ജർമനിയിൽ ഒരു പതിറ്റാണ്ടോളമായി താമസിക്കുന്ന ഇന്ത്യൻ ഗവേഷകനായ മയൂഖ് പഞ്ച, ജർമൻ പൗരത്വത്തിന് അർഹതയുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചതിൻ്റെ കാരണം വെളിപ്പെടുത്തുന്നു. 

ബെർലിൻ: ജർമനിയിൽ ഒരു പതിറ്റാണ്ടോളം താമസിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചില്ലെന്ന് വ്യക്തമാക്കി ഗവേഷകൻ. പോപ്പുലേഷൻസ് എന്ന എഐ സ്ഥാപനത്തിന് തുടക്കമിട്ട മയൂഖ് പഞ്ചയാണ്, ജർമൻ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ തനിക്ക് അർഹതയുണ്ടായിട്ടും എന്തുകൊണ്ട് അപേക്ഷിച്ചില്ലെന്ന് വ്യക്തമാക്കിയത്.

താൻ ഒൻപത് വർഷത്തിലേറെയായി ജർമനിയിലാണ് താമസിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷമായി ജർമൻ പൗരത്വത്തിന് അർഹതയുണ്ടെന്നും എന്നാൽ അപേക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും മയൂഖ് പഞ്ച വിശദീകരിച്ചു. ജർമനിക്കാരനാണെന്ന് തനിക്ക് ഒരു തോന്നൽ വരുന്നില്ല. പാസ്‌പോർട്ട് ഒരു രേഖ മാത്രമായിരിക്കാം. പക്ഷേ അത് ഒരു വ്യക്തിയുടെ സ്വത്വവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നുവെന്നും താൻ ഇന്ത്യക്കാരനാണെന്നും അദ്ദേഹം വിശദീകരിച്ചു.

പാസ്പോർട്ട് എന്നാൽ കേവലമൊരു രേഖയല്ല…

ജർമനിയുടെ ചരിത്രം, ഭാഷ, സംസ്കാരം എന്നിവയെല്ലാം തനിക്ക് മനസ്സിലാകുന്നുണ്ടെങ്കിലും അവയുമായി ആഴത്തിലുള്ള ബന്ധം തോന്നുന്നില്ലെന്ന് മയൂഖ് പഞ്ച പറയുന്നു. ബെർലിനിലെ സാങ്കേതിക, ശാസ്ത്രീയ പശ്ചാത്തലത്തിൽ താൻ സംതൃപ്തനാണ്. എന്നാൽ അത് പൂർണമായും തന്‍റെ നാടാണെന്ന തോന്നൽ വരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഉദാഹരണ സഹിതമാണ് മയൂഖ് പഞ്ച ഇക്കാര്യം വിശദീകരിച്ചത്. ഫുട്ബോൾ മത്സരത്തിൽ ജർമനി ജയിച്ചാലും തോറ്റാലും തനിക്ക് വലിയ വ്യത്യാസമൊന്നും തോന്നാറില്ല. അതേസമയം ഇന്ത്യ ലോകകപ്പ് നേടുമ്പോൾ താൻ വളരെയധികം ആവേശഭരിതനാകാറുണ്ടെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. ജർമനിയുടെ സുഹൃത്തായിട്ടാണ് സ്വയം തോന്നുന്നത്. പക്ഷേ ആ രാജ്യത്തിന്‍റെ ഭാഗമാണെന്ന് തോന്നുന്നില്ലെന്നും മയൂഖ് പഞ്ച പറഞ്ഞു. ജർമൻ പൗരനാകുക എന്നാൽ ജർമൻ മൂല്യങ്ങളോടും ആശങ്ങളോടും യോജിക്കുക എന്നാണ് അർത്ഥം. എന്നാൽ ഒരു പുതിയ പൗരൻ എന്ന നിലയിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കാരത്തോട് പൂർണമായും പൊരുത്തപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും മയൂഖ് പഞ്ച പറഞ്ഞു.

ഇന്ത്യയിലാണെങ്കിൽ ഭൂരിപക്ഷ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിൽപ്പോലും, സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ കഴിയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാസ്‌പോർട്ട് തന്റെ വേരുകളെയും സ്വത്വത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും പഞ്ച പറഞ്ഞു. ഇന്ത്യൻ പൗരത്വം നിലനിർത്തുന്നത് നിയമപരമായ നേട്ടങ്ങളുടെ പ്രശ്നമല്ല, മറിച്ച് തന്റെ യഥാർത്ഥ സ്വത്വവുമായി ബന്ധം നിലനിർത്താനുള്ള മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർ മയൂഖ് പഞ്ചയുടെ തീരുമാനത്തെ പ്രശംസിച്ചു രംഗത്തെത്തി. തികച്ചും വ്യക്തിപരമായ തീരുമാനമാണ് ഇത്. അത് തുറന്നു പറയാൻ വളരെയധികം ധൈര്യം ആവശ്യമാണ്. അഭിനന്ദനങ്ങൾ, ജർമൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര വളരെ എളുപ്പമാണ് എന്നിട്ടും ഈ തീരുമാനം എടുത്തല്ലോ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ കമന്‍റുകൾ.

Scroll to load tweet…