായ ബ്രാണ്ടിയും യുഎസ് മെക്സിക്കോ അതിര്‍ത്തിയിലെത്തിയത്. എന്നാല്‍, മറ്റൊരു രാജ്യത്തില്‍ നിന്നുള്ള മൃഗങ്ങളെ അതിര്‍ത്തി കടത്തുന്നതിലുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളില്‍ കുരുങ്ങി ബ്രയാന്‍ പിന്‍റോയ്ക്ക് തന്‍റെ സന്തതസഹചാരിയായ ബ്രാണ്ടിയെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇരുവരും തമ്മിലുള്ള വിടവാങ്ങാല്‍ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. രണ്ട് വര്‍ഷം മുമ്പ്, മരണത്തിന് തൊട്ടുമുമ്പാണ് ബ്രയാന്‍ പിന്‍റോയുടെ അമ്മ അവന് ഒരു നായക്കുട്ടിയെ - ബ്രാണ്ടിയെ സമ്മാനിച്ചത്. അവിടെ നിന്ന് പിന്നെയങ്ങോട്ട് ബ്രയാന്‍റെ സന്തതസഹചാരിയും വൈകാരിക സുഹൃത്തുമെല്ലാം ബ്രാണ്ടിയായിരുന്നു. എന്നാല്‍, കുടിയേറ്റ നിയമങ്ങള്‍ ഇരുവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. 

2014-ൽ, 28 ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയപ്പോൾ മുതൽ സ്വദേശം വിട്ടുപോയ ഏകദേശം 70 ലക്ഷം വെനസ്വേലക്കാരിൽ ഒരാളാണ് പിന്‍റോ. തെക്കേയമേരിക്കന്‍ രാജ്യമായ വെനിസ്വലയില്‍ നിന്ന് മെക്സിക്കന്‍ യുഎസ് അതിര്‍ത്തിയിലേക്കുള്ള യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ബ്രാണ്ടിക്കായി ബ്രയാന്‍ ഒരു ടിക് ടോക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. 

മധ്യ, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലൂടെയും, പനാമയിലെ ഉഷ്ണമേഖലാ കാട്ടിലൂടെയും, മെക്സിക്കോയിലൂടെ വടക്ക് ഭാഗത്തേക്കും സഞ്ചരിച്ച് ഒടുവില്‍ അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്‍റിൽ അഭയം തേടി. ഇതിനിടെ  ഇക്വഡോർ, കൊളംബിയ, പനാമ, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നി രാജ്യങ്ങള്‍ അവരൊരുമിച്ച് താണ്ടി. ആ നീണ്ടയാത്രയില്‍ പലയിടങ്ങളില്‍ നിന്നുള്ള നിരവധി ചിത്രങ്ങളിലൂടെ ബ്രയാനും ബ്രാണ്ടിയും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കാഴ്ചക്കാരുള്ള കുടിയേറ്റ യാത്രക്കാരായി മാറി. 

രണ്ട് വർഷം മുമ്പ്, മരണത്തിന് തൊട്ട് മുമ്പാണ് ബ്രയാന്‍ പിന്‍റോയ്ക്ക് അവന്‍റെ അമ്മ വെളുത്ത് ഏറെ രോമങ്ങളുള്ള ഒരു നായക്കുട്ടിയെ സമ്മാനിച്ചത്. അമ്മയുടെ അവസാനത്തെ സമ്മാനത്തെ പിന്‍റെ തന്‍റെ കൂടെ കൂട്ടി. ഇരുവരും തമ്മില്‍ ഏറെ അടുപ്പമായപ്പോഴാണ് കുടുംബം, മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി യുഎസിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്. 

എന്നാല്‍, ബ്രാണ്ടിയെ അതിര്‍ത്തി കടത്താന്‍ കുടിയേറ്റ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് തന്‍റെ എല്ലാമായ ബ്രാണ്ടിയെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കാന്‍ പിന്‍റോ നിര്‍ബന്ധിതനായി. 'അവളെ ഉപേക്ഷിക്കുന്നത് ഒരു കുടുംബാംഗത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്, ഒരു സഹോദരിയെയും മകനെയും ഈ ഭാഗത്ത് ഉപേക്ഷിക്കുന്നതിന് തുല്യമാണ്,' പിന്‍റെ വികാരഭരിതനായി പറഞ്ഞു.

ഒടുവില്‍ ബ്രാണ്ടിയെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കാന്‍ പിന്‍റോ ബ്രയാന്‍ തയ്യാറായി. അവനായി അതിര്‍ത്തിയില്‍ അയാള്‍ ഒരു താത്കാലിക താവളം കണ്ടെത്താന്‍ ശ്രമം നടത്തി. ഒടുവില്‍ പ്രദേശത്തെ പ്രാദേശിക പത്രമായ എല്‍ ഡിയാരിയോ ഡി ജുവാരസിന്‍റെ ഫോട്ടോഗ്രാഫറും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമായ കാർലോസ് സാഞ്ചസിനെ കണ്ടുമുട്ടി.

ബ്രാണ്ടിയുടെ സംരക്ഷണം കാര്‍ലോസ് സാഞ്ചസ് ഏറ്റെടുത്തു. പിന്‍റോ ബ്രയാനും ബ്രാണ്ടിയും തമ്മിലുള്ള വിടവാങ്ങല്‍ ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പക്കപ്പെട്ടു. 'ഞാന്‍ അവളെ ഉപേക്ഷിക്കണമെന്ന് അവർ എന്നോട് പറയുന്നു. ഇല്ലെങ്കില്‍ നിങ്ങൾക്ക് അതിര്‍ത്തികടക്കാന്‍ കഴിയില്ല' എൽ ഡിയാരിയോ ഡി ജുവാരസിനോട് സംസാരിക്കവേ പിന്‍റോ പറഞ്ഞു.

'അവളെ ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ ഒരു കുടുംബാംഗത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. ഒരു സഹോദരിയെയും മകനെയും ഈ ഭാഗത്ത് ഉപേക്ഷിക്കുന്നതിന് തുല്യമാണ്,' പിന്‍റോ വികാരാധീനനായി. യുഎസിലേക്ക് കടന്ന ശേഷം നിയമപരമായി തന്നെ ബ്രാണ്ടിയെ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുമെന്നും പിന്‍റോ കൂട്ടി ചേര്‍ത്തു. 

യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നിയമമനുസരിച്ച് നായ്ക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പ്രവേശിപ്പിക്കുന്നതിൽ ഏജൻസി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം പിന്തുടരണം. നായ്ക്കളെ ഇറക്കുമതി ചെയ്യുന്നയാളുടെ ചെലവില്‍ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കണം. പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുക്കണം എന്നൊക്കെയാണ്. 
 

click me!