
എന്റെ വീടിന് അടുത്ത് താമസിച്ചിരുന്ന ഒരു രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ഒരു കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. അദ്ദേഹവുമായി എല്ലാ ദിവസവും ഞാൻ രാഷ്ട്രീയം പറയുമായിരുന്നു. അല്പം തർക്കുകയും ഒക്കെ ചെയ്യുന്ന സ്വഭാവം എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ ആ ഒരു തർക്കങ്ങളിൽ നിന്നു പോലും എനിക്ക് ഇടതുപക്ഷത്തോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ സ്ഥിരമായി നടക്കാറുണ്ടായിരുന്നു. അന്ന് കുട്ടികളായിരുന്ന ഞങ്ങളൊക്കെ പരിഷിത്തിന്‍റെ ക്ലാസുകളില്‍ പങ്കെടുക്കുകയും യൂറേക്ക പോലെയുള്ള പരീക്ഷകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്ര വിഷയങ്ങളിലൊക്കെ താല്‍പര്യം ഉണ്ടായിരുന്നു എന്നതിനാല്‍ ഞാന്‍ അത്തരം പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. അങ്ങനെ ശാസ്ത്ര സാഹത്യ പരിഷത്തിനോട് തോന്നിയ താല്പര്യം ഒരു ഇടതുപക്ഷക്കാരനോട്, ഒരു ഇടതുപക്ഷത്തോട് തോന്നാവുന്ന ഒരു അഭിനിവേശം ഉണ്ടാക്കിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ഒരു സാഹചര്യവും ഉണ്ടായി. രാജ്യത്ത് 90കളുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അന്ന് ഇന്ത്യയുടെ പ്രതീക്ഷയായി മാധ്യമങ്ങളടക്കം അവതരിപ്പിച്ച നേത്യത്വമായിരുന്നു അടല്‍ ബിഹാരി വാജ്പേയുടേത്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും മറ്റും കേട്ട് വലിയ താല്പര്യം തോന്നി. അങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയത്.
പല വിഷയങ്ങളും വരുന്ന സമയത്ത് ഏത് നിലപാട് എടുക്കണം എന്ന് സംബന്ധിച്ചൊക്കെ വലിയ പ്രയാസം ബിജെപിക്കകത്ത് ഉണ്ടാവാറുണ്ടായിരുന്നു. പലപ്പോഴും പാർട്ടിയുടെ ഭാഗമായി സ്വീകരിക്കേണ്ടി വരുന്ന നിലപാടുകൾ എനിക്ക് വലിയ വിഷമം ഉണ്ടായിട്ടുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ സങ്കടപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി പോലുള്ള പാർട്ടിക്ക് അകത്ത് നിന്ന് പ്രവർത്തിക്കുന്ന സമയത്ത് ഒരു പൊതുപ്രവർത്തകന്‍ എന്ന നിലയ്ക്ക് മുന്നോട്ട് പോകുന്ന സമയത്ത് നമുക്കത് എപ്പോഴും തുറന്നു പറയാനോ ഒന്നും പറ്റാത്ത സാഹചര്യവും പാർട്ടിക്കകത്ത് ചർച്ച ചെയ്യാനോ പാർട്ടിക്കകത്ത് അഭിപ്രായം പറയാനോ കഴിയാത്ത ഒരു സാഹചര്യവുമുണ്ടായിരുന്നു. ഒരു ജനാധിപത്യപരമായിട്ടുള്ള ഒരു സ്പേസ് ബിജെപിക്ക് അകത്തില്ല. ബിജെപിക്ക് അകത്ത് അത്തരം ചർച്ചകൾക്ക് പ്രാധാന്യമില്ല, പ്രസക്തിയില്ല. അവിടെ ഒരു കേന്ദ്രത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഉത്തരവുകൾ യാന്ത്രികമായിട്ട് നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള, വിധിക്കപ്പെട്ടിട്ടുള്ള ആളുകൾ മാത്രമാണ് അതിലുള്ള ഭാരവാഹികൾ എന്ന് പറയുന്നവർ.
പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അകത്ത് ചർച്ച ചെയ്യാമായിരുന്നില്ലേ എന്ന് നിഷ്കളങ്കരായിട്ടുള്ള ബിജെപി പ്രവർത്തകർ ചോദിക്കാറുണ്ട്. പക്ഷേ അവർക്കറിയില്ല, ബിജെപിയുടെ ഉന്നത തലങ്ങളിൽ എവിടെയും അത്ര ജനാധിപത്യപരമായ ചർച്ചയ്ക്ക് ഒരു സ്പേസില്ല എന്നോ ഇത്തരം തീരുമാനങ്ങളൊക്കെ ഏകപക്ഷീയമായിട്ട് എടുക്കപ്പെടുകയാണെന്നൊന്നും അറിയാത്തവരാണ് അവർ. അവര് നിഷ്കളങ്കരാണ്. അതുകൊണ്ടാണ് അവര് പലപ്പോഴും അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിൽക്കേണ്ടി വരുന്നതിൽ ജാള്യതയും പ്രയാസവും ഒക്കെ എനിക്കുണ്ടായിരുന്നു. പക്ഷേ നമുക്ക് എന്ത് പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിലും പലപ്പോഴും നമ്മൾ അത്തരം സ്ഥലങ്ങളിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്യാൻ വേണ്ടി ശ്രമിക്കും. നമ്മൾ ഒരു നിലപാട് എടുത്തു പോയല്ലോ. ആ നിലപാട് എടുത്തു പോയതിന്‍റെ പേരിൽ നമ്മൾ അവിടെ തന്നെ നിലനിൽക്കാൻ വേണ്ടി പരമാവധി ശ്രമിക്കും. പക്ഷേ ഒരു പ്രത്യേക ഘട്ടം വന്നപ്പോള്‍ ഇത്തരം പ്രയാസങ്ങളൊക്കെ മനസ്സിലുള്ള ഒരാൾ എന്നുള്ള നിലയ്ക്ക് ഒരു പ്രത്യേക ഘട്ടത്തിൽ, അതായത് ഒരു വിഷയം പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോള്‍ ദിസ് ഈസ് ദ റൈറ്റ് ടൈം ടു ലീവ് എന്ന് തോന്നി. എന്ത് ചെയ്യണം എന്ന് സംബന്ധിച്ച് ആശങ്കയും ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു ദിവസം മൗനം പാലിക്കുകയും പിന്നീട് സംഘടന വിട്ടു പോകാൻ സമയമായി എന്ന് തീരുമാനിക്കുകയും ഇറങ്ങുകയുമാണ് ചെയ്തത്.
ഞാൻ കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്നിട്ടുള്ളത് സ്വതന്ത്രമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിച്ചു കൊണ്ടും പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഒരു പ്ലാറ്റ്ഫോം എന്നുള്ള നിലയ്ക്കും മതനിരപേക്ഷമായിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആഗ്രഹിച്ചുകൊണ്ടുമാണ്. അത് എനിക്ക് കോൺഗ്രസ് പാർട്ടി പ്രൊവൈഡ് ചെയ്തിട്ടുമുണ്ട്. എന്നെ കെപിസിസി ജനറൽ സെക്രട്ടറിയാക്കി. അതിലപ്പുറം എന്റെ സേവനം പാർലമെന്ററി രംഗത്ത് ആവശ്യമുണ്ടോ എന്നുള്ളത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വമാണ്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം എനില്‍ നിന്ന് ആവശ്യപ്പെടുന്നത് പാർലമെൻട്രി രംഗത്തുള്ള പ്രവർത്തനം ആണെങ്കിൽ തീർച്ചയായിട്ടും ഞാൻ ആ പാർട്ടി പറയുന്നത് കേൾക്കും. അതല്ല പാർട്ടി സംഘടന രംഗത്താണ് എന്നെ പ്രതീക്ഷിക്കുന്നതെങ്കിൽ തീർച്ചയായിട്ടും ആ സംഘടന രംഗത്ത് മുന്നോട്ട് പ്രവർത്തിച്ചു കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഏതെങ്കിലും ഒരു പ്രത്യേക സീറ്റ് എന്ന രീതിയില്‍ ആഗ്രഹിക്കുകയോ അത് സംബന്ധിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലൊരു കമ്മ്യൂണിക്കേഷൻ പാർട്ടി നേതൃത്വവുമായി നടത്തുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ മത്സരിക്കണം എന്ന് പാർട്ടി തീരുമാനിക്കുകയാണെങ്കിൽ അത് കേരളത്തിൽ എവിടെയാണെങ്കിലും പാർട്ടിയുടെ തീരുമാനപ്രകാരമുള്ള സീറ്റിൽ മത്സരിക്കാൻ തീർച്ചയായിട്ടും ഞാൻ സന്നദ്ധനാവും.
ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരു അടിസ്ഥാനത്തിലാണല്ലോ യുഡിഎഫ് 80 സീറ്റ് വരെ നേടുമെന്ന് കേള്‍ക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരത്തിന്റെ ഒരു ഭാഗികമായിട്ടുള്ള പ്രതികരണം മാത്രമാണ് ജനങ്ങൾ നടത്തിയിട്ടുണ്ടാവുക. പൂർണ്ണാർത്ഥത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ഒരു ജനവികാരം അരയടിക്കാൻ പോകുന്നത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ്. അതുകൊണ്ട് തന്നെ ഈ 80-ൽ നിന്നും തീർച്ചയായിട്ടും നമ്പർ ഉയരും. അത് നൂറിലധികം സീറ്റുകളുമായിട്ട് യുഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ശക്തമായിട്ടുള്ള യുഡിഎഫ് തരംഗം സംസ്ഥാനത്തുണ്ട്. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ടാകും.
ശബരിമല സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസിലേക്ക് നടന്ന സമരത്തിൽ പങ്കെടുത്ത് 10 ദിവസം ജയിലിൽ കിടന്ന ആളാണ് ഞാൻ. കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ ഹൃദയവികാരത്തെ വല്ലാതെ വ്രിണപ്പെടുത്തിയിട്ടുള്ള ഒരു സംഭവമാണ് ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം. ഭക്തർ കാണിക്കയായി സമർപ്പിച്ചിട്ടുള്ള സ്വർണ്ണമടക്കമുള്ള അമൂല്യ വസ്തുക്കളൊക്കെ ശബരിമലയിൽ നിന്ന് കൊള്ള ചെയ്യപ്പെടുന്നു എന്നുള്ള ഒരു വിവരം വാസ്തവത്തിൽ വല്ലാതെ ഭക്തരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്, വിഷമത്തിലാക്കിയിട്ടുണ്ട്. അതിന് സിപിഎമ്മിന്റെ നേതാക്കൾ നേതൃത്വം കൊടുത്തു എന്നുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇത് ഒരിക്കലും സർക്കാരിന്റെ ഏതെങ്കിലും ഏജൻസി അന്വേഷിച്ച് കണ്ടെത്തിയതല്ല. മറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഒരു ഇടപെടലോട് കൂടിയിട്ടാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്നതും ഇതിന്റെ വസ്തുതകൾ പുറത്തുവരുന്ന സാഹചര്യം ഉണ്ടായതും തുടര്‍ന്ന് പലരെയും ചോദ്യം ചെയ്തതും പലരും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതും. അതിനാല്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ കേസില്‍ സർക്കാരിൽ നിന്നൊരു കനത്ത സമ്മർദ്ദം എസ്ഐടിയുടെ മേൽ ഉണ്ടോയെന്നും ഞങ്ങള്‍ സംശയിക്കുന്നു. ശരിക്കും ഇത് അന്വേഷിക്കേണ്ടത് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര അന്വേഷണ ഏജൻസിയാണ്. അതാണ് യുഡിഎഫിന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. അതിലേക്കാണ് കാര്യങ്ങൾ പോകുന്നതും.
പൊതുവേ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാവുകയും അസംബ്ലി ഒക്കെ വരുന്ന സമയത്ത് യുഡിഎഫ് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നതുമാണ് കേരളത്തിന്റെ ഒരു പൊളിറ്റിക്കൽ പാറ്റേൺ എന്ന് പറയുന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ ഓർഗനൈസേഷണൽ ആയിട്ടുള്ള അവരുടെ അപ്പർ ഹാൻഡിനെ പരിപൂർണ്ണമായും ഇല്ലാതാക്കിയ ഒരു തെരഞ്ഞെടുപ്പ് റിസൾട്ട് ആണ് വന്നിട്ടുള്ളത്. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം യുഡിഎഫ് വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കേരളത്തിലെ കോർപ്പറേഷനുകൾ ചരിത്രത്തിൽ ആദ്യമായിട്ട് നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം എന്ന് പറയുന്നത് കൊല്ലം കോർപ്പറേഷന്റെ മാറ്റമാണ്. അത് വല്ലാത്ത ആവേശം ഞങ്ങളില്‍ സൃഷ്ടിക്കുന്നുണ്ട്. പിന്നെ മറ്റൊന്ന് കോഴിക്കോട് അധികാരത്തിൽ എത്താൻ പറ്റിയിട്ടില്ലെങ്കിൽ പോലും യുഡിഎഫ് നടത്തിയിട്ടുള്ള മുന്നേറ്റവും സമാനതകളില്ലാത്ത മുന്നേറ്റമാണ്. വളരെ ചെറിയ ഒരു വോട്ടിനാണ് കോഴിക്കോട് കോർപ്പറേഷൻ നഷ്ടപ്പെടുന്നത്. കോഴിക്കോട് കോർപ്പറേഷൻ കൂടി എൽഡിഎഫിന് കിട്ടിയിരുന്നില്ലായിരുന്നെങ്കിൽ അവർക്ക് നാണം മറയ്ക്കാൻ ഒരു കോർപ്പറേഷൻ പോലും കേരളത്തിൽ ബാക്കിയുണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്നത് കണക്കുകളിലെ ആത്മവിശ്വാസത്തിലുപരി സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായിട്ടുള്ള വലിയ ജനവികാരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam