Covid 19: രണ്ടര വര്‍ഷത്തിനിടെ ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തെ ഒരു ദേശം

First Published Jul 2, 2022, 11:21 AM IST


ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊവിഡ് (covid 19) മഹാമാരിക്ക് സമാനതകളില്ലാത്തെ വ്യാപനമായിരുന്നു ലോകത്തുണ്ടായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ മാസം ആദ്യം സാര്‍സ് കോവ് വൈറസ് സ്ഥിരീകരിക്കുമ്പോള്‍ അത്തെരമൊരു വൈറസ് രോഗാണുവിന്‍റെ ശക്തി ദൗര്‍ബല്യങ്ങള്‍ ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീടിങ്ങോട്ട് ഇന്നലെവരെയുള്ള കണക്കുകള്‍ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു രോഗവ്യാപന ചിത്രമാണ് നല്‍കുന്നത്. കൊവിഡ് ബാധ രേഖപ്പെടുത്തപ്പെട്ടത് മുതല്‍ അതിന്‍റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന വേള്‍ഡോമീറ്റേര്‍സ് എന്ന വെബ് സൈറ്റിന്‍റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55,35,91,147 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധ മൂലം മരിച്ചവരെ എണ്ണമാകട്ടെ 63,59,967 ഉം. ലോകത്തിലെ എല്ലാ വന്‍കരകളിലും കൊവിഡ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൊവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്ലാന്റിക് സമുദ്രത്തിൽ, കരയില്‍ നിന്നും 6,140 മൈൽ അകലെ (9881 കിലോമീറ്റര്‍) ഉള്ള ട്രിസ്റ്റൻ ഡ കുൻഹ (Tristan da Cunha) എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപ്. 

അന്‍റ്ലാന്‍റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ വന്‍കരയ്ക്കും തെക്കേ അമേരിക്കന്‍ വന്‍കരയ്ക്കും ഇടയില്‍ ഏതാണ്ട് മദ്ധ്യത്തിലായി കിടക്കുന്ന അഗ്നിപര്‍വ്വത ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപില്‍ ഏതാണ്ട് 250 ഓളം അന്തേവാസികളാണ് ഉള്ളത്. ഇവിടെ ഇതുവരെയായും കൊവിഡ് രോഗാണുവിന് പ്രവേശനുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രിസ്റ്റൻ ഡ കുൻഹയുടെ മാതൃരാജ്യമായ യുകെയില്‍ കൊവിഡ് രോഗാണുവ്യാപനം അഞ്ചാം തരംഗത്തിലേക്ക് കടക്കുകയാണ്. യുകെയില്‍ ഇതുവരെയായി 2,27,41,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വോള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അതേസമയം 1,80,417 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യം നിലവില്‍ അഞ്ചാം തരംഗത്തിലേക്ക് കടന്നു. 

രണ്ടര വര്‍ഷത്തിനിടെയിലെ കൊവിഡ് വ്യാപനം രാജ്യത്തിന്‍റെ ഉത്പാദനത്തെയും അത് വഴി സമ്പത്ത് വ്യവസ്ഥയെയും പിടിച്ച് ഉലച്ചെന്ന് കണക്കുകളും പറയുന്നു. അപ്പോഴും ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് ഒരാഴ്ച നീണ്ട് നിൽക്കുന്ന കപ്പല്‍ യാത്രയിലൂടെ എത്തപ്പെടാന്‍ പറ്റുന്ന യുകെയുടെ അധീനതയിലുള്ള ട്രിസ്റ്റൻ ഡ കുൻഹ ദ്വീപില്‍ ഇതുവരെയായും ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.

ലോക്ക്ഡൗണുകളുടെയും മാസ്ക്-സാമൂഹിക അകലവും തുടങ്ങിയ നിയന്ത്രണങ്ങളില്‍പ്പെട്ട് ലോകത്തെ മറ്റ് ദേശങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ തെക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിലെ അഗ്നിപർവ്വത ദ്വീപുകളുടെ വിദൂര സഖ്യമായ ട്രിസ്റ്റൻ ഡ കുൻഹയിലെ 250 നിവാസികൾക്ക് കഴിഞ്ഞ രണ്ട് വർഷും മറ്റ് വര്‍ഷങ്ങളെ പോലെ പതിവുപോലെ കടന്ന് പോയി.

വന്‍കരയില്‍ നിന്ന് ഏതാണ്ട് 10,000 കിലോമീറ്റര്‍ ദൂരത്തുള്ള ഈ ദ്വീപിലേക്ക് അപൂര്‍വ്വമായാണ് മത്സ്യബന്ധന, ഗവേഷണ കപ്പലുകൾ പോലും എത്തിചേരാറ്. അതല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്ന് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കപ്പല്‍ യാത്രമാത്രമാണ് ആശ്രയം. വന്‍ കരകളില്‍ നിന്ന് മനുഷ്യന് എത്തിചേരാവുന്ന യാത്രയുടെ ദൈര്‍ഘ്യം കാരണം ഒരു കൊവിഡ് കേസ് പോലും തീരത്തെത്തിയില്ല. 

ഇനി കപ്പലില്‍ ആര്‍ക്കെങ്കിലും കൊവിഡ് ബാധി സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ അവയെ തീരത്തടുപ്പിക്കാതെ തിരിച്ചയച്ചും അവര്‍ പ്രതിരോധം തീര്‍ത്തു. ട്രിസ്റ്റൻ ഡ കുൻഹയുടെ രണ്ട് ജോയിന്‍റ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ സ്റ്റീഫൻ ടൗൺസെൻഡ്, ദ്വീപ് നിവാസികളുടെ പാൻഡെമിക്ക് അനുഭവത്തെക്കുറിച്ച് പറഞ്ഞത് : ' ഞങ്ങളുടെ എല്ലാ മുൻകരുതലുകളുടെയും ഫലമായി, ദ്വീപിനെ കോവിഡ് രഹിതമായി നിലനിർത്തി. ക്രിസ്മസും പുതുവർഷവും എല്ലാവര്‍ഷവും സാധാരണപോലെ ആഘോഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,' എന്നാണ്. 

ഇവിടെ പരിമിതമായ ആരോഗ്യ സൗകര്യങ്ങളാണുള്ളത്. കൂടാതെ പ്രായമായ ജനസംഖ്യ കൂടുതലാണ്. അതിനാല്‍ കൊവിഡിനെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു ടൗൺസെൻഡ് കൂട്ടിച്ചേര്‍ത്തു. 'ഞങ്ങൾക്ക് ദ്വീപിൽ ഒരു ചെറിയ മെഡിക്കൽ സെന്‍റർ മാത്രമേയുള്ളൂ. ഞങ്ങൾക്ക് ഐസിയുവോ വെന്‍റിലേറ്റര്‍ സൗകര്യങ്ങളോ ഇല്ല. ഇവിടെയുള്ള ജനസംഖ്യയില്‍ താരതമ്യേന പ്രായമായവര്‍ ഏറെയാണ്. ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് നമ്മൾ വളരെ ശ്രദ്ധിക്കണം.' അദ്ദേഹം ഡെയ്ലി മെയിലിനോട് പറയുന്നു.

218 വ്യക്തികൾ അടങ്ങുന്ന അഞ്ച് കുടുംബങ്ങൾ മാത്രമാണ് ദ്വീപിലെ താമസക്കാരായുള്ളത്.  പ്രവാസി തൊഴിലാളികളായും അവരുടെ കുടുംബങ്ങളായും ഡോക്ടർമാരും നഴ്സുമാരും അധ്യാപകരും ഉൾപ്പെടെ 30 പേരുകൂടി ദ്വീപിലുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട വാസസ്ഥലം ഏഴ് കടല്‍ പ്രദേശത്തെ എഡിൻബർഗ് ആണ്. 1961 ല്‍ ഈ ദ്വീപില്‍ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായപ്പോള്‍ ജനങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തു. 

എന്നാല്‍, 1963 ല്‍ ഇവരെ എഡിൻബർഗില്‍ വീണ്ടും പുനരധിവസിപ്പിച്ചു. ദ്വീപ് സന്ദർശകരെ അനുവദിക്കുന്നില്ല. ഇനി മടങ്ങിവരുന്ന ഏതെങ്കിലും ദ്വീപ് നിവാസികളോ അല്ലെങ്കിൽ തൊഴിലാളികളോ ട്രിസ്റ്റൻ ഡ കുൻഹയിലേക്ക് പ്രവേശിക്കണമെങ്കില്‍ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം. ദക്ഷിണാഫ്രിക്കയിലെ കേപ്‍ടൗണില്‍ നിന്ന് ദ്വീപിലേക്ക് ആരെങ്കിലും പുറപ്പെടുന്നുണ്ടെങ്കില്‍ അതിന് മുമ്പ് പിസിആർ ടെസ്റ്റ് നടത്തി. 

10 ദിവസം അംഗീകൃത കേപ്ടൗൺ ഹോട്ടലിൽ ഐസൊലേറ്റ് ചെയ്യണം. മാത്രമല്ല, ദ്വീപിലേക്കുള്ള ഒരാഴ്ച നീണ്ട യാത്രയും ദ്വീപ് നിവാസികൾക്ക് അനുകൂലമാണ്. കാരണം, കൊവിഡ് ബാധിതരായ യാത്രക്കാർക്ക് യാത്രയ്ക്കിടയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതാല്‍ ദ്വീപിലേക്ക് പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ രോഗിയെ അവിടെ വച്ച് തന്നെ ക്വാറന്‍റീന്‍ ചെയ്യുകയോ ചെയ്യാം. 

2021 ജൂലൈയിലാണ് ഏക കോവിഡ് ഭീതി ദ്വീപിലുണ്ടായത്. എംഎഫ്‌വി എഡിൻബർഗ് എന്ന മത്സ്യബന്ധന കപ്പലില്‍ നിന്ന് ദ്വീപിലേക്കുള്ള മത്സ്യവിതരണ കപ്പലില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് അസ്വസ്ഥത തോന്നിയത് മാത്രമാണ് ദ്വീപിനുണ്ടായ ഏക കൊവിഡ് ആശങ്ക. പരിശോധനയില്‍ പലരും പോസറ്റീവ് ആയി. തുടര്‍ന്ന് നെഗറ്റീവായിരുന്ന തൊഴിലാളികള്‍ക്ക് ദ്വീപില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി. 

ആ സമയത്ത് മാത്രമാണ് ദ്വീപിലെ ഏക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ടൗൺസെൻഡ് പറഞ്ഞു. അങ്ങനെ 10 ദിവസം ദ്വീപില്‍ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചു 'ഓഫീസുകളും കടകളും സ്‌കൂളും അടഞ്ഞുകിടന്നു. വീടുകളിലേക്ക് കടയിൽ നിന്ന് അവശ്യസാധനങ്ങൾ എത്തിച്ചു.  കന്നുകാലികൾക്ക് ഭക്ഷണം നൽകാനും നായ്ക്കളെ വ്യായാമം ചെയ്യാനും ആളുകൾ ദിവസത്തിൽ ഒരു മണിക്കൂർ മാത്രം വീടിന് പുറത്തിറങ്ങി. 

10 ദിവസത്തിന് ശേഷം കരയിലേക്ക് വന്ന എല്ലാ കപ്പല്‍ യാത്രക്കാരെയും വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരും നെഗറ്റീവ്, ദ്വീപ് വീണ്ടും സാധാരണ ജീവിതത്തിലേക്ക് കടന്നു. 2020 മാർച്ചിൽ, ജനസംഖ്യയുടെ പകുതിയും 50 വയസ്സിന് മുകളിലുള്ള ട്രിസ്റ്റൻ ഡാ കുൻഹ കർശനമായ ഒറ്റപ്പെടൽ (Isolation
) നയം സ്വീകരിച്ചു. മടങ്ങിവരുന്ന താമസക്കാരെയും പ്രധാന ജീവനക്കാരെയും മാത്രമേ ദ്വീപിലേക്ക് ഇറങ്ങാൻ അനുവദിച്ചൊള്ളൂ. 

ഭാവിയിൽ ഇത്തരമൊരു സംഭവം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ദ്വീപിന് ലോക്ക്ഡൗൺ ഒരു പ്രധാന പഠനാനുഭവമായിരുന്നുവെന്ന് ടൗൺസെൻഡ് പറഞ്ഞു. ചില ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലോക്ക്ഡൗൺ നിയമങ്ങൾ പ്രധാനമായും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൈസറും മോഡേണയും പ്രവർത്തനക്ഷമമായി തുടരാൻ -80 മുതൽ -60 C വരെ താപനിലയിൽ സൂക്ഷിക്കണം. ഒരാഴ്ചത്തെ യാത്രയില്‍ ഇത് അസാധ്യമാണ്. അതിനാല്‍ ദ്വീപില്‍ 8 C യില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഓക്‌സ്‌ഫോർഡ്/ആസ്‌ട്രാസെനെക്ക വാക്‌സിനാണ് ഉപയോഗിച്ചത്. ബ്രിട്ടന്‍റെ റോയല്‍ നേവി കപ്പലില്‍ പ്രത്യേകം സംവിധാനമൊരുക്കിയാണ് 2021 ഏപ്രിലില്‍ ദ്വീപിലേക്ക് വാക്സിനെത്തിച്ചത്. 

നിലവില്‍ ദ്വീപിലെ മുതിര്‍ന്നവരില്‍ 95 ശതമാനം പേരും രണ്ട് വാക്സിനെടുത്തു. മറ്റുള്ളവര്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ വിട്ടുനില്‍ക്കുന്നു. കൊവിഡ് വകഭേദങ്ങളില്‍ നിന്ന് സംരക്ഷണത്തിനായി കൊവിഡ് ബൂസ്റ്ററുകൾക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ടൗൺസെൻഡ് പറഞ്ഞു. മഹാമാരിയുടെ മറ്റൊരു പ്രധാന വെല്ലുവിളി കപ്പലിൽ എത്തുന്ന ഭക്ഷണ വിതരണമായിരുന്നു. 

ദ്വീപിലേക്ക് അഞ്ചമാസത്തോളം പുതിയ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്തില്ല. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഭാവിയിലേക്കായി തങ്ങളുടെ ഭക്ഷ്യാവശ്യത്തിനായി ഒരു ഹൈഡ്രോപോണിക്സ് ഹരിതഗൃഹം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ ബ്രിട്ടനിലെ കൊവിഡ് രോഗ ബാധാകണക്കുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം ഇരട്ടിയായി ഉയര്‍ന്നു. രാജ്യത്ത്  ഇപ്പോൾ ഓരോ ദിവസവും 1,000-ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഏതാണ്ട് 20 ഓളം പേരാണ് ഓരോ ദിവസവും മരിക്കുന്നത്. എന്നാല്‍, തങ്ങള്‍ സ്ഥിതി നിരീക്ഷിക്കുകയാണെന്നും നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

click me!