Russian Crisis: വ്ലാദിമിര്‍ പുടിന്‍റെ യുദ്ധം സ്വന്തം ജനതയ്ക്ക് എതിരെ തിരിയുമോ ?

Published : Mar 07, 2022, 01:01 PM ISTUpdated : Mar 07, 2022, 01:02 PM IST

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ യുദ്ധം ആരോടാണ് ? നാറ്റോ സഖ്യത്തിന് ശ്രമിച്ച വോളോഡിമർ സെലെൻസ്‌കിയ്ക്കും ഉക്രൈനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പുടിന്‍റെ നടപടി, ഒടുവില്‍ സ്വന്തം ജനതയ്ക്കെതിരായ യുദ്ധമായി  മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫെബ്രുവരി 24 ന് റഷ്യ സ്വന്തം നിലയ്ക്കാരംഭിച്ച ഉക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും രാഷ്ട്രീയമായും സാമ്പത്തികമായും അന്താരാഷ്ട്രാതലത്തില്‍ റഷ്യ ഏതാണ്ട് ഒറ്റപ്പെട്ടു. അന്താരാഷ്ട്രാ വിപണിയിലും റഷ്യയ്ക്ക് വിലക്കുകള്‍ വന്നതോടെ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നാറ്റോയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ വിലക്കുകളും നിയന്ത്രണങ്ങളും കൊണ്ടുവന്നതിന് പുറകെ വിദേശരാജ്യങ്ങള്‍ ആസ്ഥാനമാക്കിയുള്ള വ്യാവസായിക ഗ്രൂപ്പുകളും മൊബൈല്‍ കമ്പനികളും ബാങ്കുകളും മറ്റും റഷ്യയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കയറ്റിറക്കുമതി ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും, റൂബിണിളിന്‍റെ മൂല്യ തകര്‍ച്ച പിടിച്ച് നിര്‍ത്താനായി പലിശ നിരക്ക് 9 ല്‍ നിന്ന് ഒറ്റയടിക്ക് 20 ശതമാനമായി ഉയര്‍ത്താന്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമായി. എങ്കിലും രാജ്യത്ത് നാണയപെരുപ്പനിരക്ക് ഉയരുകയും സാധാരണ ജനങ്ങളുടെ ജനജീവിതം ദുസഹമാവുകയും ചെയ്തു. ജനജീവിതം ദുസഹമായതും രാജ്യത്ത് സൈനിക നിയമം വരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളും ശക്തമായതോടെ റഷ്യക്കാര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.     

PREV
126
Russian Crisis: വ്ലാദിമിര്‍ പുടിന്‍റെ യുദ്ധം സ്വന്തം ജനതയ്ക്ക് എതിരെ തിരിയുമോ ?

റഷ്യയുടെ ഉക്രൈന്‍ യുദ്ധം സാമ്പത്തിക ലാഭത്തിന് വേണ്ടി എന്നതിനേക്കാള്‍, നാറ്റോയുമായുള്ള ഉക്രൈന്‍റെ അടുപ്പം തങ്ങളുടെ അതിര്‍ത്തികളില്‍ പ്രശ്നം സൃഷ്ടിക്കുമെന്നും ആയുധ വിപണിയില്‍ തങ്ങളുടെ സ്ഥാനത്തിന് കോട്ടം തട്ടുമെന്നുമുള്ള പുടിന്‍ എന്ന ഏകാധിപതിയുടെ ആശങ്കയില്‍ നിന്നായിരുന്നു. 

 

226

ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22 -ാം സ്ഥാനത്തുള്ള ഉക്രൈനുമായി യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇതുവരെയും റഷ്യന്‍ വിമത പ്രദേശമായ ഡോണ്‍ബോസ്കോയും തീരദേശ നഗരമായ മരിയാപോളും അടക്കം ഡെനിപ്പര്‍ നദിക്ക് കിഴക്കുള്ള പ്രദേശങ്ങള്‍ മാത്രമാണ് റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 

 

326

എന്നാല്‍, ഈ പ്രദേശങ്ങളിലെല്ലാം കനത്ത ചെറുത്ത് നില്‍പ്പും റഷ്യന്‍ കരസേനയ്ക്ക് നേരിടേണ്ടിവരുന്നുണ്ട്. കീവ് കീഴടക്കാനുള്ള പോരാട്ടം ഇതുവരെ എവിടെയും എത്താത്തതും റഷ്യയുടെ സൈനീക മുന്നേറ്റത്തിന്‍റെ മാറ്റ് കുറയ്ക്കുന്നു. അതിനിടെ പരമാവധി നാശം കുറയ്ക്കുന്നതിന് പകരം ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് നഗരങ്ങളില്‍ പരമാവധി നാശം കൂട്ടാനാണ് റഷ്യ ശ്രമിക്കുന്നതെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. 

 

426

ഇതിനിടെ റഷ്യയിലെമ്പാടും യുദ്ധ വിരുദ്ധപ്രതിഷേധങ്ങളും ശക്തമായി. മോസ്കോയിലും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലും പൊലീസും പ്രതിഷേധക്കാരും ഏറ്റമുട്ടുന്നത് വരെയെത്തി കാര്യങ്ങള്‍. പ്രസിഡന്‍റ് പുടിനെതിരെ പ്രതിഷേധങ്ങളുയരാത്ത സൈബീരിയയില്‍ പോലും യുദ്ധവിരുദ്ധ റാലികളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

526

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മോസ്കോയിലും സെന്‍റ്. പീറ്റേഴ്സ്‍ബര്‍ഗിലും സൈബീരിയയിലുമടക്കം ഉക്രൈന്‍ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച 15,000 ത്തോളം പേരെ റഷ്യന്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ കനത്ത നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നതെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നു. 

 

626

റഷ്യന്‍ ജയിലുള്ള, പുടിന്‍റെ ഏറ്റവും വലിയ എതിരാളി അലക്സി നവാല്‍നി (Alexei Navalny)രാജ്യത്തെ ജനങ്ങളോട് തെരിവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഉരാല്‍സ് നഗരത്തില്‍ പുടിന്‍റെ ചുമര്‍ചിത്രം പ്രതിഷേധക്കാര്‍ വികൃതമാക്കി. പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും റഷ്യയിലെ അമ്പതോളം നഗരങ്ങളില്‍ ഇന്നലെയും പ്രതിഷേധങ്ങള്‍ അരങ്ങേറി. 

 

726

ഉക്രൈന്‍ അധിനിവേശത്തിനെതിരെ 21 റഷ്യൻ നഗരങ്ങളിൽ ഇന്നലെ മാത്രം പ്രകടനം നടത്തിയ 4,300-ലധികം ആളുകൾ അറസ്റ്റിലായി.  53 നഗരങ്ങളിലായി കുറഞ്ഞത് 4,366 പേരെ തടങ്കലിൽ വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ മാത്രം 7,500-ലധികം യുദ്ധവിരുദ്ധ പ്രതിഷേധ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ രംഗത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധ സംഘടനകള്‍ പറയുന്നു.

 

826

സൈബീരിയയില്‍ പോലും പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് റഷ്യന്‍ ഭരണകൂടത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇന്നലെ മോസ്കോയിൽ 1,700 ഉം, സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 750 ഉം, മറ്റ് നഗരങ്ങളിൽ 1,061 എന്നിവരുൾപ്പെടെ 3,500 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റഷ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ 10,000 ത്തോളം പേരെ അറസ്റ്റ് ചെയ്തതിന് പുറകെയാണിത്. 

 

926

'യുദ്ധം'(War) എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വാര്‍ത്തകള്‍ക്ക് മേലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബിബിസി അടക്കമുള്ള അന്താരാഷ്ട്രാ മാധ്യമങ്ങളെല്ലാം റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. നിരവധി റഷ്യന്‍ വാര്‍ത്താ ചാനലുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 

 

1026

റഷ്യന്‍ ഭരണകൂടത്തിന്‍റെ നടപടിയില്‍ തെരുവുകളില്‍ പ്രതിഷേധിക്കാന്‍ റഷ്യക്കാരോട് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയും ആവശ്യപ്പെട്ടു. ഈ അധിനിവേശത്തിലൂടെ റഷ്യക്കാരെ കാത്തിരിക്കുന്നത് ദാരിദ്രവും ഭരണകൂട അടിച്ചമര്‍ത്തലുമായിരിക്കുമെന്നും സെലെന്‍സ്കി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ നിശബ്ദരായിരുന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പിന്നീട് ദാരിദ്രം മാത്രമേ ഉണ്ടാവുകയൊള്ളൂവെന്നും സെലെന്‍സ്കി പറഞ്ഞു. 

 

1126

ഇതിനിടെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പുടിന്‍റെ ജന്മനാടായ സെന്‍റ്. പീറ്റേഴ്സ്ബര്‍ഗില്‍ (st petersburg) നിന്നും 205 കിലോമീറ്റര്‍ ദൂരെയുള്ള ഫിന്‍ലാന്‍റ് (Finland)അതിര്‍ത്തിയായ വലിമ (Vaalimaa Border)കടക്കാനായി ദിനം പ്രതിയെത്തുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസുകളിലും കാറുകളിലുമായി നിരവധി റഷ്യക്കാരാണ് പലായനത്തിനായി അതിര്‍ത്തികളിലെത്തുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

1226

പലായനം ചെയ്യുന്നവരുടെ നിര സ്ഥിരമായി നീളുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രൈനുമായുള്ള യുദ്ധം പുടിന്‍ വിചാരിച്ച പോലെയല്ല നടക്കുന്നത്. അതിനാല്‍ യുദ്ധം നീളുമെന്നും ഇത് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉക്രൈന്‍ പ്രതിഷേധങ്ങളെ നേരിടാനുമായി പുടിന്‍ സൈനിക നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും റഷ്യയില്‍ വാര്‍ത്തകള്‍ പരക്കുകയാണ്. സൈനിക നിയമം കൊണ്ട് വരുന്നതിന് മുമ്പ് രാജ്യം വിടാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

1326

ഉക്രൈനുമായി യുദ്ധം തുടങ്ങിയതോടെ യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യാമപാത നിരോധിച്ചിരുന്നു. തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ വിമാനങ്ങളെയും റഷ്യ നിരോധിച്ചു. ഇതോടെ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള ഏക മാർഗം കരമാര്‍ഗ്ഗമായി മാറി. കാര്‍,  ട്രെയിന്‍, ബസ് എന്നിവാണ് ആളുകള്‍ പലായനത്തിനായി ഉപയോഗിക്കുന്നത്. 

 

1426

"ഉക്രെയ്നിലെ ആളുകൾ ഞങ്ങളുടെ ആളുകളാണ്. അവര്‍ ഞങ്ങളുടെ കുടുംബമാണ്. ഞങ്ങൾ അവരെ കൊല്ലാൻ പാടില്ല." അതിര്‍ത്തി കടക്കാനെത്തിയ ഒരു യുവതി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിക്ക റഷ്യക്കാർക്കും ഈ യുദ്ധം ആവശ്യമില്ല, എന്നാല്‍, യുദ്ധത്തിനെതിരെ അതായത് പുടിനെതിരെ നിൽക്കാൻ ശ്രമിച്ചാൽ അവർ ജയിലിൽ പോകേണ്ടിവരുമെന്നും അവള്‍ കൂട്ടിചേര്‍ത്തു. 

 

1526

ഉക്രൈനെതിരെയുള്ള റഷ്യയുടെ പടനീക്കത്തിന് പുടിന്‍ പറഞ്ഞ കാരണം ഉക്രൈന്‍ റഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാണെന്നും റഷ്യയെ അംഗീകരിക്കണമെന്നുമാണ്. ഇതേ നീക്കം പുടിന്‍ ഫിന്‍ലാന്‍റ് പോലുള്ള അയല്‍രാജ്യങ്ങള്‍ക്ക് നേരെയും നടത്തുമോയെന്ന ഭയവും പലായനം ചെയ്യുന്നവര്‍ പങ്കുവയ്ക്കുന്നു. അപ്പോഴും റഷ്യയുടെ ഉക്രൈന്‍ പടനീക്കത്തില്‍ ഫിന്‍ലാന്‍റിന്‍റെ നിഷ്പക്ഷ നിലപാടാണ് റഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഫിന്‍ലാന്‍റിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

1626

ഫിന്‍ലാന്‍റില്‍ നടന്ന ഏറ്റവും പുതിയ അഭാപ്രായ വോട്ടെടുപ്പില്‍,  രാജ്യം നാറ്റോയിൽ ചേരാനും സഖ്യത്തിന്‍റെ അംഗത്വം നൽകുന്ന സംരക്ഷണം നേടാനുമുള്ള സമയമാണിതെന്നാണ് ജനം വിശ്വസിക്കുന്നതായി ഫലം പറയുന്നു. ഉക്രൈന്‍റെ ഇതേ നാറ്റോ സഖ്യ ആവശ്യമാണ് യുദ്ധത്തിന് കാരണമെന്നാണ് പുടിന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതും. 

 

1726

സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നിന്നും അതിര്‍ത്തിയ വലിമ വഴി ഫിന്‍ലാന്‍റിലെ പ്രധാന നഗരമായ ഹെല്‍സിങ്കിയിലേക്കുള്ള ട്രയിനുകളിലെല്ലാം റഷ്യക്കാരാല്‍ നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്ക ട്രെയിനുകളും പൂർണ്ണമായി ബുക്ക് ചെയ്താണ് പുറപ്പെടുന്നത്.  ടിക്കറ്റ് നിരക്ക് മുമ്പത്തേതിനേക്കാള്‍ കുതിച്ചുയര്‍ന്നു.

 

1826

റൂബിളിന്‍റെ കനത്ത തകര്‍ച്ചയെ തുടര്‍ന്നും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള തടസങ്ങളെ തുടര്‍ന്നും റഷ്യയിൽ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന റൂബിളിന്‍റെ അളവ് വളരെ കുറവാണ്. റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരെയുള്ള അന്താരാഷ്ട്രാ ഉപരോധവും രാജ്യത്ത് നിന്ന് നിരവധി വലിയ പാശ്ചാത്യ കമ്പനികള്‍ പിൻവലിഞ്ഞതും സമ്പദ് വ്യവസ്ഥയെയും റൂബിളിനെയും കനത്ത തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. 

 

1926

പണത്തിന്‍റെ ഒഴുക്കിലുണ്ടാകുന്ന നിശ്ചലത ഒഴിവാക്കാന്‍ റഷ്യയിലെ അതിസമ്പന്നരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളിലെ അനധികൃത പണം പിടിച്ചെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുമെന്ന ആശങ്കയിലാണ് റഷ്യക്കാര്‍. പുടിന്‍ ഇത്തരമൊരു നിയമത്തില്‍ ഒപ്പിട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ തന്നെ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റഷ്യയില്‍ നിയന്ത്രണങ്ങളുണ്ട്. 

 

2026

സര്‍ക്കാര്‍ സമ്പന്നരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നേരെ തിരിയുമെന്ന വാര്‍ത്തവന്നതിന് പിന്നാലെയാണ് ഉക്രൈന്‍ അധിനിവേശം നിര്‍ത്തണമെന്ന ആവശ്യവുമായി റഷ്യന്‍ എണ്ണ ഭീമന്‍ ലുക്കോയിലിന്‍റെ (Russian oil giant Lukoil) പ്രസ്താവന പുറത്ത്‍ വന്നത്. രാജ്യത്തെ അതിസമ്പന്നരില്‍ നിന്ന് പുടിന് നേരിടുന്ന ആദ്യ എതിര്‍പ്രസ്ഥാവനയായി ഇതിനെ  കണക്കാക്കുന്നു. 

 

2126

റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങള്‍ നിയന്ത്രിക്കുന്ന വ്യക്തികള്‍ തനിക്കെതിരെ തിരിഞ്ഞാല്‍, അതിനെ നേരിടാന്‍ സൈനിക നിയമം പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാന്‍ പുടിന്‍ മടിക്കില്ലെന്നും ജനം വിശ്വസിക്കുന്നു. ഈ ഭയമാണ് പലായനത്തിന് റഷ്യന്‍ ജനതയെ പ്രേരിപ്പിക്കുന്നത്. 

 

2226

പട്ടാള നിയമം കൊണ്ടുവന്നാൽ, തെരുവിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പുടിന് നിഷ്പ്രയാസം കഴിയും. പ്രസിഡന്‍റ് എന്ന നിലയില്‍ പുടിന് ഇഷ്ടമുള്ളത് ചെയ്യാൻ ഇത് അനുവദം നല്‍കുന്നു.  ഉക്രൈന്‍, പ്രതിരോധം അവസാനിച്ച് കീഴടങ്ങുന്നത് വരെ യുദ്ധം നിര്‍ത്തില്ലെന്ന് പുടിന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനോടും തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് എർദോഗനോടും (Turkish President Recep Tayyip Erdogan) ആവര്‍ത്തിച്ച് കഴിഞ്ഞു.

 

2326

ഉക്രൈനിലെ റഷ്യന്‍ മുന്നേറ്റം പ്രതീക്ഷിച്ച നിലയിലല്ലെന്നും ഉക്രൈന്‍റെ പ്രതിരോധം അതിശക്തമാണെന്ന തരത്തില്‍ യൂറോപിലും മറ്റ് വിദേശരാജ്യങ്ങളിലും വാര്‍ത്തകള്‍ വരുന്നു. ഇത് ആയുധ വിപണിയില്‍ റഷ്യയുടെ വ്യാപാരത്തില്‍ കനത്ത തിരിച്ചടിയുണ്ടാക്കും. പഴയ റഷ്യന്‍ സാമ്രാജ്യത്തിന്‍റെ തിരിച്ച് വരവിനായി ശ്രമിക്കുന്ന പുടിനെ സംബന്ധിച്ച് ഈ പരാജയം ഒരുക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ യുദ്ധം ജയിക്കേണ്ടത് മറ്റാരെക്കാളും പുടിന്‍റെ ആവശ്യമായിക്കഴിഞ്ഞു. 

 

2426

എന്ത് വില കൊടുത്തും യുദ്ധം ജയിക്കാന്‍ , 'അപ്രവചിതന്‍' (Unpredictable) എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പുടിന്‍ ശ്രമിക്കുമെന്ന് പലരും കരുതുന്നു. ആണവായുധ പ്രയോഗിത്തിന് പോലും മടിക്കില്ലെന്ന പുടിന്‍റെ പ്രസ്ഥാവനയെയും കരുതലോടെയാണ് യുഎസും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള ലോകരാജ്യങ്ങള്‍ സമീപിക്കുന്നത്. 

 

2526

ഉക്രൈന്‍റെ പ്രതിരോധം ഓരോ ദിവസം കഴിയും തോറും കനക്കുമ്പോള്‍, ജയിക്കാനായി സ്വന്തം രാജ്യത്ത് പട്ടാള നിയമം കൊണ്ടുവരാനും പുടിന്‍ ശ്രമിക്കുമെന്ന ഭയം ജനങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. തത്വത്തില്‍ ഉക്രൈനെതിരെയുള്ള പുടിന്‍റെ യുദ്ധം സ്വന്തം ജനതയോടുള്ള യുദ്ധമായി തീരുന്നു. 

 

2626
Read more Photos on
click me!

Recommended Stories