മഴയില്‍ ഇടിഞ്ഞ് താഴ്ന്ന് സത്രം എയർ സ്ട്രിപ്പ്; ഇടുക്കിയില്‍ വിമാനമിറങ്ങാന്‍ സമയമെടുക്കും

First Published Jul 18, 2022, 12:47 PM IST

കേരളത്തിന്‍റെ അഭിമാന പദ്ധതിയെന്ന ഖ്യാതിയോടെയും രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ചതെന്ന പ്രത്യേകതയോടെയും കൊട്ടിഘോഷിക്കപ്പെട്ട ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിലെ റണ്‍വേ ഉപയോഗിക്കാന്‍ ഇനിയും കാലങ്ങളെടുക്കും. അഭിമാന പദ്ധതിയെന്ന് ഉദ്ഘോഷിച്ചപ്പോഴും നിര്‍മ്മാണത്തിലെ അപാകതയാണ് പദ്ധതി വൈകാന്‍ തടസമായിരിക്കുന്നത്. ഇത് മൂലം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നു. ഈ ഭാഗം കെട്ടിയുയര്‍ത്താതെ ഇനി റണ്‍വേ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി കോടികള്‍ തന്നെ വേണ്ടിവരുമെന്നതാണ് യാഥാര്‍ത്ഥ്യം. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

ഇടുക്കി ജില്ലയുടെ വികസകുതിപ്പിന് കരുത്തേകാനും അതോടൊപ്പം വര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്താനുള്ള പരിശീലനത്തിനുമായാണ് എയര്‍സ്ട്രിപ്പിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മിലുണ്ടായ നിസഹകരണം മൂലം പദ്ധതി പലപ്പോഴും തടസങ്ങളെ നേരിട്ടിരുന്നു.

2017 ല്‍ റവന്യൂ വകുപ്പ് വിട്ട് നല്‍കിയ 12 ഏക്കര്‍ ഭൂമിയിലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചത്. പദ്ധതി നടത്തിപ്പിനായി ഇതുവരെയായി 12 കോടിയോളം രൂപ ഇതിനകം ചെലവിട്ട് കഴിഞ്ഞു.  എന്നാല്‍ എയര്‍സ്ട്രിപ്പിന് 650 മീറ്റര്‍ നീളം പോരെന്നും 1000 മീറ്ററായി ഉയര്‍ത്തണമെന്നും ഇതിനായി വനം ഭൂമി വിട്ട് നല്‍കണമെന്നും എന്‍സിസി നേതൃത്വം അറിയിച്ചിരുന്നു. ഇതിനാവശ്യമായ ഭൂമി വിട്ട് നല്‍കാന്‍ വനം വകുപ്പ് തയ്യാറായില്ല.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എയര്‍സ്ട്രിപ്പിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ പദ്ധതി ഇനിയും നീളുമെന്ന് ഉറപ്പായി.  എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം മണ്ണൊലിപ്പില്‍ ഒലിച്ചു പോയി. നിർമ്മാണത്തില അപാകതയാണ് എയര്‍ സ്ട്രിപ്പിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായത്. 

റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകർന്നു. നൂറു മീറ്ററിലധികം നീളത്തൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് അടക്കമുള്ള മണ്ണ് ഇടിഞ്ഞ് താണത്. ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. 

കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് ആവശ്യമായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത്താണ് മണ്ണിടിച്ചിലിന് പ്രധാന കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. അപ്പോള്‍ മണ്ണിടിച്ചില്‍ തടയുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല.  ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. 

നിര്‍മ്മാണത്തിലെ ഈ ഗുരുതരവീഴ്ചയെ തുടര്‍ന്ന് ശക്തമായ മഴയില്‍ റൺവേയുടെ ഒരു ഭാഗത്ത് വൻതോതിൽ  വെള്ളം കെട്ടിക്കിടന്നു. പുതുതായി കുന്നിടിച്ച് നിര്‍മ്മാണം നടത്തിയ പ്രദേശത്ത് വലിയതോതില്‍ വെള്ളം കെട്ടിനിന്നതോടെ എയര്‍സ്ട്രിപ്പിന് സമാന്തരമായി വലിയൊരു വിള്ളല്‍ രൂപപ്പെട്ടു. ഇത് തടയാൻ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ശ്രമിച്ചിരുന്നു. 

എന്നാല്‍, ഇത് കണ്ണില്‍പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു. കാരണം ഈ പ്രദേശത്ത് തന്നെയാണ് ഇപ്പോള്‍ കുന്നിടിഞ്ഞ് താഴ്ന്നതും. ഈ ഭാഗത്ത് മറ്റൊരു വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.  അടുത്ത മഴയിൽ ഈ വിള്ളലും ഇടിഞ്ഞ് വീഴാമെന്ന് നാട്ടുകാര്‍ പറയുന്നു. 

കുന്നിടിച്ചുണ്ടാക്കിയ പ്രദേശത്തെ മണ്ണൊലിപ്പ് തടയാനായി ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ല് നട്ടു പിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു. ഇതിനാവശ്യമായ തുക എൻസിസി, പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നതാണ്. എന്നാൽ, വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്‍റെ അലംഭാവം മൂലം പണികളൊന്നും നടന്നില്ല. 

ഫലത്തിൽ 12 കോടി രൂപ മുടക്കി എൻസിസിക്കായി നിർമ്മിച്ച റൺവേയിൽ അടുത്ത കാലത്തൊന്നും  വിമാനമിറങ്ങില്ലെന്ന് ഉറപ്പായി. ഈ അധ്യയന വർഷം തങ്ങളുടെ കേഡറ്റുകൾക്ക് ഇവിടെ പരിശീലനം നൽകാനുള്ള നടപടിയുമായി എൻസിസി മുന്നോട്ട് പോകുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 

ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെങ്കിൽ തന്നെ കോടികൾ ചെലവഴിക്കേണ്ടി വരും. ഒപ്പം പണി പൂര്‍ത്തിയാക്കാന്‍ മാസങ്ങളും വേണ്ടിവരും. നിലവിൽ 650 മീറ്റർ റൺവേയാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് തവണ ഇവിടെ വിമാനമിറക്കാൻ ശ്രമം നടത്തിയിരുന്നു. രണ്ട് തവണയും പരാജയമായിരുന്നു. 

എയര്‍ട്രിപ്പിന് സമീപത്തെ മണ്‍തിട്ട പൈലറ്റിന്‍റെ കാഴ്ച മറയ്ക്കുമെന്നും ഇത് മാറ്റണമെന്നും എന്‍സിസി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ഒരു വശത്തെ മണ്ണിടിഞ്ഞ് താഴ്ന്നത്. 

സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയെന്ന് വാഴ്ത്തുമ്പോഴും സംസ്ഥാനത്തെ വിവിധ വകുപ്പികള്‍ തമ്മിള്ള ഏകോപനമില്ലായ്മയുടെയും പൊരുമാരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുടെയും മറ്റൊരു സ്മാരകമായി ഇടുക്കി  വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പ് മാറുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.  
 

click me!