ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി, എന്നിട്ടും ഉക്രൈനില്‍ നിലയുറപ്പിക്കാന്‍ പറ്റാതെ റഷ്യന്‍ സൈന്യം

First Published Feb 28, 2022, 2:34 PM IST

യുദ്ധം തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോഴും ലോകത്തെ രണ്ടാമത്തെ സൈനീക ശക്തിയായ റഷ്യയ്ക്ക് ഉക്രൈന്‍റെ മേല്‍ ആധിപത്യമൊന്നും പുലര്‍ത്താനായിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതോടൊപ്പം, ഉക്രൈനിലേക്ക് കടന്നുകയറിയ റഷ്യന്‍ സൈനീകരെ ട്രോളുന്ന ഉക്രൈനികളുടെ വീഡിയോകളും സാമൂഹിക മാധ്യമങ്ങിളില്‍ വ്യാപകമായി പ്രചരിക്കുന്നു. അതിലൊരു വീഡിയോയില്‍ യുദ്ധത്തിന് പോകുന്ന വഴി പെട്രോള്‍ തീര്‍ന്ന് പാതിവഴിയിലായ ഒരു റഷ്യന്‍ ട്രാങ്കിലെ സൈനീകരെ ട്രോളുന്ന ഉക്രൈനിയുടെതാണ്. റോഡരികില്‍ കത്തിയെരിഞ്ഞ നിലയില്‍ കിടക്കുന്ന റഷ്യന്‍ സൈന്യത്തിന്‍റെ നിരവധി വാഹനങ്ങളുടെ വീഡിയോകളാണ് കാര്‍കീവില്‍ നിന്ന് പുറത്ത് വരുന്നത്. കീവിലും ചുവടുറപ്പിക്കാന്‍ പറ്റാതെ റഷ്യന്‍ സൈന്യം പ്രതിരോധത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കീവിലേക്കുള്ള യാത്രാമധ്യേ റോഡിൽ ടാങ്ക് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട ഒരു ഉക്രൈന്‍ കാര്‍ ഡ്രൈവര്‍ റഷ്യന്‍ സൈനീകരോട് 'റഷ്യയിലേക്ക് മടങ്ങാൻ സഹായം ആവശ്യമുണ്ടോയെന്ന്' കളിയാക്കി ചോദിക്കുന്നു. 

ഉക്രൈനില്‍ തര്‍ന്നു കിടക്കുന്ന റഷ്യന്‍ സൈനീക വാഹനം.

റഷ്യൻ സൈന്യം റോഡില്‍ വിശ്രമിക്കുന്നത് കണ്ടാണ് കാര്‍ യാത്രക്കാരന്‍ തന്‍റെ വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്നത്. യുദ്ധടാങ്കിന് സമീപത്തെത്തിയപ്പോള്‍ അദ്ദേഹം കാറിന്‍റെ ഗ്ലാസ് താഴ്ത്തി. റഷ്യയിലേക്ക് മടങ്ങാന്‍ സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു.

ഉക്രൈനിയുടെ തമാശ ആസ്വദിച്ച് റഷ്യന്‍ സൈനീകര്‍ ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ വാഹനത്തിന്‍റെ ഇന്ധനം തീര്‍ന്നെന്നും ഡീസലിനായി കാത്ത് നില്‍ക്കുകയാണെന്നും റഷ്യന്‍ സൈനീകര്‍ മറുപടി പറയുന്നു. 

നിങ്ങള്‍ എവിടെ പോകുന്നുവെന്ന് ഡ്രൈവര്‍ മറു ചോദ്യം ചോദിക്കുമ്പോള്‍ തങ്ങള്‍ കീവിലേക്കുള്ള യാത്രയിലാണെന്ന റഷ്യന്‍ സൈനീകര്‍ മറുപടി പറയുന്നു.' ഇതുവരെ ഞങ്ങളുടെ ടീം മികച്ചതാണ്, നിങ്ങളുടെ ആളുകൾ നന്നായി കീഴടങ്ങുന്നു.' എന്ന് മറുപടി നല്‍കി ഡ്രൈവര്‍ തന്‍റെ വാഹനം മുന്നോട്ട് ഓടിച്ച് പോകുന്നതും വീഡിയോയില്‍ കാണാം. 

ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ കാണിക്കുന്നത് കൂടുതല്‍ സൈനീക നഷ്ടം ഉണ്ടായതും റഷ്യയ്ക്കാണെന്നാണ്. ഉക്രൈന്‍റെ കണക്ക് പ്രകാരം ഏതാണ്ട് 4,500 ഓളം റഷ്യന്‍ സൈനീകര്‍ വധിക്കപ്പെട്ടു.  80 ടാങ്കുകൾ, 516 കവചിത വാഹനങ്ങൾ, 10 വിമാനങ്ങളും ഏഴ് ഹെലികോപ്റ്ററുകള്‍ എന്നിവയും റഷ്യയ്ക്ക് ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞു. 

ഉക്രൈന്‍റെ പിടിയിലായ റഷ്യന്‍ സൈനീകന്‍.

സൈനീക ശക്തിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം വെറും 22-ാം സ്ഥാനത്തുള്ള ഉക്രൈനിന് മുമ്പില്‍ മുട്ട് മടക്കേണ്ടിവരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അഞ്ചാം ദിവസം യുദ്ധം തുടരുമ്പോള്‍ ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതും റഷ്യയാണ്. 

റഷ്യന്‍ യുദ്ധവിമാനം ഉക്രൈനില്‍ തകര്‍ന്ന നിലയില്‍.

റഷ്യന്‍ സഖ്യ രാഷ്ട്രവും നിലവില്‍ റഷ്യയ്ക്കൊപ്പം നിന്ന് ഉക്രൈന്‍ അക്രമിക്കുകയും ചെയ്യുന്ന ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് ആദ്യം ഉക്രൈന്‍ അറിയിച്ചതെങ്കിലും യുദ്ധത്തിന് വിരാമമിടാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലാന്‍സ്കി പിന്നീട് അറിയിച്ചു. 

ഉക്രൈനില്‍ തര്‍ന്നു കിടക്കുന്ന റഷ്യന്‍ സൈനീക വാഹനം.

ചെറുതെങ്കിലും ഇതോടെ യുദ്ധ വിരാമത്തിനുള്ള സാധ്യത തെളിഞ്ഞതായി അന്താരാഷ്ട്രാ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. റഷ്യയുടെ 'അമിത ആത്മവിശ്വാസവും', മോശം യുദ്ധതന്ത്രങ്ങളും ആസൂത്രണ പിഴവും ഉക്രൈനില്‍ പാളിപ്പോയെന്ന് തന്നെ വേണം കരുതാന്‍. 

അതിനിടെ യുദ്ധം ആരംഭിക്കുമ്പോള്‍ 30 ശതമാനമുണ്ടായ ജനപ്രീതി, യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ള 90 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞത് ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിക്ക് മുന്‍തൂക്കമുണ്ടാക്കി. ഇന്ന് ഉക്രൈനിലെ ദേശീയ ഹീറോയാണ് സെലന്‍സ്കി. 

പല ഭരണാധികാരികളെയും പോലെ താന്‍ ഒളിച്ചോടില്ലെന്നും അവസാനം വരെ കീവിനായി പോരാടുമെന്നും യുദ്ധമുഖത്ത് നിന്ന് സ്വന്തം രാഷ്ട്രത്തലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളും യുദ്ധമുഖത്ത് നിലയുറപ്പിച്ചു. 

ഉക്രൈനില്‍ തര്‍ന്നു കിടക്കുന്ന റഷ്യന്‍ സൈനീക വാഹനവും മരിച്ച സൈനീകനെയും കാണാം.

16 വയസ് മുതല്‍ 60 വയസുവരെയുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്നും ശത്രുവിനെതിരെ തെരുവുകളില്‍ പോരാട്ടം നയിക്കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടപ്പോള്‍, ആയുധമേന്താനായെത്തിയത് പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമുണ്ടായിരുന്നു. 

ഉക്രൈന്‍റെ ശക്തമായ ചെറുത്ത് നില്‍പ്പിലൂടെ ഇതിനകം റഷ്യയ്ക്ക് ഭീമമായ നഷ്ടം നേരിട്ടെന്നും 15 ബില്യൺ പൗണ്ട് വരെ ഈ നഷ്ടം ഉയര്‍ന്നെന്നും പ്രതിരോധ വിദഗ്ദര്‍ പറയുന്നു. ഇത്രയും ഭീമമായ നഷ്ടം ഉണ്ടായതിനാല്‍ യുദ്ധം അതികകാലം നീട്ടികൊണ്ട് പോകാന്‍ റഷ്യ തയ്യാറാകാനുള്ള സാധ്യത കുറവാണെന്നും ഇന്‍റലിജൻസ് വിദഗ്ധരും പറയുന്നു. 

റഷ്യയുടെ പണവും ആയുധങ്ങളും തീർന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ പുടിന്‍ യുദ്ധം തുടരില്ലെന്നും എസ്തോണിയയുടെ മുൻ  മുൻ പ്രതിരോധ മേധാവി റിഹോ ടെറാസ് അഭിപ്രായപ്പെട്ടു. കീവില്‍ റഷ്യയുടെ പത്ത് സൈനീകരെ തടഞ്ഞ് വച്ചാല്‍ പുടിന്. സെലന്‍സ്കിയുമായി ചര്‍ച്ച നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ഉക്രൈനിയൻ ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്, ഉക്രൈന്‍ യുദ്ധത്തിന് റഷ്യയ്ക്ക് പ്രതിദിനം 15 ബില്യൺ പൗണ്ട് ചിലവാകുന്നുണ്ടെന്നും മൂന്ന് മുതൽ നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള റോക്കറ്റുകൾ അതിര്‍ത്തികളിലുണ്ടെന്നും അതിനാല്‍, അവർ ആയുധങ്ങള്‍ മിതമായാണ്  ഉപയോഗിക്കുന്നതെന്നും ടെറസ് അവകാശപ്പെട്ടു. 

സൈനീക കേന്ദ്രങ്ങള്‍ അക്രമിക്കുന്നത് നിര്‍ത്തി, ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നതെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധമാരംഭിച്ച്  രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കീവ് കീഴടക്കി ഒരു പാവ സര്‍ക്കാറിനെ ഉക്രൈനില്‍ ഭരണമേല്‍പ്പിക്കാനുമായിരുന്നു റഷ്യയുടെ പദ്ധതികള്‍.

എന്നാല്‍ യുദ്ധം അനന്തമായി നീണ്ടാല്‍ റഷ്യ സ്വാഭാവിക പ്രതിരോധത്തിലാകുമെന്നും ചില പ്രതിരോധ വിദഗ്ദരും പറയുന്നു. അതിനിടെ യുകെയും യുഎസും അടക്കമുള്ള പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ ഉക്രൈന് ആയുധവും പണവും നല്‍കാന്‍ മുന്നോട്ട് വന്നതും റഷ്യയ്ക്ക് തിരിച്ചടിയായി. 

നാറ്റോ ഉക്രൈനിലേക്ക് സൈന്യത്തെ നേരിട്ടയച്ചില്ലെങ്കിലും ആയുധങ്ങളെത്തിക്കും. ഇതോടെ ഉക്രൈന്‍റെ പ്രതിരോധം ശക്തമാകുമെന്നും യുദ്ധം അനന്തമായി നീളുമെന്നും റഷ്യ കരുതിയാല്‍ ചര്‍ച്ചക്കുള്ള സാധ്യത തെളിയുമെന്നും വിദഗ്ദര്‍ പറയുന്നു. 

click me!