ഗള്‍ഫ് മലയാളികളുടെ നോമ്പുതുറയെ ബാധിക്കുമോ? കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, നഷ്‌ടം കോടികളുടേത്

Published : Mar 05, 2026, 11:45 AM IST

പശ്ചിമേഷ്യൻ സംഘർഷം കാരണം കേരളത്തിൽ നിന്നുള്ള ഗൾഫ് കയറ്റുമതി പൂർണമായും നിലച്ചു. വ്യോമ, സമുദ്ര ഗതാഗതം തടസ്സപ്പെട്ടതോടെ പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി മുടങ്ങുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.

PREV
15

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം കനത്തതോടെ ഗള്‍ഫ് നാടുകളിലെ കയറ്റുമതി, ഇറക്കുമതി മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. വ്യോമഗതാഗതം നിശ്ചലമായതോടെ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയും പ്രതിസന്ധിയിലായി. നോമ്പ് കാലമായതിനാല്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വലിയ ഡിമാന്‍ഡായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലുണ്ടായിരുന്നത്.

25

എന്നാല്‍ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി ഏതാണ്ട് പൂർണമായും നിലച്ച സാഹചര്യമാണ് നിലവിലുള്ളത്. കോടികളുടെ രൂപയുടെ നഷ്‌ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയത് പ്രതിസന്ധിയുടെ ആഘാതം കൂട്ടി.

35

റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളംതെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല. 150 ടൺ പഴം, പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്‍റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായി വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഒരു ടൺ പോലും കയറ്റുമതി കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല.

45

കേരളത്തില്‍ നിന്ന് ഗൾഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്. പഴം, പച്ചക്കറി കയറ്റുമതി മുടങ്ങിയത് വലിയ നഷ്‌ടമാണെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. നിലവിൽ ഒമാനിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടക്കുന്നത്. അതിൽ തന്നെ വിമാന കമ്പനികൾ സാധാരണ കാർഗോ നിരക്കിന്‍റെ മൂന്നിരട്ടി കയറ്റുമതിക്കാരില്‍ നിന്ന് ഈടാക്കുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധി നീണ്ടുനിന്നാൽ കേരളത്തിലെ പഴം, പച്ചക്കറി കർഷകർക്കും കയറ്റുമതിക്കാർക്കും ഇനിയും വലിയ നഷ്‌ടം നേരിടേണ്ടി വരും. മത്സ്യ കയറ്റുമതിയും സമാന ഭീഷണിയിലാണ്.

55

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇറാനുമായി ഇസ്രയേലും യുഎസും ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇനിയും ദിവസങ്ങളോളം തുടരാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഇസ്രയേല്‍-യുഎസ് ആക്രമണത്തിനുള്ള മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലുള്ള യുഎസ് സൈനിക ക്യാമ്പുകളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ച് തുടങ്ങിയതോടെയാണ് ഈ മേഖലയിലേക്കുള്ള വ്യോമഗതാഗതം പ്രതിസന്ധിയിലായത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് മേഖലയിലെ പ്രതിസന്ധി ഗുരുതരമാക്കി.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories