ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, 5 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍

First Published Oct 16, 2021, 8:33 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നവരും അപ്രതീക്ഷിത സൂപ്പര്‍ താരങ്ങളായവരും നിരവധിപേരുണ്ട്. റുതുരാജ് ഗെയ്ക്‌വാദും(Ruturaj Gaikwad) ഹര്‍ഷല്‍ പട്ടേലും(Harshal Patel) വെങ്കടേഷ് അയ്യരുമെല്ലാം(Venkatesh Iyer) ഈ സീസണിലെ കണ്ടെത്തലുകളാകുമ്പോള്‍ ടീമിന്‍റെ നെടന്തൂണാവുമെന്ന് കരുതി തീര്‍ത്തും നിരാശപ്പെടുത്തിയവരും നിരവധി. അങ്ങനെയുള്ള 11 കളിക്കാരെ ഉള്‍പ്പെടുത്തി ഈ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ആകാശ് ചോപ്ര തെര‍ഞ്ഞെടുത്ത ഫ്ലോപ്പ് ഇലവനില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മൂന്ന് ഇന്ത്യന്‍ താരങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്.

ലിയാം ലിവിംഗ്‌സ്റ്റണ്‍: ബെന്‍ സ്റ്റോക്സും ജോസ് ബട്‌ലറും ജോഫ്ര ആര്‍ച്ചറുമൊന്നും ഇല്ലാതിരുന്ന രാജസ്ഥാന്‍ ടീമിന്‍റെ വലിയ പ്രതീക്ഷകളിലൊന്നായിരുന്നു ലിയാം ലിവിംഗ്‌സ്റ്റണ്‍. എന്നാല്‍ ഓപ്പണര്‍ മുതല്‍ പല പൊസിഷനിലും കളിച്ച താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 8.4 ശരാശരിയില്‍ 42 റണ്‍സ്.

നിക്കൊളാസ് പുരാന്‍: ഇത്തവണയും പഞ്ചാബ് കിംഗ്സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നില്‍ അവരുടെ മധ്യനിരയുടെ പരാജയംകൊണ്ടായിരുന്നു. പഞ്ചാബിനായി 12 മത്സരങ്ങളില്‍ കളിച്ച പുരാന്‍ 7.7 ശരാശരിയില്‍ നേടിയത് 85 റണ്‍സ്.

സുരേഷ് റെയ്ന: ചെന്നൈയുടെ എക്കാലത്തെയും വിശ്വസ്തനായ സുരേഷ് റെയ്നയാണ് ഫ്ലോപ്പ് ഇലവനിലെ മൂന്നാമത്തെ താരം. ബാറ്റിംഗിലെ സ്ഥിരതകൊണ്ട് മിസ്റ്റര്‍ ഐപിഎല്‍ എന്ന വിളിപ്പേര് നേടിയിട്ടുള്ള റെയ്ന ഇത്തവണ 12 കളികളില്‍ 17.7 ശരാശരിയില്‍ 160 റണ്‍സാണ് ആകെ നേടിയത്.

ഓയിന്‍ മോര്‍ഗന്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മോര്‍ഗന്‍ സമ്പൂര്‍ണ പരാജയമായി. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത മോര്‍ഗന്‍ 16 കളികളില്‍ ആകെ നേടിയത് 11.7 ശരാശരിയില്‍ 129 റണ്‍സ്.

Hardik Pandya

ഹാര്‍ദ്ദിക് പാണ്ഡ്യ: ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരം. ബൗള്‍ ചെയ്തില്ല എന്നു മാത്രമല്ല ബാറ്റിംഗില്‍ 12 കളികളില്‍ 14.1 ശരാശരിയില്‍ നേടിയത് 127 റണ്‍സ് മാത്രവും.

റിയാന്‍ പരാഗ്: രാജസ്ഥാന്‍ മധ്യനിരയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും കളഞ്ഞുകുളിച്ച താരം. 11 കളികളില്‍ ആകെ നേടിയത് 93 റണ്‍സ്.

ക്രുനാല്‍ പാണ്ഡ്യ: മുംബൈ ഇന്ത്യന്‍സില്‍ നിരാശപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ താരമാണ് ക്രുനാല്‍ പാണ്ഡ്യ. ബാറ്റുകൊണ്ടും ബോളു കൊണ്ടും തിളങ്ങാതിരുന്ന പാണ്ഡ്യ 13 കളികളില്‍ 7.9 ശരാശരിയില്‍ നേടിയത് 53 റണ്‍സും വീഴ്ത്തിയത് അഞ്ച് വിക്കറ്റും.

കെയ്ല്‍ ജയ്മിസണ്‍: സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പൊന്നുംവിലക്ക് സ്വന്തമാക്കിയ ജയ്മിസണ്‍ ഒമ്പത് മത്സരങ്ങളില്‍ ആകെ വീഴ്ത്തിയത് 9 വിക്കറ്റ്. ഇക്കോണമിയാകട്ടെ 9.6.

ഡാന്‍ ക്രിസ്റ്റ്യന്‍: ഓസ്ട്രേലിയന്‍ ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനമാണെങ്കിലും ആര്‍സിബി കുപ്പായത്തില്‍ ക്രിസ്റ്റ്യന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഒമ്പത് മത്സരങ്ങളില്‍ 9.3 ഇക്കോണമിയില്‍ ആകെ വീഴ്ത്തിയത് നാലു വിക്കറ്റ്.

ആര്‍ അശ്വിന്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ള അശ്വിന്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 13 മത്സരങ്ങള്‍ കളിച്ചങ്കിലും നേടിയത് ഏഴ് വിക്കറ്റ് മാത്രം. 7.4 ഇക്കോണമി നിലനിര്‍ത്തി എന്നത് മാത്രമാണ് ഏക നേട്ടം.

ഭുവനേശ്വര്‍ കുമാര്‍: ഇന്ത്യയുടെ ലോകകപ്പ് ടീമിലിടം നേടിയ ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 11 മത്സരങ്ങളില്‍ ഹൈദരാബാദിനായി ഭുവി ആകെ വീഴ്ത്തിയത് 6 വിക്കറ്റ് മാത്രം.

click me!