നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ഇന്നലെ ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്‍റെ ആരോപണത്തിൽ മഞജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോന നടത്തിയെന്ന് കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ള പറഞ്ഞിരുന്നു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം. രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസിൽ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. എന്നും അവള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ഉമ തോമസ്, മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് നടത്തിയ പരാമര്‍ശത്തിലും പ്രതികരിച്ചു. ദിലീപിന്‍റേത് വളച്ചൊടിക്കലാണെന്നും ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു. ഇതൊക്കെ വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് പറഞ്ഞു. അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്നത് ആലോചനയിലുണ്ടെന്നും വിധി പകർപ്പ് പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഉമ തോമസ് പറഞ്ഞു.

