നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും

Published : Dec 09, 2025, 06:37 PM IST

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഇന്നും നടിയെ ആക്രമിച്ച കേസ് വലിയ തോതിൽ ചർച്ചയായി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിൻ്റെ നീക്കവും ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് വിവാദമായത്. 

PREV
19
ദിലീപിൻ്റെ ആരോപണം; 'ഗൂഢാലോചന'

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിക്ക് ദിലീപ് നീങ്ങുന്നതായിരുന്നു വോട്ടെടുപ്പ് ദിനത്തിലെ ആദ്യത്തെ ചർച്ച. അന്വേഷണസംഘം മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പ്രതിചേർത്തതെന്നും പോലീസ് ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി എന്നും ദിലീപ് ആരോപിച്ചു. വിധി പകർപ്പ് ലഭിച്ചശേഷം മുന്നോട്ടുപോകാനാണ് നടന്റെ തീരുമാനം.

29
'അത് ദിലീപിൻ്റെ തോന്നൽ'

നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന നടൻ ദിലീപിൻ്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന നടന്നുവെന്നത് ദിലീപിന്‍റെ തോന്നൽ മാത്രമാണെന്നും പൊലീസ് അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

39
'ദിലീപിന് നീതി കിട്ടി'

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് തുറന്നടിച്ച് വോട്ടെടുപ്പ് ദിനത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി യുഡിഎഫ് കൺവീനര്‍ അടൂര്‍ പ്രകാശ്. സര്‍ക്കാര് അപ്പീൽ പോകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം.

‘കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ട്. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റും' എന്നുമാണ് അടൂർ പ്രകാശ് പറഞ്ഞത്.

49
ഞെട്ടി കോൺഗ്രസ്, ആഞ്ഞടിച്ച് ഇടത് നേതാക്കൾ; പ്രസ്താവന തിരുത്തി അടൂർ പ്രകാശ്

അതിജീവിതക്ക് ഒപ്പമെന്ന് കോൺഗ്രസ് യുഡിഎഫ് സംവിധാനങ്ങൾ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്‍റെ വെളിപാട്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പോളിംഗ് ബൂത്തിൽ നിൽക്കെ ഇതെന്ത് കഥയെന്ന് കോൺഗ്രസ് നേതാക്കൾ പോലും അമ്പരന്നു. പിന്നാലെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, എംഎം ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങി കോൺഗ്രസ് നേതാക്കും മുഖ്യമന്ത്രി അടക്കം ഇടതുപക്ഷത്ത് നിന്നുള്ള നേതാക്കളും അടൂർ പ്രകാശിനെതിരെ രംഗത്തെത്തി. ഇതോടെ തൻ്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് അടൂർ പ്രകാശും വാദിച്ചു.

59
പ്രതിഷേധിച്ച് ഭാഗ്യലക്ഷ്‌മിയുടെ രാജി

ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ചലചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. കോടതിയിൽ നിന്നുള്ള അന്തിമ വിധി എന്ന നിലക്ക് സംഘടനകൾ പെരുമാറുന്നു. അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുക്കാത്ത സിനിമ സംഘടനകൾ സ്ത്രീപക്ഷമല്ലെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

69
കൊന്നുകളയാനാണ് തോന്നിയതെന്ന് ലാൽ

'ഞാൻ മിണ്ടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് എനിക്ക് ആ സമയത്ത് തോന്നിയത്. പക്ഷേ, പിന്നീട് നമ്മൾ സാവകാശം ചിന്തിക്കുമ്പോൾ അവർക്കെല്ലാവർക്കും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്നു പ്രാർഥിച്ചിരുന്നു. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.

പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പിടി തോമസ് അല്ല. അതിനുശേഷമാണ് പിടി തോമസ് ഒക്കെ വരുന്നത്. ഡ്രൈവർ മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണ്. വിവരമറിഞ്ഞ് എത്തിയ പി.ടി തോമസ്, ഈ മാർട്ടിൻ എന്നു പറയുന്ന ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, അയാൾക്ക് നല്ല പെയ്ൻ ഉണ്ട് എന്നു പറഞ്ഞു. എന്നാൽ അത് നിൽക്കട്ടെ മാർട്ടിന്‍റെ അഭിനയം ശരിയല്ലെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. ഡ്രൈവറുടെ പെരുമാറ്റം കണ്ടപ്പോൾ സംശയം തോന്നിയിരുന്നു.'

79
'അതിജീവിതകൊപ്പം'

അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നടൻ ആസിഫ് അലി. കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

89
'ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികം'

കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്ന് രഞ്ജി പണിക്കർ പ്രതികരിച്ചു. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

99
സുരേഷ് ഗോപിയുടെ പ്രതികരണം

കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പ്രതികരണം. കോടതി വിധിയെ മാനിക്കാതിരിക്കാൻ പറ്റുമോ? വിധി പകർപ്പ് വരട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപെടാൻ പാടില്ല. ദിലീപിൻ്റെ തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സിനിമ സംഘടനകളുടെ നേതൃത്വമാണ്. താൻ ഒരു മെമ്പർ മാത്രമാണ്.

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Photos on
click me!

Recommended Stories