Covid 19 in Kerala; രാജ്യത്ത് ഓമിക്രോണ്‍ സമൂഹവ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്കിടയിലും വിവാഹാഘോഷം

First Published Jan 23, 2022, 8:53 PM IST

കൊവിഡ് (covid 19) വകഭേദമായ ഓമിക്രോണ്‍ രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഇന്ന് (23.1.'22) സംസ്ഥാനത്ത് ലോക്ഡൗണിന് (lock down) സമാനമായ നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് തിരത്തുകളിലുണ്ടായിരുന്നത്. സംസ്ഥാന അതിര്‍ത്തികളിലും കര്‍ശന പരിശോധന നടന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പൊലീസ് (Police)  പരിശോധന കര്‍ശനമാക്കി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ക്ഷേത്രത്തില്‍ 145 വിവാഹങ്ങള്‍ നടന്നത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നതായാണ് റിപ്പോര്‍ട്ട്. 20 -ാം തിയതി കേരളത്തില്‍ 46,387 രോഗികളാണ് ഉണ്ടായിരുന്നത്. 21-ാം തിയതി അല്‍പം കുറവ് രേഖപ്പെടുത്തിയപ്പോള്‍ രോഗികള്‍ 41,668 പേരായിരുന്നു. 22 -ാം തിയതി രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ച്  45,136 എത്തി. അതേ സമയം ഇന്നലെ 70 പേരുടെ മരണവും രേഖപ്പെടുത്തി. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ ജില്ലയില്‍ 7430 പേരാണ് പോസറ്റീവായത്. തൃശ്ശൂര്‍ ജില്ലയില്‍ ഇന്നലെ 5,120 പേര്‍ പോസറ്റീവായി. എന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടന്നത് 145 വിവാഹങ്ങള്‍.  രജിസ്റ്റര്‍ ചെയ്തിരുന്ന 162 വിവാഹങ്ങളില്‍ വെറും 17 എണ്ണമാണ് റദ്ദാക്കിയത്. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന  സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.

പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവക്ക്  ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകും.

അതേ സമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തി. നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവ‍ർ ക്ലിനിക്കും സ‍ജ്ജമാക്കിയിട്ടുണ്ട്. 

രാജ്യത്ത് ഒമിക്രോണിന്‍റെ (Omicron) സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ജെനോം സീക്വൻസിങ് കൺസോർഷ്യത്തിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയുന്നതായാണ് സൂചനയെന്നും റിപ്പോര്‍ട്ടുണ്ട്. 

നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മുംബൈ, ദില്ലി, ചെന്നൈ, കൊൽക്കത്ത എന്നീ നാല് നഗരങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം പരമാവധിയിൽ എത്തി കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമായിരുന്നു മുംബൈ. ഇവിടുത്തെ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പരിശോധിച്ചാൽ കൊവിഡ് വ്യാപനത്തിലെ കുറവ് വ്യക്തമാണ്. 

ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും സ്ഥിതി സമാനം. ബെംഗളൂരു, പുണെ, അഹ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ കഴിഞ്ഞ ആഴ്ച്ച കൊവിഡ് കണക്ക് കുത്തനെ ഉയർന്ന ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി. നിലവിൽ നഗരങ്ങളിലുള്ളതിനേക്കാൾ രോഗികൾ ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമാണ്. കൊവിഡ് പ്രതിദിന കണക്കിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവുണ്ടായി. 3,33,533 പേർക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 17.78 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ രോഗികളുടെ എണ്ണം 11,000 ആയി കുറഞ്ഞു. 

പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ആശങ്ക കൂട്ടുന്നു. കൊവിഡ് മരണ സംഖ്യയിലെ വർധന തുടരുകയാണ്. 525 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും കൂടിയ മരണകണക്കാണ് ഇത്. കൊവിഡ് ബാധിക്കുന്നവരിൽ ഓക്സിജന്‍റെ ആവശ്യം കൂടി വരുന്നതായും കണക്കുകള്‍ കാണിക്കുന്നു. ജനുവരി എട്ടിന് ശേഷം ഓക്സിജന്‍റെ ഉപയോഗം കൂടിയെന്നാണ് കണക്ക്. 1600 മെട്രിക് ടൺ ഓക്സിജൻ വരെയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്.

മഹാരാഷ്ട്രയിലും കർണാടകയിലും 40,000 ന് മുകളിൽ ആണ് പ്രതിദിന രോഗികൾ.കേരളം, ഗുജറാത്ത്,കർണ്ണാടക, ആന്ധ്ര പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി. തമിഴ്നാട്ടിലും ഇന്ന് (23.1.'22) സമ്പൂർണ ലോക് ഡൗൺ ആണ്.

അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ദീർഘ ദൂര തീവണ്ടികൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി പത്ത് വരെ ആഹാര വിതരണത്തിന് അനുമതിയുണ്ട്. ഓൺലൈൻ ആഹാര വിതരണ ശൃംഗലയിലെ ജീവനക്കാർക്കും പ്രവർത്തനാനുമതിയുണ്ട്. 

click me!