തിരിച്ചടിച്ച് യുക്രൈന്‍; പിന്മാറ്റം കൂടുതല്‍ ശക്തിയോടെ പ്രതികരിക്കാനെന്ന് റഷ്യ

Published : Sep 12, 2022, 03:46 PM ISTUpdated : Sep 12, 2022, 03:54 PM IST

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധമുഖത്ത് റഷ്യയ്ക്ക് അടിതെറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. യുദ്ധം ഇതിനകം 200 ദിവസങ്ങള്‍ പിന്നിട്ടു. യുക്രൈനിന്‍റെ തെക്കന്‍ പ്രദേശവും ഡിനിപ്രോ നദിയുടെ വടക്കന്‍ പ്രദേശമായ ഖെര്‍സണ്‍ നഗരം തിരിച്ച് പിടിച്ചതായി യുക്രൈന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഖെര്‍സണില്‍ യുക്രൈന്‍ ദേശീയ പതാക ഉയര്‍ത്തി ആഴ്ചയൊന്ന് തികയും മുന്നേ മറ്റൊരു വിജയം കൂടി യുക്രൈന്‍ സൈന്യം പുറത്ത് വിട്ടു. രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ മേഖലയില്‍ നിർണായകമായ നീക്കം നടത്തിയതായാണ് യുക്രൈന്‍ അവകാശപ്പെട്ടത്. ഏതാണ്ട് 3000 ത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം റഷ്യന്‍ സൈന്യത്തില്‍ നിന്ന് തിരിച്ച് പിടിച്ചതായാണ് യുക്രൈന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇവിടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള സാധ്യതയില്ലാത്തതിനാല്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ റഷ്യന്‍ പരാജയം യാഥാര്‍ത്ഥ്യമാണെന്നും സൈന്യത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് പുടിന്‍ ഉയര്‍ന്ന റാങ്കിലുള്ള ജനറലിനെ പുറത്താക്കിയെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.   

PREV
115
തിരിച്ചടിച്ച് യുക്രൈന്‍; പിന്മാറ്റം കൂടുതല്‍ ശക്തിയോടെ പ്രതികരിക്കാനെന്ന് റഷ്യ

ഖെർസൺ അടക്കം പല പ്രദേശങ്ങളിലും റഷ്യൻ സൈന്യത്തിന് കനത്ത ആൾനാശമുണ്ടാക്കിയതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യൻ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളിൽ ജനം ആഹ്ളാദ പ്രകടനം നടത്തുന്നതിന്‍റെ  ദൃശ്യങ്ങളും യുക്രൈന്‍ പുറത്ത് വിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ കാർഖീവ് / ഡോണെറ്റ്സ്ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രൈൻ അവകാശപ്പെട്ടു. 

215

പല മേഖലകളിലും റഷ്യൻ പട്ടാളം പ്രതിരോധിക്കാൻ പോലും മുതിരാതെ തോറ്റോടിയെന്നും  റഷ്യ കീഴടക്കിവെച്ചിരുന്ന മൂവായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം മോചിപ്പിച്ചതായും യുക്രൈൻ അവകാശപ്പെട്ടു. എന്നാല്‍, തങ്ങളുടെ പിന്‍മാറ്റം തന്ത്രപരമാണെന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും റഷ്യന്‍ സൈന്യം അവകാശപ്പെടുന്നു. ഇതിനിടെ പരാജയത്തെ തുടര്‍ന്ന് റഷ്യ ജനവാസമേഖലയിലേക്കും വൈദ്യുതി നിലയങ്ങളിലേക്കും കനത്ത മിസൈല്‍ ആക്രമണം നടത്തുകയാണെന്ന് യുക്രൈന്‍ ആരോപിച്ചു. 

315

അതേസമയം ഇന്നലെ റഷ്യ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കാർഖീവിലെ താപ വൈദ്യുത നിലയത്തിന് കനത്ത നാശം ഉണ്ടായി. വൈദ്യുതനിലയം തകർന്നതോടെ ലക്ഷക്കണക്കിനാളുകൾ ഇരുട്ടിലായതായി നഗരത്തിന്‍റെ മേയർ അറിയിച്ചു. ഇതിനിടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും കൂടുതൽ ആയുധങ്ങള്‍ യുക്രൈനിലേക്ക് എത്തിയതോടെ റഷ്യയ്ക്കെതിരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. അടുത്ത ശൈത്യകാലത്തിന് മുമ്പ് പരമാവധി പ്രദേശം തിരിച്ച് പിടിക്കാനാണ് യുക്രൈന്‍റെ ശ്രമം. 

415

യുക്രൈൻ സൈന്യം റഷ്യയിൽ നിന്ന് തിരികെ പിടിച്ച മേഖലകളിൽ ജനങ്ങൾ ആഹ്ലാദപ്രകടനങ്ങൾ തുടരുകയാണ്. എന്നാല്‍, യുക്രൈന്‍റെ വിജയം റഷ്യയില്‍ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. വിവിധ ദേശീയവാദി ഗ്രൂപ്പുകൾ ടെലിഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തി.  പുടിൻ യുദ്ധ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. 

515

ഇതിനിടെ കിഴക്കന്‍ യുക്രൈനിലെ തോല്‍വിയെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ 16 ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന റാങ്കില്‍ നിയമിച്ച ഒരു ജനറലിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖാര്‍കീവ് അടക്കുമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന്‍റെ പേരിൽ റഷ്യൻ ജനറൽ റോമൻ ബെർഡ്നിക്കോവിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

615

യുക്രൈന്‍ സൈന്യത്തിന്‍റെ ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ റഷ്യന്‍ സൈന്യം ടാങ്കുകളും ആയുധങ്ങളും തുടങ്ങി തങ്ങളുടെ സപ്ലൈ ചെയ്നുകള്‍ പോലും ഉപേക്ഷിച്ച് പിന്തിരിഞ്ഞ് ഓടുകയാണെന്ന് യുക്രൈന്‍ ആരോപിച്ചു. യുക്രൈന്‍ സേനയുടെ പ്രത്യാക്രമണത്തിൽ അതിർത്തിയുടെ 30 മൈലിനുള്ളിലേക്ക് റഷ്യന്‍ സൈനികർ നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

715

നഷ്ടപ്പെട്ടവയില്‍ 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ച് പിടിച്ചതായാണ് യുക്രൈന്‍റെ അവകാശവാദം. 2014 ല്‍ യുക്രൈനില്‍ നിന്നും റഷ്യ പിടിച്ചെടുത്ത കിമിയയിലെ റഷ്യന്‍ വ്യോമതാവളം കഴിഞ്ഞ മാസം യുക്രൈന്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഖെര്‍സണ്‍ കീഴടക്കിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടത്. രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് ശക്തമായ ആക്രമണം നടക്കുമ്പോള്‍ തന്നെ വടക്ക് കിഴക്ക് നിന്നും യുക്രൈന്‍ ആക്രമണം ശക്തമാക്കുകയാണ്.

815

2022 ഓഗസ്റ്റ് 26 ന് ലഫ്റ്റനന്‍റ് ജനറൽ ബെർഡ്നിക്കോവിനെ റഷ്യ പടിഞ്ഞാറൻ സായുധ സേനയുടെ കമാൻഡറായി നിയമിച്ചെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ മെയിൻ ഡയറക്ടറേറ്റ് ഓഫ് ഇന്‍റലിജൻസാണ് പുറത്ത് വിട്ടത്. എന്നാല്‍, അതിന് പിന്നാലെ യുദ്ധമുഖത്ത് പരാജയം ഏറ്റതോടെ ഇദ്ദേഹത്തിന്‍റെ നിയമനം പുടിന്‍ റദ്ദാക്കിയെന്നും യുക്രൈന്‍ അവകാശപ്പെട്ടു. 

915

യുദ്ധമുഖത്തെ റഷ്യയുടെ കമാന്‍ഡ് ശൃംഖല തകര്‍ന്നെന്നും റഷ്യന്‍ സൈന്യം തിരിച്ചടിക്കാന്‍ പോലും നില്‍ക്കാതെ വസ്ത്രങ്ങളും ആയുധവും ഉപേക്ഷിച്ച് ഓടിപ്പോവുകയാണെന്നും യുക്രൈന്‍ അവകാശപ്പെടുന്നു. യുക്രൈന്‍ സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ റഷ്യന്‍ സൈന്യം സൈനീക യൂണിഫോം അഴിച്ച് വച്ച് സിവിലിയന്‍ വേഷത്തിലാണ് രക്ഷപ്പെടുന്നതെന്നും യുക്രൈന്‍ ആരോപിക്കുന്നു. 

1015

റഷ്യന്‍ സൈന്യം  'വലിയ അളവിലുള്ള വാഹനങ്ങളും വെടിക്കോപ്പുകളും' ഉപേക്ഷിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിൽ, കഴിഞ്ഞ രാത്രി റഷ്യ, യുക്രൈന്‍റെ വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയും ജനവാസമേഖലയ്ക്ക് നേരെയും മിസൈല്‍ ആക്രമണം കടുപ്പിച്ചതായി യുക്രൈന്‍ ആരോപിച്ചു. സാധാരണക്കാരുടെ വെളിച്ചവും ചൂടും നഷ്ടപ്പെടുത്താനുള്ള ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. 

1115

റഷ്യയുടെ മിസൈൽ ആക്രമണങ്ങൾ ഖാർകിവ് നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തിയതായി യുക്രൈന്‍ അറിയിച്ചു.  ബിനിപ്രോ, പോൾട്ടാവ, മറ്റ് കിഴക്കൻ നഗരങ്ങൾ എന്നിവിടങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവാസമേഖലയിലേക്കുള്ള റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയെ ഒരു 'ഭീകരരാജ്യമായി' മുദ്രകുത്താൻ പ്രസിഡന്‍റ് സെലെൻസ്‌കി ആവശ്യപ്പെട്ടു. 

1215

വൈകാരികമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. 'നിങ്ങളുടെ സൗഹൃദവും സാഹോദര്യവും പോലെ തണുപ്പും വിശപ്പും ഇരുട്ടും ദാഹവും ഞങ്ങളെ ഭയപ്പെടുത്തുന്നതോ മാരകമോ അല്ല. എന്നാൽ ചരിത്രം എല്ലാം അതിന്‍റെ സ്ഥാനത്ത് തിരികെ സ്ഥാപിക്കും. ഗ്യാസ്, വെളിച്ചം, വെള്ളം, ഭക്ഷണം എന്നിവയ്‌ക്കൊപ്പം ഞങ്ങൾ ഉണ്ടാകും... നിങ്ങളില്ലാതെയും!' അദ്ദേഹം ദേശീയ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നേരത്തെ, യുദ്ധത്തിനിടെ രാഷ്ട്രത്തോട് നടത്തിയ തന്‍റെ 200-ാമത പ്രസംഗത്തില്‍ അദ്ദേഹം റഷ്യയുടെ പിന്‍വാങ്ങലിനെ പരിഹരിച്ചിരുന്നു.

1315

'ഈ ദിവസങ്ങളിൽ റഷ്യൻ സൈന്യം അതിന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് പ്രകടിപ്പിക്കുന്നു - അതിന്‍റെ പിന്‍മാറ്റം കാണിക്കുന്നു'. ചക്കലോവ്‌സ്‌കെ, ഇസിയം, കുപിയാൻസ്ക്, ബാലക്ലിയ എന്നി പട്ടങ്ങളില്‍ യുക്രൈന്‍ തിരിച്ച് പിടിച്ചതായി അവകാശപ്പെട്ടു.  എന്നാൽ യുക്രെയ്ൻ അടുത്തതായി മുന്നേറുന്ന ഡൊനെറ്റ്സ്ക് മേഖലയെ പ്രതിരോധിക്കാൻ തങ്ങള്‍ തന്ത്രപരമായി പിന്മാറുകയാണെന്നായിരുന്നു റഷ്യന്‍ സൈന്യം അറിയിച്ചത്. 

1415

യുക്രൈന്‍റെ കിഴക്കന്‍ മേഖലയായ ഡൊനെറ്റ്സ്ക് മേഖല റഷ്യന്‍ വിമതരുടെ സഹായത്തോടെയായിരുന്നു റഷ്യന്‍ സൈന്യം കീഴടക്കിയത്. ഏപ്രിൽ മുതൽ കൂടുതൽ പ്രദേശങ്ങൾ യുക്രൈന്‍  തിരിച്ചുപിടിച്ചതായി യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ അറിയിച്ചു. എന്നാല്‍, റഷ്യ ഇപ്പോഴും യുക്രൈന്‍റെ ഏകദേശം 20 ശതമാനം പ്രദേശങ്ങളും  നിയന്ത്രിക്കുന്നു. ഇതിനിടെ വരാനിരിക്കുന്ന നീണ്ട തണുത്ത ശൈത്യകാലത്തും പ്രദേശത്ത് യുദ്ധം തുടരുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

1515

പാശ്ചാത്യ പിന്തുണ തുടരുകയാണെങ്കിൽ വിജയം അധികം വൈകില്ലെന്ന് യുക്രൈന്‍റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.‘നമുക്ക് കൂടുതൽ ആയുധങ്ങൾ ലഭിക്കുന്നു. വേഗത്തിൽ ഞങ്ങൾ വിജയിക്കും. ഈ യുദ്ധം വേഗത്തിൽ അവസാനിക്കും.’ അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനായി ആയിരക്കണക്കിന് സൈനികരെ എത്തിച്ച ചെച്‌നിയന്‍ നേതാവ് ലെഫ്റ്റനന്‍റ് ജനറൽ റംസാൻ കാദിറോവ്, റഷ്യന്‍ സേനയുടെ ഖാർകിവ് പിൻവാങ്ങൽ നേതൃത്വത്തിലെ പിഴവുകളുടെ ഫലമാണെന്ന് സമ്മതിച്ചു. 

Read more Photos on
click me!

Recommended Stories