Markaz Knowledge City: തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

First Published Jan 18, 2022, 4:25 PM IST

കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍. 

അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. കെട്ടിടത്തിന്‍റെ നിർമാണം അനുമതിയോടെ തന്നെയാണെന്നും മർകസ് അധികൃതർ അറിയിച്ചു.

എന്നാല്‍, കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പ്രഥമിക പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അലക്സ് തോമസ് പറഞ്ഞു. 

കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന നടപടി ഇതുവരെ പൂര്‍ത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞത്. എന്നാല്‍ തകര്‍ന്ന് വീണ കെട്ടിടം രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകര്‍ന്ന് വീണത്. അനുമതിയില്ലാതെയായിരുന്നു ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണം. 

മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് ആ പ്രദേശത്ത് വിഭാനം ചെയ്തിരുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍, സ്കൂള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായുള്ള കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മാണത്തിലുള്ളത്. 

പള്ളിയുടെ നിര്‍മ്മാണം നേരത്തെ കഴിഞ്ഞിരുന്നു. തകര്‍ന്ന് വീണ കെട്ടിടം 'ഹില്‍സിനായി'  എന്ന സ്കൂള്‍ കെട്ടിടമായിരുന്നെന്നാണ് ലഭ്യമായ വിവരം. നേരത്തെ ഒരു റബര്‍ എസ്റ്റേറ്റായിരുന്ന പ്രദേശം വെട്ടിവെളിപ്പിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

റബര്‍ ഏസ്റ്റേറ്റില്‍ ഇത്തരത്തില്‍ വലിയൊരു നഗരം തന്നെ നിര്‍മ്മാക്കാനായി സര്‍ക്കാറില്‍ നിന്ന് വിവിധ അനുമതികള്‍ വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുമതിയും മര്‍ക്കസ് നോളജ് സിറ്റിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ട് പഞ്ചായത്തിലാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ഭൂമിയുള്ളത്. ചില പദ്ധതികള്‍ക്ക് അനുമതിയുണ്ടെങ്കില്‍ മറ്റ് ചിലതിനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  തകര്‍ന്ന് വീണ 'ഹില്‍സിനായി' എന്ന പേരിലുള്ള സ്കൂള്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ പണികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. 

രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് നടപടികള്‍ നടക്കുന്നതിനിടെ, കോണ്‍ക്രീറ്റ് താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തെന്നിമാറി അപകടമുണ്ടായത്. കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും താഴേക്ക് വീണു. താഴെ വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

അപകടം സംഭവിക്കുമ്പോള്‍ 59 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. 29 പേര്‍ ഈ കെട്ടിടത്തിന്‍റെ പണിയിലേര്‍പ്പെട്ടവരായിരുന്നു. ഇതില്‍ 15 പേര്‍ അപകടം സംഭവിക്കുമ്പോള്‍ കെട്ടിടത്തിന്‍റെ ഉള്ളിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. 

മൊത്തം 23 പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റു. പരിക്കേറ്റവരില്‍ കെട്ടിടനിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന സൈറ്റ് എഞ്ചിനീയറായ സ്ത്രീയും ഉണ്ടെന്നാണ് ലഭ്യമായ വിവരം. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും ഇതരസംസ്ഥാന തൊഴിലാളികളാണ്. 

പൊലീസും നാട്ടുകാരും അഗ്നിശമനസേനയും എത്തിയാണ് പരിക്കേറ്റവരെ രക്ഷിച്ചത്. പരിക്കേറ്റവരെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലും അവിടെ നിന്ന് ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റാന്‍ പറ്റിയത് വലിയൊരു ദുരന്തം ഒഴിവാക്കി. 

ലിമോട്ടെക്സ് എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും തങ്ങള്‍ നേരിട്ടല്ല നിര്‍മ്മാണമെന്നും തങ്ങള്‍ നേരിട്ടല്ല നിര്‍മ്മാണമെന്നും നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, നോളജ് സിറ്റി നിര്‍മ്മാണം അനധികൃതമാണെന്ന് നേരത്തെ നിരവധി പരാതികളുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല. 

കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന പഞ്ചായത്ത് പോലും രണ്ടാം നിലയുടെ നിര്‍മ്മാണം നടക്കവേ അപകടമുണ്ടായപ്പോഴാണ് അനധികൃത നിര്‍മ്മാണമാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയത്. 

click me!