Russia target Uk: യുക്രൈന് പിന്തുണ, ബ്രിട്ടന്‍ അക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യ

First Published Apr 27, 2022, 4:08 PM IST


യുക്രൈന് സാമ്പത്തിക - സൈനിക സഹായം നല്‍കുന്നതില്‍ മുന്നിലുള്ള ബ്രിട്ടന്‍റെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. യുക്രൈന് ആയുധം നൽകുന്ന നാറ്റോ രാജ്യങ്ങൾക്കെതിരെയും ആക്രമണത്തിന് അനുമതി നൽകാമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. 'തങ്ങളുടെ സൈനിക വിതരണ വിന്യാസം തടസപ്പെടുത്തുന്ന കീവിന് ആയുധങ്ങള്‍ നല്‍കുന്ന നാറ്റോ രാജ്യങ്ങളുടെ പ്രദേശത്തെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്ന് നിങ്ങള്‍ ശരിയായി മനസിലാക്കുന്നുണ്ടോ'യെന്ന് മരിയ സഖരോവ ചോദിച്ചു. കീവ് സന്ദര്‍ശന വേളയില്‍ റഷ്യയ്ക്കെതിരെ പ്രകോപനപരമായ തരത്തില്‍ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു. ഇതിന് റഷ്യന്‍ ഭാഗത്ത് നിന്നുണ്ടായ മറുപടിയായി മരിയയുടെ പ്രകോപനത്തെ യുദ്ധവിദഗ്ദര്‍ വിലയിരുത്തുന്നു. '

റഷ്യൻ അടിസ്ഥാന സൗകര്യങ്ങൾക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ വ്യോമാക്രമണത്തെ യുകെ പിന്തുണയ്ക്കുന്നുവെന്ന് ബ്രിട്ടന്‍റെ സായുധസേനാ മന്ത്രി ജെയിംസ് ഹീപ്പി പറഞ്ഞതിന് പിന്നാലെയാണ് മരിയ സഖരോവയുടെ പ്രസ്താവനയെത്തിയത്. 

യുക്രൈന്‍റെ അക്രമണം 'പൂർണ്ണമായും നിയമാനുസൃതം' മാണെന്നും ഹീപ്പി കൂട്ടിചേര്‍ത്തു. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. യുക്രൈന്‍റെ കിഴക്കന്‍ മേഖലയായ കിഴക്കൻ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്ക് മേഖലകളിൽ സംഘർഷത്തിനിളവ് വന്നാല്‍ യുക്രൈന്‍ സൈനികരെ പരിശീലിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും യുകെ അറിയിച്ചിരുന്നു. 

ബ്രിട്ടനോ യൂറോപ്പിലെ മറ്റ് നയന്ത്രജ്ഞരോ ആര് പങ്കെടുത്താലും കീവിന്‍റെ തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളില്‍ തിരിച്ചടിക്കാന്‍ തയ്യാറാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു. പോളണ്ടിലേക്ക് റഷ്യന്‍ അക്രമണം വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് ഹീപ്പിയുടെ പ്രസ്താവനയെന്നും റഷ്യ ആരോപിച്ചു. ‍

റഷ്യയ്ക്ക് യുക്രൈന് പുറത്തുള്ള പടിഞ്ഞാന്‍ ലക്ഷ്യങ്ങള്‍ അക്രമിക്കാന്‍ കഴിയുമെന്നും അവര്‍ അവകാശപ്പെട്ടു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഒരു നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കീവ് സന്ദര്‍ശന വേളയില്‍  ബ്രിട്ടൻ കീവിലെ എംബസി വീണ്ടും തുറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. 

അതിനിടെ റഷ്യന്‍ അക്രമണത്തിന് ശേഷം യുക്രൈനിലേക്ക് തിരിച്ചെത്തുന്ന ആദ്യ നയതന്ത്ര ഉദ്യോഗസ്ഥ യുകെ അംബാസഡർ മെലിൻഡ സിമ്മൺസ് ആയിരിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് നയതന്ത്രജ്ഞരും യുക്രൈനിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അറിയിച്ചു. 

ഹീപ്പിയുടെ പ്രസ്താവനയോട് പ്രതികരിക്കവേ ബ്രിട്ടന്‍റെ നടപടിക്ക് തതുല്യവും ആനുപാതികവുമായ പ്രതികരണമുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യൻ സായുധ സേന 24 മണിക്കൂറും എന്തിനും തയ്യാറാണ്. കീവിലെ തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങളിൽ ഉയർന്നതും കൃത്യതയുള്ളതുമായ ദീർഘദൂര ആയുധങ്ങൾ ഉപയോഗിച്ച് പ്രതികാര ആക്രമണങ്ങൾ നടത്താന്‍ റഷ്യയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. 

യുക്രൈനിലെ തീരുമാനമെടുക്കല്‍ കേന്ദ്രങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപദേഷ്ടാക്കളുടെ സാന്നിധ്യം ഉണ്ടാകുമെന്നത് റഷ്യയുടെ പ്രതികാര നടപടിക്ക് ഒരു തടസമാകില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു. 

റഷ്യയുടെ അടിസ്ഥാനഘടനകളില്‍ അക്രമണം നടത്തുന്ന ഏതൊന്നിനെയും പിന്തുണയ്ക്കാന്‍ യുകെയ്ക്ക് കടമയുണ്ട്. കാരണം അത് സാധാരണക്കാരുടെ മരണത്തെ തടയാന്‍ സഹായിക്കുമെന്നും ഹീപ്പി ടൈംസ് റേഡിയോട് സംസാരിക്കവേ പറഞ്ഞു. 

ഈ ആഴ്ച, റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 95 മൈല്‍ അകലെയുള്ള ബ്രയാൻസ്കിലെ ഒരു പ്രധാന റീസ്റ്റോക്കിംഗ് ഡിപ്പോ യുക്രൈന്‍റെ മിസൈല്‍ അക്രമണത്തില്‍ തകർന്നു. ഇത് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്ധന ടാങ്കുകള്‍ക്കും ഒരു റിഫൈനറിയ്ക്കും തീ പിടിക്കാന്‍ ഇടയാക്കി.  എന്നാല്‍, അക്രമണം നടത്തിയത് തങ്ങളാണെന്ന റഷ്യന്‍ ആരോപണത്തെ യുക്രൈന്‍ തള്ളിക്കളഞ്ഞു. 

'അന്താരാഷ്ട്ര സമൂഹം ഇപ്പോൾ യുക്രൈന് നൽകുന്ന ആയുധങ്ങള്‍ അതിർത്തികളിൽ ഉപയോഗിക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍, റഷ്യയുടെ ലോജിസ്റ്റിക്സിനെ തടസപ്പെടുത്തുന്നത് റഷ്യയുടെ ഉള്ളിലേക്ക് കടന്ന് അക്രമണം വ്യാപിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഹീപ്പി അഭിപ്രായപ്പെട്ടു. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് നല്‍കുന്ന ആയുധങ്ങളുടെ ഒഴിക്ക് അതുപോലെ തുടരുകയാണെങ്കില്‍ വിജയം യുക്രൈനൊപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

ഇതിനിടെ യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇതിനായി ജര്‍മ്മനിയില്‍ യോഗം ചേര്‍ന്നു. 50 ഗെപാർഡ് വിമാനവിരുദ്ധ സംവിധാനങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യോഗം തീരുമാനിച്ചു. 

എല്ലാ മാസവും യോഗം ചേരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.  'നമുക്ക് നഷ്ടപ്പെടാൻ സമയമില്ല. യുദ്ധത്തിന്‍റെ വേഗതയിൽ നീങ്ങണം.' എന്നും  അദ്ദേഹം അഭിപ്രയാപ്പെട്ടു. എന്നാല്‍, യുകെ, യുക്രൈന് കൂടുതൽ ശക്തമായ ആയുധങ്ങൾ നൽകണമെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിപ്രായപ്പെട്ടു. 

യുദ്ധത്തിന്‍റെ സ്വഭാവം മാറിയതിനാൽ 'പ്രതിരോധ ആയുധങ്ങൾ' നൽകിയാൽ മതിയാകില്ലെന്ന് അവർ കൂട്ടിചേര്‍ത്തു. 'വളരെക്കാലമായി പ്രതിരോധ ആയുധങ്ങളും ആക്രമണാത്മക ആയുധങ്ങളും തമ്മിൽ തെറ്റായ വേർതിരിവ് ഉണ്ടായിരുന്നു. ചിലർക്ക് കാലു വലിച്ചുനീട്ടാൻ ഇതൊരു ഒഴികഴിവായി. ആ കാലം ഇപ്പോൾ കഴിഞ്ഞു.' അവർ രാജ്യത്തെ എംപിമാരോടായി പറഞ്ഞു. 

കഴിഞ്ഞ ദിവസം യുക്രൈന്‍ സംഘര്‍ഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് അഭിപ്രായപ്പെട്ടിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദർശിച്ച് യുക്രൈന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. 

യുഎസ്-സോവിയറ്റ് ബന്ധത്തിലെ ഏറ്റവും അടിസ്ഥാനമൂല്യമാണ്. എന്തുവിലകൊടുത്തും ആണവയുദ്ധം തടയാൻ പരിശ്രമിക്കുക എന്ന തത്വം. "എല്ലാം അടിസ്ഥാനമാക്കുന്ന ഞങ്ങളുടെ പ്രധാന നിലപാടാണിത്. എന്നാല്‍ ഇപ്പോൾ അപകടസാധ്യതകൾ വളരെ വലുതാണ്," ലാവ്‌റോവ് ലോകരാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പും നല്‍കിയിരുന്നു. 
 

click me!