പേരില്ലാ പെണ്‍ കടുവയില്‍ നിന്ന് 'വൈഗ'യിലേക്ക്; അതിനിടെ ഒരു ഓട്ടത്തിന്‍റെ കഥയും !

First Published Nov 3, 2020, 10:22 AM IST

കൂട് പൊളിച്ച് ചാടിയാലെന്താ, അവള്‍ക്കിന്നൊരു പേരുണ്ട് വൈഗ ! വരൂ, വൈഗയുടെ കഥ കേള്‍ക്കാം. മൂന്ന് മാസത്തോളം സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചെതലയം റെയ്ഞ്ചിൽ വരുന്ന ചീയമ്പം 73 ആദിവാസി കോളനിയിലും, ആനപ്പന്തി, ചെട്ടി പാമ്പ്ര, തുടങ്ങിയ സ്ഥലങ്ങളെയും വിറപ്പിച്ച പത്ത് വയസ്സുള്ള പെൺ കടുവയെ ഒടുവില്‍ വനം വകുപ്പ് പിടികൂടി. വനം വകുപ്പിന്‍റെ വലയില്‍ വീഴും മുമ്പ് 12 വളര്‍ത്ത് മൃഗങ്ങളെ കടുവ തീര്‍ത്തിരുന്നു. ഒരു യുവാവിനും കടുവയുടെ അക്രമണത്തില്‍ പരിക്കേറ്റിരുന്നു. ജനരോഷം ശമിപ്പിക്കാന്‍ കടുവയെ പിടി കൂടിയ വനം വകുപ്പ് പക്ഷേ പുലിവാല് പിടിച്ചത് പിന്നീടാണ്. കടുവയെ എവിടെ ഉപേക്ഷിക്കണമെന്നകാര്യത്തിലായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് നാലുദിവസം ഇരുളത്തെ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്തെ കൂട്ടില്‍ ബന്ധിതനായി കടുവ കിടന്നു. വയനാട്ടിലെവിടെ തുറന്ന് വിട്ടാലും ജനങ്ങള്‍ വനം വകുപ്പിനെതിരെ തിരിയുമെന്നതായിരുന്നു പ്രശ്നം. 

എന്നാല്‍, അതിനിടെ കുടവ അത്രയ്ക്ക് അങ്ങ് ആരോഗ്യവാനല്ലെന്ന് വനംവകുപ്പ് സീനിയർ വെറ്റിനററി സർജന്‍റെ അറിയിപ്പ് വന്നു. കടുവയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്. പല്ലു പോയതിനാൽ ഇര തേടാൻ ബുദ്ധിമുട്ടും നേരിടുന്നെന്ന് വെറ്റിനററി സർജന്‍ സാക്ഷ്യപ്പെടുത്തി.
undefined
ഇതോടെയാണ് കടുവയ്ക്ക് നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്കുള്ള വഴി തുറന്നത്. വയനാട് വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തില്‍ കഴിഞ്ഞ 25 നാണ് പത്ത് വയസ്സുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്.
undefined
നെയ്യാർ സിംഹസഫാരി പാർക്കിലെ പ്രത്യേകം തയ്യാറാക്കിയ ട്രീറ്റ്മെന്‍റ് കേജ് എന്ന കൂട്ടില്‍ കടുവയ്ക്കായി വനം വകുപ്പ് കരുതിയത് സുഖചികിത്സ. സുഖചികിത്സ കഴിഞ്ഞ് കടുവയെ വയനാട് ആരംഭിക്കുന്ന പുതിയ കടുവാ സാങ്കേതത്തിലേക്ക് മാറ്റാമെന്നായിരുന്നു വനം വകുപ്പിന്‍റെ കണക്കുകൂട്ടല്‍.
undefined
പക്ഷേ അവിടെയും വനം വകുപ്പ് അകപ്പെട്ടു. വനം വകുപ്പിന്‍റെ സുഖ ചികിത്സ പിടിക്കാഞ്ഞിട്ടോ എന്തോ ട്രീറ്റ്മെന്‍റ് കേജിന്‍റെ മുകള്‍ ഭാഗം പൊളിച്ച് കടുവ തടവ് ചാടി. ഉടനെ അഞ്ചംഗ റാപിഡ് ഫോഴ്സ് സംഘം കര്‍മ്മനിരതരായി.
undefined
കടുവയെ പാര്‍ക്കിന്‍റെ പല ഭാഗത്തായി കണ്ടെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. ആടിനെ കെട്ടിയിട്ട് കൂട്ടില്‍ കേറ്റാന്‍ നോക്കിയെങ്കിലും കടുവ വഴങ്ങിയില്ല. ഒടുവില്‍ വയനാട്ടില്‍ വച്ച് കടുവയെ പിടികൂടിയ ഡോ. അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലേക്ക് വണ്ടി കയറി.
undefined
ഇതിനിടെ പാർക്കിന്‍റെ അതിർത്തിയിൽ ലൈറ്റുകൾ സ്ഥാപിച്ച് രാത്രി മുഴുവൻ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. നെയ്യാർ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ കർശന ജാഗ്രത തുടര്‍ന്നു. ഒടുവില്‍ ഡോ. അരുണ്‍ സക്കറിയ തന്നെ കടുവയെ മയക്ക് വെടി വച്ച് പിടികൂടി.
undefined
കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അരുണ്‍ സക്കറിയ പറഞ്ഞു. അതിനിടെ നെയ്യാര്‍ ഡാമില്‍ കടുവയെ പാര്‍പ്പിച്ചിരുന്ന കൂട് പഴയതായിരുന്നെന്നും കൂടിന്‍റെ മുകള്‍ ഭാഗത്തെ വെൽഡിങ് പൊട്ടിയാണ് കടുവ പുറത്തു കടന്നതെന്നും വനം മന്ത്രി കെ. രാജു വിശദീകരിച്ചു.
undefined
കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ ചികിത്സ നൽകാവുന്ന വിധം ആധുനിക സംവിധാനങ്ങൾ വേണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഉപയോഗിക്കാൻ കഴിയുന്നത് ഒരു കൂട് മാത്രമാണ്. കൂടുതൽ ട്രീറ്റ്മെന്‍റ് കേജുകൾ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
undefined
ബലമുള്ള പുതിയ സംവിധാനം കൊണ്ടുവരും. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ ടൈഗർ റസ്‌ക്യു സെന്‍റര്‍ നിർമിക്കും. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും പുതുതായിയെത്തിയ കടുവയ്ക്ക് 'വൈഗ' എന്നു പേരിട്ടതായും മന്ത്രി അറിയിച്ചു.
undefined
click me!