Omicron In Kerala: കേരളത്തില്‍ രാഷ്ട്രീയ സാമൂഹിക പരിപാടികള്‍ ഓണ്‍ലൈന്‍ ആക്കണമെന്ന് നിര്‍ദ്ദേശം

First Published Jan 10, 2022, 3:40 PM IST

രാജ്യത്ത് കൊവിഡ് (Covid 19) പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. പ്രതിവാര കേസുകളിൽ 500 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിന്‍റെ (Omicron) തന്നെ മറ്റൊരു വകഭേദമായ ബി. എ. 1 ഉം ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പ്രതിദിന കേസുകൾ 7,635 ആയി ഉയര്‍ന്നു. കേരളത്തിലും പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവര‌ുടെ എണ്ണത്തിലും വർദ്ധന ഉണ്ട്. ടിപിആർ (TPR)പത്ത് കടന്നതോടെ സംസ്ഥാനത്തും കൊവിഡ് വകഭേദമായ ഒമിക്രോണിലൂടെ മൂന്നാം തരംഗമെന്ന (Third Wave) വിലയിരുത്തലിലേക്കാണ് പോകുന്നത്. കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവരിൽ നൽകുന്ന കോക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.

കേരളം 

കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് ഓമിക്രോണ്‍ വ്യാപനം അതിശക്തമായി തുടരുകയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. 

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് സര്‍ക്കാറിന്‍റെ തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ കൊവിഡ് അവലോക യോഗത്തില്‍ ആദ്യമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയും പങ്കെടുത്തിരുന്നു. 

അതേസമയം, പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശമുണ്ട്. 

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി കുറച്ചു. നേരത്തെ 75 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. അടുത്ത അവലോകന യോഗം സ്ഥിതി വീണ്ടും ചർച്ച ചെയ്യും.

കേരളത്തിൽ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോ​ഗികൾ ഇപ്പോൾ 6,000 നും മുകളിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് കൂടുതൽ പടരുന്നതിന്‍റെ സൂചനയാണിതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആർ നോട്ട് കൂടുതലായ ഓമിക്രോൺ കൂടുതൽ പേരിലേക്ക് പടരാനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹ​ചര്യത്തിലാണ് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വേണമോ എന്ന പുനരാലോചന ഉണ്ടായത്.

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. 

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

15 വയസ്സിന് മുകളില്‍ പ്രയമുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും. 

കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട്  വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ഒമിക്രോണ്‍ പടരുന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടും കര്‍ശന നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ പോകാത്തത് ജനുവരി അവസാനം വരെ  സിപിഐ(എം) പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ടാണെന്ന ആരോപണം ഉയര്‍ന്നു. ജനുവരി 30 ന് ആലപ്പുഴ ജില്ലാ സമ്മേളനത്തോടെയാണ് സിപിഐ(എം)ന്‍റെ ജില്ലാ സമ്മേളനങ്ങള്‍ അവസാനിക്കുക. ഏപ്രിലില്‍ കണ്ണൂരാണ് സംസ്ഥാന പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇതിന്‍റെ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

കേരളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന പ്രതിദിന കണക്ക് 43,000 വരെയാണ്. എന്നാല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതിൽ 50 ശതമാനം വരെ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അതോടൊപ്പം കേസുകൾ കൈവിട്ടാൽ ചികിത്സാ സംവിധാനങ്ങൾ ഞെരുങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. 

കോക്ടെയിൽ ചികിത്സ ഫലിക്കാതാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. മോണോക്ലോണൽ ആന്‍റിബോഡി കോക്ക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയിലാണ് വലിയ ആശങ്ക. മോണോക്ലോണൽ ആന്‍റിബോഡി കോക്ക്ടെയിൽ ചികിത്സ ഒമിക്രോണിനെതിരെ ഫലപ്രദമോയെന്ന് പരിശോധിക്കണമെന്നും ഈരംഗത്തെ വിദഗ്ദർ ആവശ്യപ്പെടുന്നു. 

ജനിതക പരിശോധനയില്ലാതെ തന്നെ, ഒമിക്രോൺ കണ്ടെത്താവുന്ന പിസിആർ പരിശോധനാ കിറ്റുകൾ സംസ്ഥാനത്തിന് ലഭ്യമാകുന്ന മുറയ്ക്ക് പരിശോധന പിസിആറിലേക്ക് മാറണമെന്നാണ് പ്രധാന നിർദേശം. സംസ്ഥാനത്തെത്തുന്നവരിൽ മാത്രം ഒമിക്രോൺ പരിശോധന ഒതുക്കാതെ റാൻഡം പരിശോധനകൾ സമൂഹത്തിലും നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കോവിഡ് കേസുകൾ കൂടുന്നതിനാൽ ആന്‍റിജൻ പരിശോധനകൾ വീണ്ടും കൂട്ടണമെന്ന നിർദേശവും വിദ​ഗ്ധർ മുന്നോട്ട് വച്ചിട്ടുണ്ട്. ഒമിക്രോൺ കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണം, പ്രതിരോധം എന്നിവയിൽ വിദഗ്ദസമിതി നിർദേശവും സര്‍ക്കാര്‍ തേടിയിരുന്നു.

60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവ‍ർക്കും, ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കുമുള്ള ബൂസ്റ്റർ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍ തുടങ്ങും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണ് സംസ്ഥാനത്തുള്ളത്. 

അതേസമയം കൗമാരക്കാർക്കുള്ള ഊർജ്ജിത വാക്സിനേഷൻ ഇന്ന് അവസാനിക്കും. നാളെ മുതൽ ആഴ്ച്ചയിൽ നാല് ദിവസമെന്ന നിലയിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാകും കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം നടക്കുക.

തമിഴ്നാട്

ഇതിനകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തമിഴ്നാട്ടില്‍ ഇന്നലെ 12,895 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6,186 പേർക്ക് രോഗം കണ്ടെത്തി. 12 മരണം കൂടി സ്ഥിരീകരിച്ചു. ചെന്നൈയിൽ 15.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.9% ആണ് സംസ്ഥാനത്തെ ടിപിആർ നിരക്ക്. 

കഴിഞ്ഞ ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 761 വാഹനങ്ങൾ ചെന്നൈ പൊലീസ് പിടിച്ചെടുത്തിരുന്നു. ചെന്നൈ നഗരത്തിൽ 434 പേർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. അയ്യായിരത്തിലധികം പേർക്ക് പിഴ ചുമത്തിയെന്നും ചെന്നൈ ഗ്രേറ്റർ പൊലീസ് അറിയിച്ചു. രാത്രികാല കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ തമിഴ്നാട് കര്‍ശനമായി തുടരുകയാണ്.

ഇന്ത്യ

രാജ്യത്ത് കരുതൽ ഡോസിന്‍റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. അസുഖ ബാധിതരായ മുതിർന്ന പൗരൻമാർ, ആരോഗ്യ പ്രവർത്തകർ , കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയായവർക്ക് മാത്രമേ കരുതൽ ഡോസ് എടുക്കാൻ അർഹത ഉണ്ടാവൂ. 

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ നിർദ്ദേശങ്ങൾ സംബന്ധിച്ചും ചർച്ച നടക്കും. ദില്ലിയിൽ റെഡ് അലർട്ട് ഏർപ്പെടുത്തണമോയെന്നതിൽ തീരുമാനമെടുക്കാൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

click me!