പുടിന്‍ ആരോഗ്യവാന്‍, ചിത്രങ്ങള്‍ പുറത്ത് വിട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം

First Published Sep 29, 2021, 11:38 AM IST

ലോകത്തെ എല്ലാ ഏകാധിപതികളുടെയും സ്വകാര്യ ജീവിതം ഏറ്റവും രഹസ്യമായ കാര്യമായിരിക്കും. അത് ഉത്തര കൊറിയയുടെ കിം ജോങ് ഉങ് (Kim Jong-un) ആയാലും റഷ്യയുടെ പുടിന്‍ (Vladimir Putin) ആയാലും ശരി, പൊതുജനങ്ങളില്‍ നിന്ന് പരമാവധി അകന്നായിരിക്കും ഏകാധിപതികളെല്ലാം അങ്ങളുടെ സ്വകാര്യജീവിതം നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ തങ്ങളുടെ പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നിയമങ്ങൾ പരസ്യമായും കർശനമായും അനുസരിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് പുടിന്‍ അവകാശപ്പെട്ടു. എന്നാല്‍ , തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും ജയിലിലടയ്ക്കപ്പെട്ടു. പല പ്രതിപക്ഷ പാര്‍ട്ടികളും നിരോധിക്കപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമത്വം നടന്നെന്ന് അന്താരാഷ്ട്ര നിരീക്ഷക സംഘവും ആരോപിച്ചു.

കാര്യങ്ങളങ്ങനെയാണെങ്കിലും പുടിന്‍റെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും അതിനിടെ ഉയര്‍ന്നുവന്നു. പുടിന്‍റെ പുതിയ വിവരങ്ങളൊന്നും പുറത്ത് വരാതിരുന്നത് കൊണ്ട് തന്നെ പുടിന് കാര്യമായ ഏതോ രോഗമാണെന്നും കിംവദന്തികള്‍ പരന്നു. 

ഇതോടെയാണ് ക്രെംലിനിലെ വിശ്വസ്തനായ പ്രതിരോധ മന്ത്രിയൊടൊപ്പം താന്‍ നടത്തിയ 72 മണിക്കൂര്‍ വേട്ടയാടലിന്‍റെ പടങ്ങള്‍ പുറത്ത് വിടാന്‍ വ്ലാദിമിര്‍ പുടിന്‍ അനുമതി നല്‍കിയത്. 

പുടിന്‍റെ പിന്തുടരാവകാശിയെന്ന് കരുതപ്പെടുന്ന പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനൊത്താണ് പുടിന്‍ തന്‍റെ വേട്ടയാടല്‍ നടത്തിയത്. അടുത്ത മാസം 69 തികയുന്ന പുടിന്‍ താനിപ്പോഴും ആരോഗ്യവാനാണെന്ന് ചിത്രങ്ങളിലൂടെ തെളിയിക്കുന്നു. 

ഇരുവരും ഈ മാസം ആദ്യവാരത്തില്‍ നടൈഗയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചിത്രങ്ങളെടുത്തതെന്ന് പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. പുടിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള കിംവദന്തികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടതെന്നും ആരോപണമുണ്ട്. 

എന്നാല്‍ തെരഞ്ഞെടുപ്പില്‍ 'സുനിശ്ചതമായ' വിജയം നേടുമ്പോള്‍ ഇനിയും ഭരണത്തിലിരിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും ആരോപണമുയര്‍ന്നു

പുടിൻ ഒരു ഓഫ് റോഡ് വാഹനം ഓടിക്കുന്നതും സൈബീരിയൻ നദിയിൽ ഒരു ബോട്ട് ഓടിക്കുന്നതും , മീൻ പിടിക്കുന്നതും, പർവതങ്ങളിലൂടെ സഞ്ചരിക്കുന്നതും പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട വീഡിയോയില്‍ കാണാം.

ചിത്രങ്ങളിലെല്ലാം പ്രസന്നവാനായ പുടിനാണ് നിറയുന്നത്. പുടിന്‍, സെർജി ഷോയിഗുവുമായി തമാശകള്‍ പറയുന്നതും വീഡിയോയിലുണ്ട്. 

എന്നാല്‍ പുടിന്‍റെ പിന്‍ഗാമിയെന്ന് കരുതിയിരുന്ന മുന്‍ അംഗരക്ഷകന്‍ എവ്ജെനി സിനിചെവ് ( 55) ഈ മാസം ആദ്യം ആർട്ടിക് പ്രദേശത്ത്  നിന്ന് 'ഒരു മനുഷ്യനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാറയിൽ നിന്ന് വീണു' മരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുരൂഹമായ ഈ മരണത്തെ കുറിച്ച് മറ്റ് വെളിപ്പെടുത്തലുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. 

അതിനിടെ പുടിന് പാർക്കിൻസൺസ് രോഗമോ ഉദരാർബുദമോ ഉണ്ടെന്ന എസ്‌വി‌ആർ ജനറൽ ചാനലിൽ നിന്നുള്ള റിപ്പോര്‍ട്ടുകളെ ക്രെംലിന്‍ ആവര്‍ത്തിച്ച് നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പുടിന്‍ ആരോഗ്യവാനാണെന്ന് കാണിക്കുന്ന വനത്തില്‍ നിന്നുള്ള വീഡിയോയും പ്രതിരോധ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 

 പുടിന്‍റെ ആരോഗ്യ നിരീക്ഷകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ വലേരി സോളോവി, കഴിഞ്ഞയാഴ്ച എക്കോ മോസ്കോ റേഡിയോയിൽ പുടിന് ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 'ഒന്നുകിൽ അവര്‍ അത് ചെയ്തു, അല്ലെങ്കിൽ ഇന്ന് രാത്രി അത് ചെയ്യും,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നേറ്റ് രാത്രി പാർലമെന്‍ററി പാർട്ടി നേതാക്കളുമായി പുടിന്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ടായിരുന്നു ക്രെംലിന്‍ ഇതിന് മറുപടി നല്‍കിയത്. 

അതിനിടെ ക്രെംലിൻ സ്വതന്ത്രവും നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ആരോപിച്ച് റഷ്യന്‍ കമ്മ്യൂണിസ്റ്റുകൾ കഴിഞ്ഞ ആഴ്ച തെരുവിലിറങ്ങി. തെരഞ്ഞെടുപ്പില്‍ പുടിന്‍ നുണ പറയുന്നുവെന്ന് ആരോപിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. 

തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടത്തിയതായി അവര്‍ ആരോപിച്ചു.  അതിനിടെ 14 മില്യൺ വോട്ടുകൾ പുടിന്‍റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടതായി റഷ്യയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് അനലിസ്റ്റായ സെർജി ഷ്പിൽകിനും ആരോപിച്ചു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!